
ദുബായ്: പഹൽഗാം ഭീകരാക്രമണ വിഷയത്തിൽ ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം വഷളായ പശ്ചാത്തലത്തിൽ എഷ്യ കപ്പിൽ നടത്തിയ 'വെടിവയ്പ് സെലിബ്രേഷനെ' കുറിച്ച് ആൾക്കാർ എന്ത് ചിന്തിക്കുമെന്നത് തനിക്ക് പ്രശ്നമേയല്ലെന്ന് പാകിസ്ഥാൻ ഓപ്പണർ സാഹിബ്‌സാദ ഫർഹാൻ. ആദ്യം ബാറ്റ് ചെയ്ത് ഫിഫ്റ്റി തികച്ച ശേഷം ഫർഹാൻ നടത്തിയ ഗൺ ഷൂട്ടിങ് സെലിബ്രേഷൻ പഹൽഗാം ഇരകളോടുള്ള അനാദരവായാണ് ഇന്ത്യൻ ആരാധകർ കണ്ടത്.
ഞായറാഴ്ച നടന്ന ഏഷ്യ കപ്പ് 2025 സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യക്കെതിരെ 171 റൺസ് എന്ന മാന്യമായ സ്‌കോർ പടുത്തുയർത്താൻ പാകിസ്ഥാൻ ടീമിനെ സഹായിച്ചത് സാഹിബ്‌സാദ ഫർഹാൻ്റെ അർധ സെഞ്ച്വറിയായിരുന്നു. 45 പന്തിൽ നിന്ന് 58 റൺസ് നേടിയ പാകിസ്ഥാൻ്റെ ഈ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയുടെ പന്തിലാണ് പുറത്തായത്.
ശ്രീലങ്കയ്‌ക്കെതിരായ പാകിസ്ഥാൻ്റെ രണ്ടാം സൂപ്പർ ഫോർ മത്സരത്തിന് മുന്നോടിയായ നടന്ന വാർത്താസമ്മേളനത്തിലാണ് ഇന്ത്യക്കെതിരായ ആഘോഷത്തെക്കുറിച്ച് ഫർഹാൻ മാധ്യമങ്ങളോട് മനസ് തുറന്നത്. "ആരും എന്ത് ചിന്തിക്കുന്നു എന്നത് എനിക്ക് പ്രശ്നമല്ല. ഇന്ത്യക്കെതിരെ ഫിഫ്റ്റി നേടിയത് ഞാൻ ആഗ്രഹിച്ച രീതിയിൽ ആഘോഷിച്ചുവെന്ന് മാത്രം. അപ്പോൾ തോന്നിയ പോലെ ചെയ്തുവെന്ന് മാത്രം. സാധാരണ ഞാൻ ഫിഫ്റ്റി നേടിയാൽ ഇത്രയൊന്നും ആഘോഷമാക്കാറില്ല," പാക് ഓപ്പണർ പറഞ്ഞു.
"ആ ആഘോഷം മറ്റുള്ളവർ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. എനിക്ക് അത് പ്രശ്നമല്ല. നിങ്ങൾ എവിടെ കളിച്ചാലും ആക്രമണാത്മക ക്രിക്കറ്റ് കളിക്കണം. അതിന് എതിരാളികൾ ഇന്ത്യ തന്നെ ആയിരിക്കണമെന്നില്ല. ഇന്ന് നമ്മൾ കളിച്ചതു പോലെ എല്ലാ ടീമിനെതിരെയും ആക്രമണാത്മക ക്രിക്കറ്റ് കളിക്കണം," ചോദ്യത്തിന് മറുപടിയായി ഫർഹാൻ പറഞ്ഞു.
"കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഞങ്ങൾക്ക് പവർപ്ലേ ഓവറുകൾ നന്നായി ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതാണ് ഒരു പോരായ്മ. ഞങ്ങൾ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വിട്ടുകൊടുത്തു. പവർപ്ലേ നന്നായി ഉപയോഗിക്കേണ്ടതും വിക്കറ്റുകൾ വിട്ടുകൊടുക്കാതെ സൂക്ഷിക്കേണ്ടതും പ്രധാനമാണ്," സാഹിബ്‌സാദ ഫർഹാൻ പറഞ്ഞു.