കായിക താരങ്ങള്‍ക്കുമേല്‍ അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കുന്നത് നിര്‍ഭാഗ്യകരം, രാഷ്ട്രീയവല്‍ക്കരിക്കരുത്; 'ആസാദ് കശ്മീര്‍' വിവാദത്തില്‍ പ്രതികരിച്ച് സന മിര്‍

പാക് അധീന കശ്മീര്‍ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെയാണ് മുന്‍ പാക് താരം ആസാദ് കശ്മീര്‍ എന്ന് വിളിച്ചത്.
കായിക താരങ്ങള്‍ക്കുമേല്‍ അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കുന്നത് നിര്‍ഭാഗ്യകരം, രാഷ്ട്രീയവല്‍ക്കരിക്കരുത്; 'ആസാദ് കശ്മീര്‍' വിവാദത്തില്‍ പ്രതികരിച്ച് സന മിര്‍
Published on

വനിതാ ലോകകപ്പിനിടെ നടത്തിയ 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ വിവാദം കടുക്കുന്നതിനിടെ പ്രതികരണവുമായി മുന്‍ പാക് താരവും കമന്റേറ്ററുമായ സന മിര്‍. കായിക താരങ്ങള്‍ അനാവശ്യമായ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് സന മിറിന്റെ പ്രതികരണം. താന്‍ വിവാദമുണ്ടാക്കാനായി നടത്തിയ പരാമര്‍ശമല്ലെന്നും നതാലിയ പര്‍വേസ് വരുന്ന സാഹചര്യത്തെയും സ്ഥലത്തെയും പരാമര്‍ശിക്കാനാണ് അക്കാര്യം പറഞ്ഞതെന്നും സന പറഞ്ഞു.

'സ്‌പോര്‍ട്‌സ് താരങ്ങളെ അനാവശ്യ സമ്മര്‍ദത്തിന് ഇരയാക്കുന്നത് നിര്‍ഭാഗ്യകരമാണ്. പൊതുജന താല്‍പ്പര്യാര്‍ഥം ഒരു വിശദീകരണം നല്‍കേണ്ടി വരിക എന്ന് പറയുന്നത് സങ്കടകരമാണ്. പാക് ക്രിക്കറ്ററുടെ വീട് നില്‍ക്കുന്നത് പാകിസ്ഥാനിലെ പ്രത്യേക പ്രദേശത്താണെന്നും അവിടെ നിന്ന് അവര്‍ വരുന്നത് വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടാണ് എന്നും സൂചിപ്പിക്കാന്‍ മാത്രമാണ് അത്തരം ഒരു കമന്റ് ഞാന്‍ പറഞ്ഞത്. കമന്ററി നടത്തുമ്പോള്‍ താരങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്നും ഏത് പ്രദേശത്ത് നിന്നാണ് വരുന്നത് എന്നുമൊക്കെ പ്രതിപാദിക്കാറുണ്ട്. അതിനെ രാഷ്ട്രീയ വല്‍ക്കരിക്കരുത്,' സന മിര്‍ പറഞ്ഞു.

കായിക താരങ്ങള്‍ക്കുമേല്‍ അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കുന്നത് നിര്‍ഭാഗ്യകരം, രാഷ്ട്രീയവല്‍ക്കരിക്കരുത്; 'ആസാദ് കശ്മീര്‍' വിവാദത്തില്‍ പ്രതികരിച്ച് സന മിര്‍
പാക് അധീന കശ്മീരിനെ 'ആസാദ് കശ്മീര്‍' എന്ന് വിളിച്ച് മുന്‍ പാക് താരം; വനിതാ ലോകകപ്പിലും ഇന്ത്യ-പാക് സംഘര്‍ഷം

കമന്റേറ്റര്‍ എന്ന നിലയില്‍ ഗെയിം ഏതാണ്, അവരുടെ ടീം, കളിക്കാര്‍, അവരെക്കുറിച്ചുള്ള കഥകള്‍ എന്നിവയാണ് പറയാറ്. എന്നാല്‍ മറ്റൊരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്താനുള്ള ഉദ്ദേശ്യം തനിക്കില്ലായിരുന്നുവെന്നും സന മിര്‍ പറഞ്ഞു. പിന്നാലെ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ താന്‍ നതാലിയയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച വെബ്‌സൈറ്റിന്റെ ചിത്രവും പങ്കുവെച്ചു. പാക് താരങ്ങളായാലും മറ്റേത് താരങ്ങളായാലും ഇവിടെ നിന്നാണ് താന്‍ കൂടുതലും വിവരങ്ങള്‍ ശേഖരിക്കാറ് എന്നും മുന്‍ പാക് താരം കുറിച്ചു.

ക്രീസിലേക്ക് പാക് താരം നതാലിയ പര്‍വേസ് കടന്നു വരുന്നതിനിടെയാണ് സന മിര്‍ 'ആസാദ് കശ്മീര്‍' പരാമര്‍ശം നടത്തിയത്. നതാലിയ ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ 'ആസാദ് കശ്മീര്‍' ല്‍ നിന്നുള്ള താരം എന്നായിരുന്നു സനയുടെ വിശേഷണം. പാക് അധീന കശ്മീര്‍ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെയാണ് മുന്‍ പാക് താരം ആസാദ് കശ്മീര്‍ എന്ന് വിളിച്ചത്.

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് മത്സരങ്ങളെല്ലാം വിവാദങ്ങളും അസാധാരണ സംഭവങ്ങളുമായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ ലോകകപ്പിലേക്കും ഇന്ത്യ-പാക് സംഘര്‍ഷം ചര്‍ച്ചയാകുന്നത്.

മുന്‍ പാക് താരത്തിന്റെ പരാമര്‍ശം രാഷ്ട്രീയ പ്രേരിതമാണെന്നും ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് ഉദേശ്യമെന്നുമാണ് ഇന്ത്യയില്‍ നിന്നുള്ള ആരാധകരുടെ പ്രതികരണം. ഇതിനിടയില്‍, ഏഷ്യാ കപ്പിനു സമാനമായി വനിതാ ലോകകപ്പിലും പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കില്ല. പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കേണ്ടെന്ന് ബിസിസിഐ ഇന്ത്യന്‍ ടീമിനെ അറിയിച്ചു. ലോകകകപ്പില്‍ ഞായറാഴ്ചയാണ് ഇന്ത്യ-പാക് മത്സരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com