

ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു സാംസണ്‍ ഫോം ആകാൻ എന്തിനാണ് ആരാധകർ എന്നും ആഗ്രഹിക്കുന്നത്? ഒറ്റക്കാര്യം... സഞ്ജു കത്തിക്കയറിയാല്‍ ടീമിന് ജയം ഉറപ്പാണ്. അത് ശരിവയ്ക്കുന്നതാണ് കണക്കുകള്‍. അന്താരാഷ്ട്ര ട്വന്റി-20യില്‍ സഞ്ജു 50 കടന്ന 11 ഇന്നിങ്സുകളിലും ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല. 2022ല്‍ തുടക്കമിട്ട ആ വെടിക്കെട്ട് പ്രകടനം ഏറ്റവും ഒടുവില്‍ അഫ്‌ഗാനിസ്ഥാനെതിരെയും സഞ്ജു തുടർന്നു.
2022ല്‍ അയർലൻഡിനെതിരെ 42 പന്തിൽ സഞ്ജു നേടിയത് 77 റൺസ്. ഇന്ത്യയ്ക്ക് നാല് റൺസിന്റെ ജയം. 2024 സഞ്ജുവിന്റെ വർഷമായിരുന്നു. മൂന്ന് സെഞ്ച്വറികളാണ് ഒറ്റ വർഷം താരം ട്വന്റി-20യില്‍ അടിച്ചെടുത്തത്. സിംബാബ്‌വെക്കെതിരെ ആയിരുന്നു വെടിക്കെട്ടിന് തുടക്കമിട്ടത്. അന്ന് 45 പന്തിൽ 58 റൺസുമായി സഞ്ജുവിന്റെ സെൻസിബിൾ ഇന്നിങ്സ്, ഇന്ത്യൻ ജയം 42 റൺസിന്. പിന്നെ ലോകം കണ്ടത് വേട്ടക്കാരന്റെ വേഷമണിഞ്ഞ സഞ്ജുവിനെ. 47 പന്തിൽ ബംഗ്ലാദേശിനെതിരെ അടിച്ചെടുത്തത് 111 റൺസ്. ഇന്ത്യൻ ജയം 133 റൺസിന്.
പിന്നാലെയായിരുന്നു പ്രോട്ടീസ് വധം. സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് ദക്ഷിണാഫ്രിക്കൻ ബൗളിങ് നിര അറിഞ്ഞു. ആദ്യ ട്വന്റി-20യില്‍ 50 പന്തിൽ 107 റൺസ്. ഇന്ത്യൻ ജയം 61 റൺസിന്. പിന്നെ അവസാന ട്വന്റി-20യില്‍ സഞ്ജുവിൻ്റെ ബാറ്റിന്റെ കരുത്തിൽ ഇന്ത്യക്ക് പരമ്പര. സഞ്ജു അടിച്ചെടുത്തത് 56 പന്തിൽ പുറത്താകാതെ 109 റൺസ്. ഇന്ത്യൻ ജയം 135 റൺസിന്. 2025ൽ ഏഷ്യാകപ്പിലും ആ കൊടുങ്കാറ്റ് തുടര്‍ന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെ 45 പന്തിൽ അടിച്ചെടുത്തത് 56 റൺസ്. ഇന്ത്യൻ ജയം 21 റൺസിന്.
2026ലെ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയത് സഞ്ജുവിന്റെ പ്രകടനമായിരുന്നു. ആദ്യം ടീമില്‍ ഇടമില്ലാതിരുന്ന സഞ്ജു, അവസരം കിട്ടിയപ്പോള്‍ കത്തിക്കയറി, ഇന്ത്യ മിന്നും ജയം സ്വന്തമാക്കി. സെമിയിലേക്ക് എത്തണമെങ്കിൽ വെസ്റ്റ് ഇൻഡീസിനെ തകർക്കണം. അവിടെ ഇന്ത്യക്ക് കരുത്തായത് സഞ്ജു തന്നെ. 50 പന്തിൽ പുറത്താകാതെ നേടിയത് 97 റൺസ്. വിൻഡീസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ സെമിയിലേക്ക്. സെമിയിൽ സഞ്ജുവിന്റെ വെടിക്കെട്ടിൽ ഇന്ത്യ ഏഴ് റൺസിന് ജയിച്ച് ഫൈനലിലെത്തി. അന്ന് സെമിയിൽ ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത് 42 പന്തിൽ 89 റൺസ്. അഹമ്മദാബാദില്‍ നടന്ന ഫൈനലിലും സഞ്ജു കസറി. 46 പന്തിൽ സഞ്ജുവിന്റെ ക്ലാസിക്ക് ഇന്നിങ്സ്. അടിച്ചെടുത്തത് 89 റൺസ്. ഇന്ത്യ 96 റൺസിന് ജയിച്ച് ലോകചാംപ്യൻ പട്ടം നിലനിർത്തി. ടൂർണമെന്റിലെ താരമായതും സഞ്ജു തന്നെ.
ലോകകപ്പിനു ശേഷവും ആ തീപ്പൊരി അടങ്ങിയില്ല. അഫ്‌ഗാനെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ കരിയറിലെ അതിവേഗ അർധസെഞ്ച്വറി സഞ്ജു സ്വന്തമാക്കി. 22 പന്തിൽ 57 റൺസ് അടിച്ചെടുത്ത മത്സരം, ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു. അടുത്ത മത്സരത്തിൽ, സഞ്ജുവിന്റെ സ്മാർട്ട് ഇന്നിങ്സ്. 35 പന്തിൽ 50 റൺസ്. ഇന്ത്യയ്ക്ക് 127 റൺസിന്റെ വമ്പന്‍ ജയം, പരമ്പര. കണക്കുകളില്‍ വ്യക്തമാണ്, സഞ്ജു അമ്പത് കടന്നോ ഇന്ത്യ ജയിച്ചിരിക്കും. ഇനി സഞ്ജുവിന് മുന്നിലുള്ളത് ഏഷ്യൻ ഗെയിംസും വിൻഡീസിനെതിരായ പരമ്പരയുമാണ്. ആരാധകർ കാത്തിരിക്കുന്നതും സഞ്ജുവിന്റെ വെടിക്കെട്ടിനാണ്, ഒപ്പം ഇന്ത്യന്‍ ജയത്തിനും.