

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ആവേശകരമായ കലാശപ്പോരിൽ ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ചതിനെ അവിശ്വസനീയമായ സ്വപ്നസാഫല്യമെന്ന് വിശേഷിപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. 2026ലെ ടി20 ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 80.25 ആവറേജിൽ 321 റൺസാണ് സഞ്ജു നേടിയത്. ഫൈനൽ, സെമി ഫൈനൽ മത്സരങ്ങളിൽ ഉൾപ്പെടെ തുടർച്ചയായ മൂന്ന് അർധസെഞ്ച്വറികൾ നേടിയ സഞ്ജുവിൻ്റെ പ്രകടനം ചരിത്രത്തിലിടം നേടി.
ടി20 ലോകകപ്പ് ഫൈനലിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ എന്ന ലോക റെക്കോർഡിന് ഉടമയായ സഞ്ജു സാംസണെ തേടി ടൂർണമെൻ്റിലെ താരമെന്ന ബഹുമതിയുമെത്തി. എന്നാൽ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരം ജസ്പ്രീത് ബുമ്രയ്ക്കാണ് ലഭിച്ചത്. ഫൈനലിൽ നാലു വിക്കറ്റുകളുമായി ബുമ്ര തിളങ്ങിയിരുന്നു.
"എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. വളരെ, വളരെ സന്തോഷം. ഞാൻ വളരെ നന്ദിയുള്ളവനാണ്. ഈ നേട്ടത്തെ വിവരിക്കാൻ വാക്കുകളില്ല. വിശ്വസിക്കാൻ കഴിയുന്നില്ല. സത്യം പറഞ്ഞാൽ, സർ, ഇതെല്ലാം ആരംഭിച്ചത് ഒന്നോ രണ്ടോ വർഷം മുമ്പാണെന്ന് ഞാൻ കരുതുന്നു. 2024ൽ വെസ്റ്റ് ഇൻഡീസിൽ ലോകകപ്പ് നേടിയ ടീമിനൊപ്പം ഞാൻ ഉണ്ടായിരുന്നപ്പോൾ, എനിക്ക് ഒരു കളിയും കളിക്കാൻ കഴിഞ്ഞില്ല. അന്ന് മുതൽ ലോകകപ്പ് കളിക്കാനായി ഞാൻ വിഷ്വലൈസ് ചെയ്യുന്നുണ്ടായിരുന്നു. അന്നു മുതൽ ഞാൻ സ്വപ്നം കണ്ടുകൊണ്ടിരുന്നു. അതിനായി ഞാൻ കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്നു. അന്ന് ഞാൻ ആഗ്രഹിച്ചത് ഇത് തന്നെയാണ്," സഞ്ജു സാംസൺ പറഞ്ഞു.
"ഈ നേട്ടത്തിലേക്ക് എത്താൻ നന്നായി പ്രവർത്തിക്കണമെന്ന് തോന്നി. എനിക്ക് വളരെയധികം നന്നായി പ്രയത്നിക്കേണ്ടി വന്നു. ദൈവകൃപയാൽ, ഇന്ന് കാര്യങ്ങൾ മാറിമറിഞ്ഞുവെന്ന് ഞാൻ കരുതുന്നു. ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം ഞാൻ പൂർണമായും തകർന്നുപോയി. നടക്കുന്നത് എന്താണെന്ന് ഒന്നും മനസിലായില്ല. എൻ്റെ സ്വപ്നങ്ങൾ തകർന്നുവെന്ന് എനിക്ക് തോന്നി. ഇനി എനിക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുകയെന്നായിരുന്നു ചിന്ത? പക്ഷേ ദൈവത്തിന് വ്യത്യസ്തമായ പദ്ധതികളുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് നിർണായക ഗെയിമുകളിലേക്ക് തിരിച്ചെത്തി. എൻ്റെ രാജ്യത്തിനായി എനിക്ക് കഴിയുന്നത് ഞാൻ ചെയ്തു," സഞ്ജു സാംസൺ പറഞ്ഞു.
"ഇങ്ങനെ സ്വപ്നം കാണാൻ ധൈര്യം ലഭിച്ചതിൽ എനിക്ക് വളരെ അഭിമാനവും സന്തോഷവുമുണ്ട്. വാസ്തവത്തിൽ കാര്യങ്ങൾ എനിക്ക് വളരെ മനോഹരമായി മാറി. ഞാൻ വളരെ നന്ദിയുള്ളവനാണ്," സഞ്ജു മത്സര ശേഷം സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
vs നമീബിയ 22 (8)
vs സിംബാബ്‌വെ 24 (15)
vs വെസ്റ്റ് ഇന്‍ഡീസ് 97 (50)
vs ഇംഗ്ലണ്ട് 89 (42)
vs ന്യൂസിലന്‍ഡ് 89 (46)