

മുംബൈ: ട്വൻ്റി20 ലോകകപ്പിൽ തുടരെ രണ്ട് അർധസെഞ്ച്വറികൾ... രണ്ട് പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ... കരിയറിലെ ഏറ്റവും നിർണായക ഘട്ടത്തിലാണ് സഞ്ജു സാംസൺ. കരിയറിലെ രണ്ടാം ലോകകിരീടം ലക്ഷ്യം വച്ച് ഞായറാഴ്ച ന്യൂസിലൻഡിനെ നേരിടുമ്പോൾ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങൾ സഞ്ജുവിന് ആത്മവിശ്വാസമേകും.
തിരിച്ചുവരവിൽ സഞ്ജു സാംസൺ 150 കോടി ജനതയുടെ പ്രതീക്ഷയാവുകയാണ്. വിശ്വ കിരീടത്തിനായുള്ള നീലപ്പടയുടെ സ്വപ്നക്കുതിപ്പിൽ സഞ്ജുവിൻ്റെ ഇംപാക്ട് വളരെ വലുതാണ്. സൂപ്പർ 8 മത്സരങ്ങളിലൂടെ തിരിച്ചെത്തിയ സഞ്ജു സാംസൺ ടീമിനെ ഒറ്റയ്ക്ക് മുന്നിൽ നിന്ന് നയിക്കുകയാണ്.
മുമ്പും ഇന്ത്യൻ ടീമിനെ ജയിപ്പിക്കുന്ന പ്രകടനങ്ങൾ നടത്താനായിരുന്നു ശ്രമിച്ചുകൊണ്ടിരുന്നതെന്നും സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. "ഞാൻ എപ്പോഴും നന്ദിയുള്ളവനാണ്... ഏതാനും വർഷങ്ങളായി ഞാൻ ഇന്ത്യൻ ടീമിനെ ജയിപ്പിക്കുന്ന പ്രകടനങ്ങൾ നടത്താനായിരുന്നു ശ്രമിച്ചുകൊണ്ടിരുന്നത്. ഇപ്പോഴത്തെ ഈ വിജയം ഏറെ നാളത്തെ ക്ഷമ, ആന്തരികമായ തയ്യാറെടുപ്പുകൾ, ധാരാളം പ്രാക്ടീസ്, ട്രെയ്നിങ് എന്നിവയുടെ ഫലമായുള്ളതാണ്. ലോകകപ്പിൻ്റെ സെമി ഫൈനലിൽ ഞാൻ നന്നായി ടൈമിങ് ചെയ്യുന്നുണ്ടായിരുന്നു. നല്ല തീരുമാനങ്ങളാണ് എടുത്തിരുന്നത്. നിങ്ങൾ ഫോമിലാണെങ്കിൽ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും," സഞ്ജു പറഞ്ഞു.
"ലോകകപ്പിന് മുമ്പുള്ള ഏതാനും മാസക്കാലം തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു. രാജ്യത്തിനായി ചെയ്യാവുന്നതിൻ്റെ പരമാവധി ചെയ്യാനായിരുന്നു ശ്രമം. ന്യൂസിലൻഡ് പര്യടനത്തിൽ ഒരു ഇംപാക്ട് ഉണ്ടാക്കി ലോകകപ്പിലെ പ്ലേയിങ് ഇലവനിൽ ഇടംപിടിക്കുകയായിരുന്നു ലക്ഷ്യം. ക്രിക്കറ്റ് എന്ന ഫോർമാറ്റ് ചിലപ്പോൾ ഫണ്ണി ഗെയിമായി മാറും. ലോകത്തെ മികച്ച താരങ്ങൾ വരെ ഈ ഫോർമാറ്റിൽ സ്കോർ ചെയ്യാൻ ബുദ്ധിമുട്ടുന്നത് കാണാം. ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾക്ക് അതിനെ റെസ്പെക്ട് ചെയ്യുകയേ വഴിയുള്ളൂ. എനിക്ക് അടിസ്ഥാന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക മാത്രമേ ചെയ്യാനാകൂ... മോശം സമയത്തും എന്നെ സ്നേഹിക്കുന്നവരും ആരാധകരും ശക്തമായ പിന്തുണ നൽകി കൂടെ നിന്നിരുന്നു... സമ്മർദ്ദം കുറയ്ക്കാൻ ഞാൻ ഫോൺ, സോഷ്യൽ മീഡിയ ഉപയോഗം പാടെ ഒഴിവാക്കി... കുറച്ച് ആളുകളുമായി മാത്രമേ സംസാരിച്ചിരുന്നുള്ളൂ... അത് ശരിയായ ദിശയിൽ ചിന്തിക്കാൻ എന്നെ സഹായിച്ചു... ഇപ്പോൾ പോകുന്ന രീതിയിൽ ഞാൻ സന്തുഷ്ടനാണ്," സഞ്ജു പറഞ്ഞു.
"97 ഉം 89 ഉം ചെറിയ സ്കോറുകളല്ല.. ഞാൻ സെഞ്ച്വറി പാഴാക്കിയതല്ല... അതൊക്കെ മികച്ച സ്കോറുകളാണ്. രാജ്യത്തിനായി മികച്ച തുടക്കം നൽകാനാണ് ഞാൻ ശ്രമിച്ചത്. പവർപ്ലേയിൽ തന്നെ മാച്ച് ജയിക്കാനും തോൽക്കാനുമാകും. ആ ഘട്ടത്തിൽ സ്ഫോടനാത്മക തുടക്കം നൽകാനാണ് അഭിഷേകും ഇഷാനും ഞാനുമെല്ലാം ശ്രമിക്കുന്നത്. ടോപ് 3 അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂന്ന് നാല് പന്തുകൾ നോക്കി കളിച്ചാൽ പിന്നീട് അടിച്ചുകളിക്കാനാണ് ശ്രമിക്കുന്നത്. ചിലപ്പോൾ മത്സരഫലം മോശമാകാം. ചിലപ്പോൾ നല്ലതാകാം... എന്നിരുന്നാലും നിങ്ങൾക്ക് മാച്ചിൻ്റെ ഗെയിം പ്ലാനോ ക്യാരക്ടറോ മാറ്റാൻ കഴിയില്ല... ഇന്ത്യൻ ടീമിൻ്റെ ബാറ്റിങ്ങിൻ്റെ ആഴം എട്ടാം നമ്പർ വരെയുണ്ട്. ടീമിൻ്റെ ആവശ്യമനുസരിച്ച് നിങ്ങൾക്ക് കളിക്കേണ്ടി വരും. നിങ്ങൾ വിചാരിച്ച പോലെ മികച്ച പ്രകടനം പുറത്തെടുക്കൂ... അല്ലെങ്കിൽ മറ്റു ടീമംഗങ്ങളെ സഹായിക്കൂ," സഞ്ജു സെമി ഫൈനലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.