സഞ്ജു ഏകദിനത്തിലേക്ക് തിരിച്ചെത്തുമോ? സാധ്യതകള്‍ എങ്ങനെ?

ഒക്ടോബറിലെ ന്യൂസീലൻഡ് പര്യടനത്തിൽ ട്വന്റി ട്വന്റി ടീമിനു പുറമേ ഏകദിന ടീമിലും സഞ്ജു ഉൾപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ
സഞ്ജു ഏകദിനത്തിലേക്ക് തിരിച്ചെത്തുമോ? സാധ്യതകള്‍ എങ്ങനെ?
Published on: 
Updated on: 

ഏകദിന ക്രിക്കറ്റിൽ ഉജ്വല സെഞ്ച്വറി കുറിച്ചതിന് പിന്നാലെ ടീമിൽ നിന്ന് തഴയപ്പെടുക...സഞ്ജു സാംസൺ നേരിട്ട അനീതിക്ക് ഇന്നും മാറ്റമുണ്ടായിട്ടില്ല... ഇന്ത്യൻ ഏകദിന ഫോർമാറ്റിലേക്ക് സഞ്ജു സാംസൺ വീണ്ടും എത്തണമെന്ന ചർച്ചകളാണ് എങ്ങും... എന്താണ് സാധ്യത...നോക്കാം.

ഇന്ത്യൻ ക്രിക്കറ്റ് കഴിഞ്ഞ കുറേനാളുകളായി മാറ്റത്തിൻ്റെ പാതയിലാണ്. ടെസ്റ്റിലും ട്വന്റി ട്വന്റിയിലും സൂപ്പർതാരങ്ങൾ പടിയിറങ്ങി. കോലിക്കും രോഹിത്തിനും പകരക്കാരായി ഒരുപിടി യുവതാരങ്ങൾക്ക് അവസരമൊരുങ്ങി. സഞ്ജു സാംസൺ ട്വന്റി ട്വന്റി ടീമിന്റെ നെടുന്തൂണായി മാറി. ലോകകപ്പ് കിരീടം നേടുന്നതിൽ ഏറ്റവും വലിയ ശക്തിയായി. നായകൻ മാറിയെങ്കിലും മാറ്റമില്ലാതെ തുടരുന്നത് ഏകദിനമാണ്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ നിലവിലെ സീനിയർ താരങ്ങൾ തുടരണമോ എന്ന ചോദ്യമാണ് എങ്ങും? മിന്നും ഫോമിൽ കോലിയും രോഹിത്തും കളിക്കുമ്പോൾ യുവതാരങ്ങൾക്ക് അവസരം നൽകണമോ? സെഞ്ച്വറി നേടിയിട്ടും അവസരം കിട്ടാത്ത സഞ്ജുവിന് പാത എളുപ്പമാണോ?

ഒരു കാലത്തും ഇന്ത്യൻ ക്രിക്കറ്റ് ടീം സഞ്ജു സാംസണിനെ കണ്ണടച്ച് പിന്തുണച്ചിട്ടില്ല. സഞ്ജുവിന് ഓരോ ഇന്നിങ്സും നോക്കൗട്ട് പോരാട്ടത്തിന് സമമാണ്. ഒന്നു പിഴച്ചാൽ പുറത്ത്... നന്നായി കളിച്ചാൽ ടീമിൽ. ഏകദിനത്തിൽ സെഞ്ച്വറി കുറിച്ചിട്ടും ടീമിൽ അവസരം കിട്ടാത്ത സഞ്ജുവിന് ഒരവസരം കൂടി ഒരുക്കണമെന്ന ആവശ്യം ഉയരുകയാണ്. ട്വന്റി ട്വന്റി ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരം, ടീമിൽ നിന്ന് പുറത്താക്കപ്പെട്ടങ്കിലും അത്യുഗ്രൻ ഇന്നിങ്സുകളിലൂടെ ട്വന്റി ട്വന്റി ഫോർമാറ്റിലേക്ക് തിരിച്ചെത്തി. ഇത് തന്നെ ഏകദിനത്തിലും സംഭവിക്കുമെന്ന് ആരാധകർ കണക്കുകൂട്ടുന്നു

ഒക്ടോബർ 22ന് ആരംഭിക്കുന്ന ന്യൂസീലൻഡ് പര്യടനത്തിൽ ട്വന്റി ട്വന്റി ടീമിന് പുറമേ ഏകദിന ടീമിൽ താരം ഉൾപ്പെട്ടേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ... അഞ്ച് ട്വന്റി ട്വന്റിയും അഞ്ച് ഏകദിനവും രണ്ട് ടെസ്റ്റും അടങ്ങുന്നതാണ് ഇന്ത്യയുടെ കിവീസ് പര്യടനം. ഇതിൽ അവസാന രണ്ട് ഏകദിനത്തിൽ താരം കളിക്കുമെന്നാണ് സൂചന. ഇതിന് കാരണമായി ചൂണ്ടികാട്ടുന്നത് അടുത്തടുത്ത് മത്സരങ്ങൾ ഉള്ളത് കൊണ്ട് ഏകദിന ടീമിലും ടെസ്റ്റ് ടീമിലും ഉൾപ്പെട്ട താരങ്ങൾക്ക് വിശ്രമം നൽകാൻ എന്നാണ്. ടീമിൽ കെ.എൽ. രാഹുലിന്റെ ബാക്ക് അപ്പ് ആയിട്ടായിരിക്കും താരത്തിനെ ഉൾപ്പെടുത്തുക. ഏകദിന ടീമിലെ ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ അടക്കം ഏഴ് താരങ്ങൾ ടെസ്റ്റ് ടീമിലും ഉണ്ടാകും. അങ്ങനെയെങ്കിൽ ഇരു ടീമിലും ഉൾപ്പെടുന്ന താരങ്ങൾക്ക് ബിസിസിഐ അവസാന ഏകദിനങ്ങളിൽ വിശ്രമം നൽകും. ഇതോടെ സഞ്ജുവിനും അവസരം തെളിയും.

സഞ്ജു ഏകദിനത്തിലേക്ക് തിരിച്ചെത്തുമോ? സാധ്യതകള്‍ എങ്ങനെ?
അന്ന് ഗ്യാനേഷ് കുമാറിന് കത്തെഴുതിയപ്പോള്‍ ചിലര്‍ വിമര്‍ശിച്ചു; വെല്‍ ഡണ്‍, സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി: ടീക്കാറാം മീണ

ഏകദിന ക്രിക്കറ്റിൽ സഞ്ജു ഇതുവരെ കളിച്ചത് 16 മത്സരങ്ങൾ... 16 മത്സരങ്ങളിൽ 14 ഇന്നിങ്സുകളിലായി ഒരു സെഞ്ച്വറി അടക്കം സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത് 510 റൺസ്... 2021ൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം. പിന്നീട് 2022ൽ പത്ത് മത്സരങ്ങളിൽ കളിച്ച താരം ഒൻപത് ഇന്നിങ്സുകളിൽ നിന്ന് 105.6 സ്ട്രൈക്ക് റേറ്റിൽ 284 റൺസാണ് അടിച്ചെടുത്തത്. ഏറ്റവും അവസാനമായി ഏകദിന കുപ്പായമണിഞ്ഞത് 2023 ഡിസംബർ 21ന്. അന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെടിക്കെട്ട് സെഞ്ച്വറി നേടിയെങ്കിലും പിന്നീട് ഏകദിനത്തിൽ സഞ്ജു കളിച്ചിട്ടില്ല....

പല തവണ സഞ്ജു ഏകദിനത്തിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.... 2027 ഏകദിന ലോകകപ്പ് ലക്ഷ്യം വെക്കുന്ന ഇന്ത്യ സഞ്ജുവിനെ പോലുള്ള പരിചയസമ്പന്നർക്ക് മുൻഗണന നൽകും എന്നാണ് സുചന. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സഞ്ജുവിനെ രോഹിത്തിനും കോലിക്കൊപ്പവും വീണ്ടും ഏകദിന കുപ്പായത്തിൽ കാണാൻ ആകുമെന്നാ പ്രതീക്ഷയിലാണ് ആരാധകർ. ന്യുസീലൻഡിൽ ഏകദിനത്തിൽ സഞ്ജു കളിക്കുമോയെന്ന് കാത്തിരുന്ന് കാണാം..

News Malayalam 24x7
newsmalayalam.com