
ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.
വൈകാതെ തന്നെ രാജസ്ഥാൻ റോയൽസ് ഐപിഎൽ 2026 സീസണിൽ ടീം നിലനിർത്താൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ റീട്ടെയ്നർ ലിസ്റ്റ് പുറത്തിറക്കുമെന്നാണ് വിവരം.
ലിസ്റ്റിൽ സഞ്ജു സാംസൺ ഉൾപ്പെടെ പ്രമുഖരായ ഒരുപിടി താരങ്ങൾ ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, സഞ്ജു സാംസൺ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു സ്റ്റോറിയെ ചൊല്ലി വലിയ ചർച്ചകളാണ് ഉയരുന്നത്.
ചിത്രം കണ്ടവരെല്ലാം 30കാരനായ ഇന്ത്യൻ ബാറ്റർ വൈകാതെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ ചേരുമെന്നാണ് പറയുന്നത്. ഇൻ്റർനെറ്റിൽ ഇക്കാര്യം വലിയ ചർച്ചയായിട്ടുണ്ട്.
ആർസിബിയുടെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ് ഗബ്രിയേലിൻ്റെ തോളിൽ കയ്യിട്ട് നിൽക്കുന്ന സഞ്ജുവിൻ്റെ ചിത്രമാണ് ഇതിനോടകം വൈറലായത്.
ഓസ്ട്രേലിക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി കഠിനമായ പരിശീലനങ്ങളിലാണ് സഞ്ജു. നെറ്റ് പ്രാക്ടീസിന് മുന്നോടിയായി എടുത്ത ഫോട്ടോയെ ചൊല്ലി പുതിയ ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്.
2013ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 11 സീസണുകളിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വെറും രണ്ട് സീസണുകൾ മാത്രമാണ് അദ്ദേഹത്തെ ഡൽഹി ക്യാപിറ്റൽസിലേക്ക് മാറ്റിയത്.
എന്നിരുന്നാലും, 2018ൽ സഞ്ജു രാജസ്ഥാനിൽ തിരിച്ചെത്തി. പക്ഷേ നാല് സീസണുകൾ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായിരുന്നിട്ടും ഇതുവരെ അവർക്ക് ഒരു ട്രോഫി പോലും നൽകാൻ അദ്ദേഹത്തിനായിട്ടില്ല.
സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസി റോൾ സംബന്ധിച്ച തർക്കങ്ങളും, മത്സരങ്ങളിലെ ബാറ്റിംഗ് സ്ഥാനത്തെ സംബന്ധിച്ച് മാനേജ്‌മെൻ്റുമായുള്ള അഭിപ്രായവ്യത്യാസവുമാണ് രാജസ്ഥാൻ റോയൽസിൽ നിന്ന് പുറത്താകുന്നതിനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ.