തിരുവനന്തപുരം: ടി20 ലോകകപ്പ് ഫൈനലിലെ സഞ്ജുവിന്റെ മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യ കപ്പുയർത്തിയതിൽ പ്രതികരണവുമായി സഞ്ജുവിന്റെ അച്ഛൻ സാംസൺ. ഇന്ന് അവൻ ചെയ്യേണ്ടതെല്ലാം ചെയ്തു. കരുതി കളിച്ച് മുന്നേറിയതാണെന്നും സഞ്ജുവിന്റെ അച്ഛൻ പറഞ്ഞു. അവന് വേണ്ടി ഇന്നുവരെ അവൻ ക്രിക്കറ്റ് കളിച്ചിട്ടില്ല. ടീമിന് വേണ്ടിയാണ് സഞ്ജു കളിക്കുന്നതെന്നും സാംസൺ പറഞ്ഞു.
"ഇന്ന് എന്റെ മകന് അംഗീകാരം ലഭിച്ചു. അതിലെനിക്ക് സന്തോഷമുണ്ട്. എന്റെ ഏറെ നാളത്തെ ആഗ്രമാണ് ഇന്ന് സാധിച്ചത്. ടീമിൽ സഞ്ജു സ്ഥിര സാന്നിധ്യമാകാത്തത് അവൻ്റെ കുഴപ്പം കൊണ്ടല്ല. സഞ്ജു ടീമിന് വേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ടാണ് അവനിങ്ങനെയായത്. അവനുവേണ്ടി കളിക്കുകയായിരുന്നെങ്കിൽ അവനിങ്ങനെയാകുമായിരുന്നില്ല. ടീമിൽ സ്ഥിര സാന്നിധ്യം നേരത്തെയാകുമായിരുന്നു. സഞ്ജു തുടക്കം മുതൽ ഇങ്ങനെ തന്നെയായിരുന്നു. അവൻ മാറിയിട്ടില്ല. ചെന്നൈയിൽ പോയാലും സഞ്ജു ഇങ്ങനെ തന്നെയായിരിക്കും", സഞ്ജുവിന്റെ അച്ഛൻ്റെ വാക്കുകൾ.
അതേസമയം, സംസ്ഥാന ഗവൺമെന്റ് സഞ്ജുവിനെയും കുടുംബത്തെയും ആദരിക്കുമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. സഞ്ജു അതുല്യനായ കായിക പ്രതിഭ മാത്രമല്ലെന്നും വളരെ വലിയ കായിക സംസ്കാരത്തിന്റെ ഉടമ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
വലിയ കളിക്കാരൻ ആകുമ്പോൾ നാട്ടിൽനിന്ന് അകന്നു പോകരുതെന്ന അച്ഛന്റെ പരിശീലനം ഉണ്ട്. മികച്ച കളിക്കാരനായി പരിശീലിപ്പിച്ചതിന്റെ കൂട്ടത്തിൽ മികച്ച മനുഷ്യൻ കൂടിയായി ആ അച്ഛൻ മാറ്റിയിട്ടുണ്ട്. യഥാർഥ പ്രതിഭകളെ പല സമയത്തും അംഗീകരിക്കാത്ത ദൂഷ്യ പ്രവണത ഉണ്ട്. സഞ്ജു അതെല്ലാം തരണം ചെയ്തു വന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.