
ഐപിഎൽ കലാശപ്പോരിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുന്ന പഞ്ചാബ് കിങ്സിൻ്റെ നായകൻ ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത് അത്യപൂർവമായൊരു ചരിത്രനേട്ടമാണ്. ഐപിഎല്ലിൻ്റെ 18 വർഷത്തെ ചരിത്രത്തിൽ ഇതിന് മുമ്പ് മറ്റൊരു നായകനും നേടാനാകാത്ത റെക്കോർഡിൻ്റെ പടിവാതിൽക്കലാണ് പഞ്ചാബ് നായകൻ ഇപ്പോഴുള്ളത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് വ്യത്യസ്ത ഫ്രാഞ്ചൈസികൾക്ക് കീഴിൽ കപ്പടിച്ച ആദ്യ ക്യാപ്റ്റൻ എന്ന അപൂർവ ബഹുമതിയാണ് ശ്രേയസ് അയ്യരെ കാത്തുനിൽക്കുന്നത്. 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമായിരുന്നു അയ്യർ ഉണ്ടായിരുന്നത്. ക്യാപ്റ്റനെന്ന നിലയിൽ അയ്യരുടെ ആദ്യത്തെ ഐപിഎൽ ട്രോഫിയായിരുന്നു ഇത്.
എന്നാൽ 2023-24 തിരിച്ചടികളുടെ കൂടി കാലമായിരുന്നു ശ്രേയസ് അയ്യർക്ക്. ബാറ്റിങ്ങിലെ തുടർ പരാജയങ്ങളും ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതുമെല്ലാം ചൂണ്ടിക്കാട്ടി ബിസിസിഐ വാർഷിക കരാറിൽ നിന്നും അയാളെ ഒഴിവാക്കിയിരുന്നു.
എന്നാൽ പിന്നീട് കണ്ടത് പ്രതിസന്ധികളെ ചവിട്ടുപടികളാക്കി മാറ്റി വിജയത്തിലേക്ക് കുതിക്കുന്നൊരു താരത്തെയാണ്. മുംബൈയ്ക്കൊപ്പം മികച്ചൊരു ആഭ്യന്തര സീസണാണ് ശ്രേയസ് അയ്യരെ കാത്തിരുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം അയാളുടെ ചിറകിലേറിയാണ് മുംബൈ ടീം കപ്പടിച്ചത്.
ഇതിന് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 2024ലെ ഐപിഎൽ ജേതാക്കളുമാക്കി. എന്നാൽ ആശ്ചര്യകരമെന്ന് പറയട്ടെ, വിജയകിരീടം സമ്മാനിച്ച നായകനെ ഷാരൂഖ് ഖാൻ കൈവിടുന്ന നിരാശപ്പെടുത്തുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്.
എന്നാൽ 2025 ഐപിഎൽ മെഗാ താരലേലത്തിൽ പ്രീതി സിൻ്റയുടെ പഞ്ചാബ് അർഹിക്കുന്ന മര്യാദയോടെ അയ്യരെ റാഞ്ചി. ഒപ്പം നായകൻ്റെ തൊപ്പി നൽകി ടീമിൻ്റെ അമരത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. ഉടമയുടെ പ്രതീക്ഷ കാത്ത ശ്രേയസ് അയ്യർ ലീഗ് സ്റ്റേജിൽ ഒന്നാം സ്ഥാനക്കാരായാണ് ടീമിനെ പ്ലേ ഓഫിലെത്തിച്ചത്.
അയ്യരെന്ന ചരിത്രനായകൻ!
മൂന്ന് വ്യത്യസ്ത ടീമുകളെ ഐപിഎൽ ഫൈനലിലേക്ക് നയിച്ച ആദ്യത്തെ ക്യാപ്റ്റനായി ശ്രേയസ് അയ്യർ ഇതിനോടകം ചരിത്ര പുസ്തകത്തിൽ തൻ്റെ പേര് എഴുതിച്ചേർത്തിട്ടുണ്ട്.
2018 ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് നായകനായി ഐപിഎല്ലിൽ ക്യാപ്റ്റൻസിയിൽ അരങ്ങേറ്റം കുറിച്ച അയ്യർ, 2020ലെ ഐപിഎൽ ഫൈനലിലേക്ക് അവരെ നയിച്ചു. 2020ൽ അവർ രണ്ടാം സ്ഥാനക്കാരായിരുന്നു.
2022ലും 2024ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ച അദ്ദേഹം കഴിഞ്ഞ വർഷം കൊൽക്കത്ത ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ ഐപിഎൽ കിരീടവും നേടി.