
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസില്‍ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയതില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് അതൃപ്തി. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ ടോപ് സ്‌കോററായ ശ്രേയസ് അയ്യര്‍ മികച്ച ഫോമിലാണ് ഇപ്പോള്‍.
വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും അസാന്നിധ്യത്തില്‍ ശ്രേയസ് അയ്യര്‍ക്ക് മികച്ച സ്കോർ നേടിക്കൊടുക്കാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. നിലവില്‍ മികച്ച ഫോമിലുള്ള താരത്തെ ഒഴിവാക്കാന്‍ പാടില്ലായിരുന്നുവെന്ന ഉറച്ച നിലപാടിലാണ് ഗാംഗുലി.
'കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം ഈ ടീമില്‍ ഉണ്ടാവേണ്ടതായിരുന്നു. ഈ ഒരു വര്‍ഷം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചതായിരുന്നു. അങ്ങനെ പുറത്താക്കേണ്ടിയിരുന്ന ഒരു പ്ലെയര്‍ ആയിരുന്നില്ല ശ്രേയസ് അയ്യര്‍. സമ്മര്‍ദ്ദത്തിനിടയിലും അദ്ദേഹം സ്‌കോര്‍ ചെയ്യുന്നുണ്ട്. ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ട്. ഷോര്‍ട്ട് ബോളും മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് വേറെ തന്നെയാണ്. എന്നിരുന്നാലും അദ്ദേഹം ടീമിലുണ്ടാവണം എന്നായിരുന്നു എന്റെ ആഗ്രഹം. കാരണം, അദ്ദേഹത്തിന് എന്താണ് ചെയ്യാനാവുക എന്നത് കാണാമായിരുന്നു,' ഗാംഗുലി പറഞ്ഞു.
അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് വിജയ സാധ്യതയുണ്ടെന്നും ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുന്നതിന് പ്രധാനമായി വേണ്ടത് നന്നായി ബാറ്റ് ചെയ്യുക എന്നതാണ്. ജസ്പ്രീത് ബൂംറ ഫിറ്റായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2020-21 ലും കോഹ്ലിയും രോഹിത് ശര്‍മയുമൊന്നുമില്ലാതെ നമ്മള്‍ ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണ്‍ ടെസ്റ്റില്‍ ജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവിടെയും ജയിക്കാന്‍ കഴിയുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
പഞ്ചാബ് കിംഗ്‌സിനെ ഇത്തവണ ഫൈനലിലേക്ക് നയിക്കുന്നതില്‍ ശ്രേയസ് അയ്യര്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ച്യാംപന്‍സിയിലേക്ക് നയിക്കുന്നതിലും ശ്രേയസിന്‍റെ പങ്ക് ചെറുതല്ല. ശ്രേയസ് അവസാനമായി ടെസ്റ്റ് കളിച്ചത് 2024ല്‍ ഇംഗ്ലണ്ടിനെതിരെയാണ്. 2024-25 രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി ഏഴ് ഇന്നിംഗ്‌സില്‍ നിന്നായി ശ്രേയസ് 480 റണ്‍സ് നേടിയിരുന്നു.