തോൽവിയിൽ നോക്കുകുത്തിയായി ചഹൽ; ക്യാപ്റ്റൻ ശ്രേയസ് അയ്യറിന് എതിരെ കടുത്ത വിമർശനം

211 റൺസിൻ്റെ മികച്ച വിജയലക്ഷ്യം കയ്യിലുണ്ടായിരുന്നിട്ടും നിർണായക ഘട്ടങ്ങളിൽ പഞ്ചാബ് നായകൻ്റെ കണക്കുകൂട്ടലുകൾ പിഴക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്
തോൽവിയിൽ നോക്കുകുത്തിയായി ചഹൽ; ക്യാപ്റ്റൻ ശ്രേയസ് അയ്യറിന് എതിരെ കടുത്ത വിമർശനം
Source: X
Published on
Updated on

ധരംശാല: ഐപിഎല്ലിൽ പ്ലേഓഫ് പോരാട്ടം മുറുകുന്നതിനിടെ ഇന്നലെ നടന്ന പഞ്ചാബ് കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിൽ പഞ്ചാബ് തോൽവി വഴങ്ങിയതോടെ നായകൻ ശ്രേയസ് അയ്യറിൻ്റെ തന്ത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. 211 റൺസിൻ്റെ മികച്ച വിജയലക്ഷ്യം കയ്യിലുണ്ടായിരുന്നിട്ടും നിർണായക ഘട്ടങ്ങളിൽ പഞ്ചാബ് നായകൻ്റെ കണക്കുകൂട്ടലുകൾ പിഴക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി നിർത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ തങ്ങളുടെ സ്കോർ പ്രതിരോധിക്കുന്നതിൽ പതർച്ച നേരിട്ടപ്പോഴും ടീമിൻ്റെ പ്രധാന സ്പിന്നർ യുസ്വേന്ദ്ര ചഹലിന് ഒരു ഓവർ പോലും നൽകാൻ തയാറാകാതിരുന്ന അയ്യറിൻ്റെ തീരുമാനമാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം ക്യാപ്റ്റനെതിരെ തിരിയുന്നതിലേക്ക് വഴി വെച്ചത്.

211 റൺസിൻ്റെ വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ 7 വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി ക്യാപിറ്റൽസ് മറികടന്നത്. ഒരു ഘട്ടത്തിൽ 74/4 എന്ന നിലയിൽ ഡൽഹിയെ പരുങ്ങലിലാക്കാൻ പഞ്ചാബിന് കഴിഞ്ഞെങ്കിലും അക്സർ പട്ടേൽ (56), ഡേവിഡ് മില്ലെർ (51) എന്നിവരുടെ കൂട്ടുകെട്ട് ടീമിനെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഇരുവരെയും പഞ്ചാബ് ബൗളർമാർ പുറത്താക്കിയെങ്കിലും അപ്പോഴേക്കും ഏറെ വൈകിയിരുന്നു. അശുതോഷ് ശർമ (24), മാധവ് തിവാരി (18), അക്വിബ് നബി (10) എന്നിവർ ചേർന്ന് ഡൽഹിയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

തുടക്കത്തിലെ തകർച്ചക്ക് ശേഷം ഡൽഹി ബാറ്റർമാർ നിലയുറപ്പിച്ചപ്പോൾ പഞ്ചാബ് പേസർമാർ യഥേഷ്ടം റൺസ് വിട്ടുകൊടുക്കാൻ തുടങ്ങി. പക്ഷേ, ആവനാഴിയിലെ ഓരോ അസ്ത്രങ്ങളും പരാജയപ്പെടുന്നത് കണ്ടിട്ടും തൻ്റെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ യുസ്വേന്ദ്ര ചഹലിനെ പന്ത് ഏൽപ്പിക്കാൻ ശ്രേയസ് അയ്യർ തയാറാകുന്നുണ്ടായിരുന്നില്ല. നിർണായക സമയങ്ങളിൽ അനിവാര്യമായ ബ്രേക്ക് ത്രൂ നൽകാൻ വിദ​ഗ്ദനാണെന്ന് ഐപിഎല്ലിൽ തന്നെ പല തവണ തെളിയിച്ചിട്ടുള്ള ചഹലിനെ വെറുമൊരു കാഴ്ച്ചക്കാരനായി നിർത്തിക്കൊണ്ട് തുടർച്ചയായി ഫാസ്റ്റ് ബൗളർമാർക്ക് അവസരം കൊടുക്കുകയാണ് പഞ്ചാബ് ചെയ്തത്. അത് പക്ഷേ വലിയ തിരിച്ചടിയാണ് അവർക്ക് നൽകിയത്. നാലോവറിൽ 21 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിം​ഗ് ഒഴികെ മറ്റെല്ലാവരും അടി വാങ്ങുകയാണുണ്ടായത്. യഷ് താക്കൂർ നാലോവറിൽ 55 റൺസും ബെൻ ഡ്വാർഷ്യസ് 51 റൺസും മാർക്കോ യാൻസെൻ 45 റൺസും മാർക്കസ് സ്റ്റോയിനസ് മൂന്നോവറിൽ 44 റൺസുമാണ് വഴങ്ങിയത്.

തോൽവിയിൽ നോക്കുകുത്തിയായി ചഹൽ; ക്യാപ്റ്റൻ ശ്രേയസ് അയ്യറിന് എതിരെ കടുത്ത വിമർശനം
IPL 2025 | Punjab Kings vs Delhi Capitals | തകർത്തടിച്ച് റിസ്‌വിയും കരുൺ നായരും, പ്ലേ ഓഫിന് മുൻപേ പഞ്ചാബിന് ഷോക്ക്!

പാർട്ട് ടൈം ബൗളറായ സ്റ്റോയിനസിന് പോലും അവസരം ലഭിച്ചിട്ടും ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരൻ കൂടിയായ ചഹലിനെ അവ​ഗണിച്ചുകാണ്ടുള്ള ഈ പ്രവർത്തിക്കെതിരെ നിരവധി ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. എതിർ ടീം അനായാസമായി റൺസ് കണ്ടെത്തുമ്പോഴും മാച്ച് വിന്നറാകാൻ കെൽപ്പുള്ള ചഹലിനെ പരീക്ഷിക്കാതിരുന്നത് പരാജയത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നായിട്ടാണ് ആരാധകരും മുൻ താരങ്ങളടക്കമുള്ളവരും ചൂണ്ടിക്കാണിക്കുന്നത്. "കടുത്ത വിഡ്ഢിത്തരം" എന്നാണ് ഈ നീക്കത്തെ മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ് വിശേഷിപ്പിച്ചത്. മുഹമ്മദ് കൈഫ്, മിച്ചൽ മക്ലെനഗൻ എന്നിവരും അയ്യറിനെതിരെ രംഗത്ത് വന്നിരുന്നു.

അതേസമയം, ചഹലിനെ പന്തേൽപ്പിക്കാതിരുന്നതിനെ പറ്റി മത്സര ശേഷം ശ്രേയസ് അയ്യർ പ്രതികരിച്ചിരുന്നു."ചഹലിനെ പന്തേൽപ്പിക്കുന്നത് തീർച്ചയായും എൻ്റെ മനസിലുണ്ടായിരുന്നു. എന്നാൽ പിച്ചിൻ്റെ സ്വഭാവം പേസർമാർക്ക് വലിയ തോതിൽ അനുകൂലമായിരുന്നു, പന്ത് നന്നായി സീം ചെയ്യുന്നുമുണ്ടായിരുന്നു. പേസർമാർ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞിരുന്നെങ്കിൽ വിക്കറ്റുകൾ ലഭിച്ചേനെ. നിർഭാഗ്യവശാൽ ഞങ്ങൾക്ക് അതിന് കഴിഞ്ഞില്ല" അയ്യർ പറഞ്ഞു.

ടൈം ഔട്ട് സമയത്ത് സ്പിന്നർമാരെ പരീക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു എന്നും എന്നാൽ ധരംശാലയിലെ സാഹചര്യങ്ങൾ ഫാസ്റ്റ് ബൗളർമാർക്ക് ഗുണം ചെയ്യുന്നതായിരുന്നതിനാൽ വിക്കറ്റുകൾ വീഴ്ത്താൻ പേസർമാരെ തന്നെ ആശ്രയിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നുമാണ് പഞ്ചാബിൻ്റെ ബൗളിംഗ് കോച്ച് സായിരാജ് ബഹുതുലെയും വ്യക്തമാക്കിയത്.

പഞ്ചാബ് കിങ്സിലെ ചഹലിന്റെ നിലവിലെ അവസ്ഥ നിരാശാജനകമാണ്. 11 മത്സരങ്ങളിൽ 8 വിക്കറ്റുകൾ നേടിയെങ്കിലും ഫീൽഡർമാരിൽ നിന്നുള്ള മോശം പ്രകടനം താരത്തിന് തിരിച്ചടിയാകുന്നുണ്ട്. സൺറൈസേഴ്സിന് എതിരായ കഴിഞ്ഞ മത്സരത്തിൽ ഹെൻറിച്ച് ക്ലാസൺ, ഇഷാൻ കിഷൻ തുടങ്ങിയവരുടെ ഉൾപ്പടെ ക്യാച്ചുകളാണ് ചഹലിന്റെ പന്തിൽ പഞ്ചാബ് ഫീൽഡർമാർ വിട്ടുകളഞ്ഞത്. ഈ സീസണിൽ തന്നെ മൊത്തത്തിൽ 6 ക്യാച്ചുകളാണ് ചഹലിൻ്റെ പന്തുകളിൽ ഫീൽഡർമാർ ഡ്രോപ്പ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഡൽഹിക്ക് എതിരായ മാച്ചിൽ ടീമിൽ ഉണ്ടായിരുന്നിട്ടും പന്തെറിയാൻ അവസരം ലഭിക്കാതിരുന്നത്.

News Malayalam 24x7
newsmalayalam.com