

ഡൽഹി: ഫെബ്രുവരി 15ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള ടി20 ലോകകപ്പ് പോരാട്ടത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും ഇന്ത്യൻ ടീം കൊളംബോയിൽ എത്തുമെന്ന് റിപ്പോർട്ട്. ഐസിസി പ്രോട്ടോക്കോൾ പാലിച്ച് ഇന്ത്യൻ ടീം കൊളംബോയിലേക്ക് യാത്ര തിരിക്കുമെന്നും മാച്ച് റഫറി മത്സരം ഉപേക്ഷിക്കുന്നത് വരെ സ്റ്റേഡിയത്തിൽ തുടരുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
പാകിസ്ഥാൻ ടീമിൻ്റെ പിന്മാറ്റം തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. ഇന്ത്യൻ ടീം കൃത്യസമയത്ത് കൊളംബോയിലെത്തി പരിശീലനം നടത്തും. മത്സര തലേന്നുള്ള പതിവ് വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പങ്കെടുക്കും.
മത്സര ദിവസമായ ഫെബ്രുവരി 15ന് ഇന്ത്യൻ ക്രിക്കറ്റ് ടീം സ്റ്റേഡിയത്തിലെത്തും. പാകിസ്ഥാൻ എത്തിയില്ലെങ്കിൽ മാച്ച് റഫറിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഇന്ത്യ ഗ്രൗണ്ടിൽ തുടരും. ഇതോടെ ലോകകപ്പിൽ ഇന്ത്യക്ക് മത്സരം കളിക്കാതെ തന്നെ നിർണായകമായ രണ്ട് പോയിൻ്റുകൾ ലഭിക്കും.
ഞായറാഴ്ചയാണ് അന്തിമ തീരുമാനം പാകിസ്ഥാന്‍ അറിയിച്ചത്. ഞായറാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി നഖ്‌വി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് തീരുമാനം അറിയിച്ചത്.
ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്നത്. നമീബിയ, നെതര്‍ലന്‍ഡ്‌സ്, യുഎസ്എ എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്.
അതേസമയം, പാകിസ്ഥാന്റെ തീരുമാനത്തില്‍ ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐസിസി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. നേരത്തേ, ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ പ്രഖ്യാപനത്തോട് കടുത്ത രീതിയിലായിരുന്നു ഐസിസി പ്രതികരിച്ചത്.