ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ മാത്രം ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്ന, ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ നിരയിൽ ബെഞ്ചിലാക്കപ്പെട്ട, ഷോട്ട് ബോളുകൾക്കെതിരെ നിരന്തരം പരാജയപ്പെട്ടിരുന്ന ഒരാൾ.2024ന് മുൻപ് ഒരുപക്ഷെ ശിവം ദുബെ അറിയപ്പെട്ടിരുന്നത് ഇങ്ങനെയൊക്കെ ആയിരിക്കും. എന്നാൽ ഇന്ന് ഇന്ത്യക്ക് വിശ്വസിക്കാവുന്ന ഓൾറൗണ്ടർമാരുടെ പട്ടികയിലേക്ക് ശിവം ദുബെയുടെയും പേര് എഴുതി ചേർത്ത് കഴിഞ്ഞു. ഓൾറൗണ്ടർ പ്രകടനവുമായി ഇന്ത്യൻ ടീമിന്റെ വിശ്വസ്തൻ ആവുകയാണ് ശിവം ദുബെ. ബാറ്റ് കൊണ്ടും ബോള് കൊണ്ടും മാത്രമല്ല ഫീൽഡിലും മിന്നും പ്രകടനമാണ് ദുബെ പുറത്തെടുക്കുന്നത്.
2024ൽ റിങ്കു സിംഗിന്റെ അവസരം തട്ടിയെടുത്തു എന്ന ചീത്തപേരോടെയാണ് ദുബെ ലോകകപ്പ് ടീമിന്റെ ഭാഗമായത്. ഇന്ന് 2026ൽ നാലിൽ നാല് കളിയും ജയിച്ച് ഇന്ത്യ സൂപ്പർ 8 ൽ എത്തി നിൽക്കുമ്പോൾ ബാറ്റ് കൊണ്ടും ബോള് കൊണ്ടും ദുബെ നിറഞ്ഞാടുകയാണ്.ചെന്നൈ സൂപ്പർ കിങ്സിൽ സിക്സർ സ്വാമി എന്നൊരു വിളിപ്പേരുണ്ട് ദുബെയ്ക്ക്, അത് വെറുമൊരു വിളിപ്പേരല്ലെന്ന് തെളിയിക്കുന്ന പടുകൂറ്റൻ സിക്സറുകൾക്കാണ് ലോകകപ്പ് വേദി സാക്ഷ്യം വഹിക്കുന്നത്.
നെതർലൻഡ്സിനെതിരെ പായിച്ചത് 6 സിക്‌സുകൾ. ലോകകപ്പിൽ ഒരു ഇന്നിംഗ്‌സിൽ ഏറ്റവുമധികം സിക്സ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം. ബോള് കൊണ്ടും ദുബെ പുറത്തെടുക്കുന്നത് മികച്ച പ്രകടനം, ഫീൽഡിൽ സുരക്ഷിതമായ കൈകൾ. ഷോട്ട് ബോളിനെയും ഫാസ്റ്റ് ബോളിങ്ങിനെയും നേരിടുന്നതിലെ പിഴവ് പരിഹരിച്ചതോടെ ഏത് ടീമും പേടിക്കുന്ന പവർ ഹിറ്ററായി മാറി ദുബെ. ഇന്ത്യക്കായി പരാജയം അറിയാതെ 35മത്സരങ്ങളിൽ ഇറങ്ങിയെന്ന റെക്കോർഡും ദുബെയ്ക്കുണ്ട്. ട്വന്റി ട്വന്റി ലോകകപ്പിൽ തുടർച്ചയായ 12ആം ജയവും ട്വന്റി ട്വന്റിയിൽ തുടർച്ചയായ 17ആം ജയവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദുബെയുടെ അൺബീറ്റൻ റെക്കോർഡ് ആവർത്തിച്ചാൽ ഇന്ത്യ കിരീടം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.