

വെട്ടിക്കെട്ട് ബാറ്റിങ്ങ് തുടരുന്ന ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവൻഷി ഈ വർഷം 90കളിൽ പുറത്തായത് അഞ്ച് തവണയാണ്. സെഞ്ച്വറിക്കരികെ പുറത്തായാലും ഫിയർലെസ്സ് ബാറ്റിങ്ങ് തുടരുമെന്നതിൻ്റെ സൂചനയാണ് സൂര്യവൻഷി തരുന്നത്. എതിർ ടീം ബൗളർമാരെ വലുപ്പ ചെറുപ്പം നോക്കാതെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നതാണ് വൈഭവ് സൂര്യവംശിയുടെ ശൈലി. വൈഭവിൻ്റെ ബാറ്റിങ് പ്രഹരത്തിനിരയായവരിൽ ട്വൻ്റി ട്വൻ്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുറ അടക്കമുള്ളവരുണ്ട്
ഐപിഎല്ലിൽ തകർത്തടിച്ച സൂര്യവംശി ഇന്ത്യൻ ടീമിന് വേണ്ടിയും മിന്നുംഫോം തുടരുകയാണ്. ഫിയർലെസ് ബാറ്റിങ് തുടരുന്ന സൂര്യവംശിക്ക് പക്ഷെ ഈ വർഷം നഷ്ടമായത് അഞ്ച് സെഞ്ച്വറികളാണ്. 90-കളിലെത്തുമ്പോൾ ബാറ്റിങ് വേഗം കുറച്ച് സെഞ്ചുറി പൂർത്തിയാക്കാനാണ് സാധാരണ താരങ്ങൾ ശ്രമിക്കുക. എന്നാൽ വൈഭവിന് എപ്പോഴും ഒരേ ഒരു മോഡ് മാത്രമേ ഉള്ളൂ. അറ്റാക്കിങ് മോഡ്. ആക്രമിച്ച് കളിച്ച വൈഭവിന് ഈ വർഷം ഐപിഎല്ലിലും ഇന്ത്യൻ ടീമിലും ആഭ്യന്തര ക്രിക്കറ്റിലുമായി നഷ്ടമായത് അഞ്ച് സെഞ്ച്വറികളാണ്. ഈ വർഷം ഐപിഎല്ലിൽ മൂന്ന് തവണയാണ് വൈഭവ് 90 കളിൽ പുറത്തായത്.
പ്ലേഓഫ് യോഗ്യതക്ക് ജയം അനിവാര്യമായ മത്സരത്തിൽ ലക്നൗവിൻ്റെ വമ്പൻ സ്കോർ പിന്തുടർന്ന് ജയിച്ചതിൽ വൈഭവിൻ്റെ ഇന്നിങ്സാണ് രാജസ്ഥാന് കരുത്തായത്. 10 സിക്നും 7 ഫോറുമടക്കം 38 പന്തുകളിൽ നേടിയത് 93 റൺസ്. ഐപിഎല്ലിൽ വൈഭവ് സിക്സർ മഴ പെയ്യിച്ച മത്സരമായിരുന്നു എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ. 16 പന്തിൽ അർധ സെഞ്ച്വറി തികച്ച വൈഭവ് 12 സിക്സറടക്കം 29 പന്തിൽ നേടിയത് 97 റൺസ്. ഐപിഎൽ രണ്ടാം ക്വാളിഫയറിലും വൈഭവ് തകർത്താടി. ഗുജറാത്ത് ടൈറ്റൻസിനെതിരെ 47 പന്തിൽ നേടിയത് 96 റൺസ്. 7 സിക്സും 8 ഫോറും വൈഭവ് നേടി.
ജൂണിൽ ഇന്ത്യ എക്കായും വൈഭവ് സെഞ്ച്വറിയോടടുത്ത പ്രകടനം പുറത്തെടുത്തു. ശ്രീലങ്ക എക്കെതിരെ നേടിയത് 29 പന്തിൽ 94 റൺസ്. എട്ട് സിക്സും 10 ഫോറുമുൾപ്പെടുന്നതായിരുന്നു വൈഭവിൻ്റെ ഇന്നിങ്സ്. വെടിക്കെട്ട് തുടരുന്ന വൈഭവ് ദുലീപ് ട്രോഫിയിലും മികവ് ആവർത്തിച്ചു. ഈസ്റ്റ് സോണിനായി 81 പന്തിൽ 92 റൺസ്. 7 ഫോറും 7 സിക്സും വൈഭവ് നേടി. 90കളിൽ നിൽക്കുമ്പോൾ സെഞ്ച്വറിക്ക് ശ്രമിക്കാതെ ആക്രമിച്ച കളിക്കുന്ന ശൈലി തുടരുമെന്ന സൂചനയാണ് വൈഭവ് തരുന്നത്. സെഞ്ചുറിയേക്കാൾ ടീമിനായി വേഗത്തിൽ റൺസ് നേടുന്നതിലാണ് താരത്തിന്റെ ശ്രദ്ധ. വെടിക്കെട്ട് തുടരുന്ന വൈഭവിന് 200ന് മുകളിലാണ് ഭൂരിഭാഗം മത്സരങ്ങളിലും സ്ട്രൈക്ക് റേറ്റ്.