VIDEO | 19 പന്തില്‍ അഞ്ച് സിക്സ്, മൂന്ന് ഫോര്‍, 48 റണ്‍സ്; യൂത്ത് ഏകദിനത്തിലും സൂര്യവംശിയുടെ വെടിക്കെട്ട്

ആകെ നാല് പന്തുകളില്‍ മാത്രമാണ് റണ്‍സൊന്നും എടുക്കാതിരുന്നത്.
Vaibhav Suryavanshi
വൈഭവ് സൂര്യവംശിSource: Cricinfo
Published on

യൂത്ത് ഏകദിനത്തിലെ ആദ്യ മത്സരത്തില്‍ സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട്. U 19 മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 18 പന്തില്‍ 48 റണ്‍സാണ് സൂര്യവംശി അടിച്ചൂകൂട്ടിയത്. അഞ്ച് സിക്സും മൂന്ന് ഫോറും ആ ബാറ്റില്‍നിന്ന് പിറന്നു. ആകെ നാല് പന്തുകളില്‍ മാത്രമാണ് റണ്‍സൊന്നും എടുക്കാതിരുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ഇംഗ്ലണ്ട് 174 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യ 24 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സൂര്യവംശി ജാക്ക് ഹോമിന്റെ ഓവറുകളില്‍ മൂന്ന് സിക്സറുകളാണ് പറത്തിയത്. ജയിംസ് മിന്റോയുടെ ഓവറുകളില്‍ ഒരു സിക്സും രണ്ട് ഫോറും സ്വന്തമാക്കി. ഫ്രഞ്ചിന്റെ ഓവറില്‍ ഒരു സിക്സും ഒരു ഫോറും നേടി. എട്ടാം ഓവറില്‍ റാല്‍ഫി ആല്‍ബെര്‍ട്ടിന്റെ പന്തില്‍ തസീം ചൗധരി അലി ക്യാച്ചെടുത്താണ് സൂര്യവംശി പുറത്തായത്. വിരാട് കോഹ്‌ലിയുടെ ജേഴ്സി നമ്പറായ 18 ആയിരുന്നു സൂര്യവംശിയുടെയും ജേഴ്സി നമ്പര്‍.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 42.2 ഓവറില്‍ 174 റണ്‍സിന് ഇംഗ്ലീഷ് ഇന്നിങ്സ് അവസാനിച്ചു. ഐസക് മുഹമ്മദ് (42), റോക്കി ഫ്ലിന്റോഫ് (56) എന്നിവര്‍ക്ക് മാത്രമാണ് മികച്ച കളി പുറത്തെടുക്കാനായത്. മുന്‍ ഇംഗ്ലീഷ് താരം ആന്‍ഡ്രൂ ഫ്ലിന്റോഫിന്റെ മകനാണ് റോക്കി. ഇന്ത്യക്കായി കനിഷ്ക് ചൗഹാന്‍ 10 ഓവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹെനില്‍ പട്ടേല്‍, ആര്‍.എസ്. അംബ്രിഷ്, മലയാളി താരം മുഹമ്മദ് ഇനാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഒരോവര്‍ എറിഞ്ഞ വൈഭവ് രണ്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

Vaibhav Suryavanshi
ഇന്ത്യയെ വിറപ്പിച്ച ഇംഗ്ലീഷ് താരങ്ങൾക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ വൻ മുന്നേറ്റം!

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 24 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ആയുഷ് ഹത്രെ-സൂര്യവംശി ഓപ്പണിങ് സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയിട്ടത്. കൂറ്റനടിക്കൊടുവില്‍ എട്ടാം ഓവറില്‍ സൂര്യവംശിയുടെ വിക്കറ്റ് വീണു. 21 റണ്‍സില്‍ ഹത്രെയും പുറത്തായി. വിഹാന്‍ മല്‍ഹോത്ര (18), മൗല്യരാജ്‌സിംഹ് ചാവ്‍ഡ (16) എന്നിവര്‍ക്കു പിന്നാലെ 45 റണ്‍സെടുത്ത അഭിഗ്യന്‍ കുണ്ടുവും 17 റണ്‍സെടുത്ത രാഹുല്‍ കുമാറും ചേര്‍ന്നാണ് അധിക വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ വിജയതീരം കടത്തിയത്. പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്. തിങ്കളാഴ്ചയാണ് അടുത്ത മത്സരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com