
സിഡ്നി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഓസ്ട്രേലിയ ഞായറാഴ്ച വിജയകരമായി തുടക്കം കുറിച്ചിരുന്നു. കംഗാരുക്കൾക്കായി ടിം ഡേവിഡ് 52 പന്തിൽ നിന്ന് 83 റൺസുമായി തകർത്തടിച്ചിരുന്നു. ഡാർവിനിലെ മറാര ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മാച്ചിൽ 17 റൺസിൻ്റെ വിജയമാണ് ഓസീസ് പട സ്വന്തമാക്കിയത്.
ടി20 ഫോർമാറ്റിൽ അവരുടെ തുടർച്ചയായ ഒമ്പതാം വിജയമായിരുന്നു ഇത്. ടി20യിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയുടെ തുടർച്ചയായ ആറാമത്തെ വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 179 റൺസിൻ്റെ വിജയലക്ഷ്യമാണ് പ്രോട്ടീസ് പടയ്ക്ക് മുന്നിൽവെച്ചത്.
മത്സരത്തിൽ ടിം ഡേവിഡ് ഓസീസിനായി എട്ട് സിക്സറുകളും നാല് ബൗണ്ടറികളും നേടിയിരുന്നു. താരം പറത്തിയ സിക്സറുകളിൽ ഒന്ന്, ബിയർ കാനുകൾ കയ്യിൽപ്പിടിച്ചിരുന്ന ഒരു കാണി ഒറ്റക്കയ്യാൽ അവിശ്വസനീയമായ രീതിയിൽ ക്യാച്ചെടുത്തിരുന്നു. ഈ സംഭവം കമൻ്റേറ്റർമാരേയും കാണികളേയും സ്തബ്ധരാക്കി.
കമൻ്റേറ്റർ പറഞ്ഞത് പോലെ, "വലത്തേ കൈയിൽ രണ്ട് ബിയർ കാനുകളും ഇടത്തേ കൈയിൽ കുക്കാബുറ ബോളും" പിടിച്ചുകൊണ്ട് അനായാസമായാണ് അയാൾ ഗ്യാലറിയെ അഭിമുഖീകരിച്ചത്. വളരെ കൂളായി പിന്നിൽ നിന്ന് ആർപ്പുവിളിക്കുന്ന ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുമ്പോൾ ക്യാമറ പെട്ടെന്ന് പുഞ്ചിരിക്കുന്ന ആ കാണിയിലേക്ക് സൂം ചെയ്യുന്നുണ്ടായിരുന്നു. ഈ വീഡിയോ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.