IPL REVIEW | ക്ലാസിക് കിങ് കോഹ്ലി... പൊട്ടിത്തെറിച്ച് പടിക്കലും പടിദാറും; രോമാഞ്ചം പകരുന്ന ആർസിബി വിജയം

കഴിഞ്ഞ വർഷത്തെ ചാംപ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സീസൺ ഓപ്പണർ മാച്ചിൽ നേടിയത് ആധികാരിക ജയം...
Virat Kohli and Devdutt Padikkal Show in IPL 2026
വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ഹൈദരാബാദിനെതിരായ മാച്ചിൽ ബാറ്റ് ചെയ്യുന്നു.Source: X/ Indian Premier League
Published on
Updated on

നീണ്ട 18 വർഷം കാത്തിരുന്ന് നേടിയ ഐപിഎൽ കന്നിക്കിരീടം ബെംഗളൂരുവിലെ ഷെൽഫിൽ തന്നെ കാത്തുസൂക്ഷിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന വലിയൊരു സ്റ്റേറ്റ്‌മെൻ്റാണ് രജത് പടിദാറും കൂട്ടരും ശനിയാഴ്ച എതിരാളികൾക്ക് മുന്നിൽ നൽകിയത്. കഴിഞ്ഞ വർഷത്തെ ചാംപ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സീസൺ ഓപ്പണർ മാച്ചിൽ നേടിയത് ആധികാരിക ജയം.. മത്സരത്തിൻ്റെ സമസ്ത മേഖലകളിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന ഓൾറൌണ്ട് പ്രകടനമാണ് ആർസിബിയുടെ ചെമ്പട പുറത്തെടുത്തത്.

ചേസ് മാസ്റ്റർ വിരാട് കോഹ്ലിയെ ഒരറ്റത്ത് സാക്ഷിയാക്കി നിർത്തി മലയാളി താരം ദേവ്‌ദത്ത് പടിക്കൽ നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് മത്സരത്തിലെ പ്രധാന ഹൈലൈറ്റ്. നാല് സിക്സറുകളും ഏഴ് ബൌണ്ടറികളും സഹിതം 26 പന്തിൽ നിന്ന് 61 റൺസെടുത്ത പടിക്കൽ ഹൈദരാബാദിൻ്റെ ബൌളിങ് നിരയെ തലങ്ങും വിലങ്ങും പായിച്ച് സ്കോർ ബോർഡിൻ്റെ വേഗം കൂട്ടി. കർണാടകയ്ക്കായി ആഭ്യന്തര സീസണിൽ പുറത്തെടുത്ത മികച്ച ഫോം ഐപിഎല്ലിലും ദേവ്ദത്ത് തുടരുന്നതാണ് കണ്ടത്.

Royal Challengers Bengaluru vs Sunrisers Hyderabad
മലയാളി താരം ദേവ്‌ദത്ത് പടിക്കൽSource: X/ Indian Premier League

ഏറെ നാളത്തെ വിശ്രമത്തിന് ശേഷം ക്രിക്കറ്റ് ഗ്രൌണ്ടിലേക്ക് തിരിച്ചെത്തിയ കിങ് കോഹ്ലിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഞ്ച് കൂറ്റൻ സിക്സറുകളും അഞ്ച് ഫോറുകളും പറത്തിയ കോഹ്ലി 38 പന്തിൽ 69 റൺസാണ് വാരിയത്. രണ്ടാം വിക്കറ്റിൽ പടിക്കലിനൊപ്പം ചേർന്ന് 45 പന്തിൽ നിന്ന് 101 റൺസാണ് വിരാട് വാരിയത്.

IPL 2026
Source: X/ Indian Premier League

പടിക്കൽ മടങ്ങിയ ശേഷമെത്തിയ ആർസിബി നായകൻ രജത് പടിദാറും തകർത്തടിക്കാനുള്ള മൂഡിലായിരുന്നു. 12 പന്തിൽ 31 റൺസിലേക്ക് കുതിച്ചെത്തിയ പടിദാർ ആർസിബിയുടെ റൺചേസ് വേഗം കൂട്ടി. വിക്കറ്റ് ബാറ്റിങ്ങിന് അനുകൂലമായിരുന്നുവെന്നും മത്സരം വേഗത്തിൽ ഫിനിഷ് ചെയ്യാനാണ് ശ്രമിച്ചതെന്നും ആർസിബി ക്യാപ്റ്റൻ മത്സര ശേഷം പറഞ്ഞു.

നാലോവറിൽ 22 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റെടുത്ത ജേക്കബ് ഡഫിയുടെ ബൌളിങ് പ്രകടനമാണ് ആർസിബിക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ഹൈദരാബാദിൻ്റെ വെടിക്കെട്ട് ബാറ്റിങ് നിരയെ 4.2 ഓവറിൽ 29/3 എന്ന നിലയിലേക്ക് വീഴ്ത്താൻ ആർസിബിക്ക് കഴിഞ്ഞതോടെ മാച്ചിൽ ബെംഗളൂരു പിടിമുറുക്കിയിരുന്നു. നാലോവറിൽ 54 റൺസ് വഴങ്ങിയെങ്കിലും മൂന്ന് വിക്കറ്റുകളുമായി റൊമാരിയോ ഷെപ്പേർഡും ആർസിബി ബൌളർമാരിൽ തിളങ്ങി.

38 പന്തിൽ നിന്ന് അഞ്ച് സിക്സും എട്ട് ഫോറും സഹിതം 80 റൺസെടുത്ത ഇഷാൻ കിഷൻ്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഹൈദരാബാദിന് 201 റൺസ് സമ്മാനിച്ചത്. മധ്യനിരയിൽ ഹെൻറിച്ച് ക്ലാസനൊപ്പം (22 പന്തിൽ 31) ചേർന്ന് ഇഷാൻ 53 പന്തിൽ 97 റൺസ് വാരി. വാലറ്റത്ത് 18 പന്തിൽ നിന്ന് 43 റൺസെടുത്ത അനികേത് വർമയുടെ വെടിക്കെട്ട് ബാറ്റിങ്ങും സൺറൈസേഴ്സിന് പൊരുതാൻ കഴിയുന്ന ഒന്നാമിന്നിങ്സ് സ്കോർ സമ്മാനിച്ചു. എന്നാൽ ബൌളിങ് ഡിപ്പാർട്ട്മെൻ്റ് നിരാശപ്പെടുത്തുന്നതാണ് കണ്ടത്.

Ishan Kishan
ഇഷാൻ കിഷൻSource: X/ Indian Premier League

Related Stories

No stories found.
News Malayalam 24x7
newsmalayalam.com