

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണായകമായ സൂപ്പർ 8 പോരിൽ വിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റിൻ്റെ അനായാസ ജയം. വിൻഡീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം 16.1 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. ക്യാപ്റ്റൻ എയ്ഡൻ മാർക്രമാണ് (46 പന്തിൽ 82) പ്രോട്ടീസ് പടയുടെ പ്രത്യാക്രമണം മുന്നിൽ നിന്ന് നയിച്ചത്. റയാൻ റിക്കെൽട്ടനാണ് (28 പന്തിൽ 45) ഉറച്ച പിന്തുണയുമായി ക്രീസിലുണ്ടായിരുന്നത്.
നേരത്തെ ഫിഫ്റ്റിയിലേക്ക് കുതിക്കുകയായിരുന്ന ഇടങ്കയ്യൻ ഓപ്പണർ ക്വിൻ്റൺ ഡീകോക്കിനെ (24 പന്തിൽ 47) റോസ്റ്റൺ ചേസ് എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിൽ ജേസൺ ഹോൾഡർ ക്യാച്ചെടുത്ത് പുറത്താക്കി. നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ വിൻഡീസ് ബൗളർമാർക്ക് കഴിയാതെ പോയി. ജയത്തോടെ 4 പോയിൻ്റുമായി ദക്ഷിണാഫ്രിക്ക ഒന്നാമതും 2 പോയിൻ്റുമായി വിൻഡീസ് സ്ഥാനത്തുമാണ്.
ഇതോടെ ഗ്രൂപ്പ് ഒന്നിൽ സെമി സ്വപ്നം കാണുന്ന ഇന്ത്യൻ ടീമിന് സിംബാബ്‌വെക്കെതിരായ ഇന്നത്തെ മത്സരം ജയിച്ചാൽ സെമി പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വയ്ക്കും. മികച്ച മാർജിനിൽ ജയിച്ചാലേ ടീമിന് വിൻഡീസിനെ മറികടന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിൽ സ്ഥാനം നേടാനാകൂ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 20 ഓവറിൽ 176/8 റൺസെടുത്തിരുന്നു. ഒരു ഘട്ടത്തിൽ 83/7 എന്ന നിലയിൽ ടീം പതറിയപ്പോൾ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് ജീവൻ വച്ചിരുന്നു. എന്നാൽ എട്ടാം വിക്കറ്റിൽ ജേസൺ ഹോൾഡറും (31 പന്തിൽ 49) റൊമാരിയോ ഷെപ്പേർഡും (37 പന്തിൽ 52) ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് വിൻഡീസിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും അർധസെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ആദ്യ രണ്ടോവറിൽ വിൻഡീസിൻ്റെ ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് ടീമിന് സമ്മാനിച്ചത്. കേശവ് മഹാരാജ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ട് സിക്സറും ഒരു ഫോറും സഹിതം 17 റൺസാണ് വിൻഡീസ് ബാറ്റർമാർ വാരിയത്. ഷായ് ഹോപ്പിൻ്റെ ബാറ്റിങ് പ്രകടനമാണ് അവർക്ക് പ്രതീക്ഷ സമ്മാനിച്ചത്.
മാർക്കോ ജാൻസൺ എറിഞ്ഞ രണ്ടാം ഓവറിൽ ബ്രാൻഡൺ കിങ്ങിൻ്റെ ഊഴമായിരുന്നു. മൂന്ന് ബൗണ്ടറികൾ സഹിതം 12 റൺസാണ് ഈ ഓവറിൽ പിറന്നത്. അതോടെ രണ്ടോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 29/0 എന്ന നിലയിലേക്ക് വിൻഡീസ് കുതിച്ചപ്പോൾ ദക്ഷിണാഫ്രിക്കയും ഒപ്പം ഇന്ത്യൻ ആരാധകരും അപകടം മണത്തു.
എന്നാൽ മൂന്നാം ഓവറിൽ തുടരെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി കഗീസോ റബാഡ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിച്ചു. 6 പന്തിൽ 16 റൺസെടുത്ത ഷായ് ഹോപ്പിനെ വിക്കറ്റ് കീപ്പർ ഡീകോക്കിൻ്റെ കൈകളിലെത്തിച്ച് റബാഡ വിൻഡീസിൻ്റെ ആദ്യ രക്തം ചിന്തി. അതേ ഓവറിലെ അഞ്ചാം പന്തിൽ അപകടകാരിയായ ഷിമ്രൺ ഹെറ്റ്‌മെയറെ (2) കേശവ് മഹാരാജിൻ്റെ കൈകളിലെത്തിച്ച് റബാഡ കരീബിയൻ പടയെ പ്രതിരോധത്തിലാക്കി. പിന്നാലെ ബ്രാൻഡൺ കിങ്ങിനെ (11 പന്തിൽ 21) ഡീകോക്കിൻ്റെ കൈകളിലെത്തിച്ച് ലുങ്കി എങ്കിടിയും വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിലിടം നേടി. അതേ ഓവറിലെ അവസാന പന്തിൽ റോസ്റ്റൺ ചേസിനെ (2) കൂടി മടക്കി എങ്കിടി വിൻഡീസിൻ്റെ തകർച്ച പൂർണമാക്കി.
വിൻഡീസ് നിരയിൽ മൂന്ന് വിക്കറ്റെടുത്ത ലുങ്കി എങ്കിടിയും രണ്ട് വീതം വിക്കറ്റെടുത്ത കഗീസോ റബാഡയും കോർബിൻ ബോഷും ചേർന്ന് വിൻഡീസിൻ്റെ വൻ തകർച്ചയിലേക്കാണ് കൊണ്ടെത്തിച്ചത്.
അതേസമയം, ഇന്നത്തെ സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് തോൽക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ്. വിൻഡീസ് വൻ മാർജിനിൽ തോറ്റാലേ ഇന്ത്യക്ക് ഗ്രൂപ്പ് ഒന്നിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറാൻ സാധിക്കൂ.