

അയര്‍ലന്റിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൗമാരതാരം വൈഭവ് സൂര്യവന്‍ഷിയുടെ അരങ്ങേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍, അവസാന നിമിഷം താരം ഇറങ്ങുന്നില്ലെന്ന വാര്‍ത്തകള്‍ തെല്ലൊരു നിരാശയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കേട്ടത്.
വൈഭവിനെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്നതിന് വിശദീകരണം നല്‍കുകയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. 15 വയസും 91 ദിവസവും പ്രായവുമുള്ള വൈഭവ് ഇന്ന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് എഴുതപ്പെടുമായിരുന്നു.
സമയം വരുമ്പോള്‍ വൈഭവിന് അവസരം നല്‍കുമെന്നാണ് ശ്രേയസ് അയ്യര്‍ മത്സരത്തിന് മുമ്പ് പറഞ്ഞത്. വൈഭവ് മികച്ച താരമാണ്, എന്നാല്‍, മികച്ച പ്രകടനം നടത്തുന്ന മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും സമയമാകുമ്പോള്‍ വൈഭവിന് അവസരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര മത്സരത്തില്‍ വൈഭവ് ഇറങ്ങിയാല്‍ ഷെഫാലി വര്‍മയുടെ പേരിലുള്ള റെക്കോര്‍ഡാണ് മറികടക്കുക. 15 വയസും 239 ദിവസവും പ്രായമുള്ളപ്പോളാണ് ഷെഫാലി ഇന്ത്യന്‍ ജെഴ്‌സിയണിഞ്ഞ് അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയത്. ഇന്ത്യക്കു വേണ്ടി ആദ്യം പാഡണിയുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പ്രായം 16 വയസും 205 ദിവസവുമായിരുന്നു. ഈ രണ്ട് റെക്കോര്‍ഡുകളും വൈഭവ് മറികടക്കും.
ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ ബാറ്റിങ് നിരയാണ് വൈഭവ് സൂര്യവന്‍ഷിയെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന് പ്രധാന കാരണം. അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു, അതിനാല്‍ വൈഭവ് ഉള്‍ക്കൊള്ളിക്കാന്‍ ഇവരില്‍ ആരെയെങ്കിലും ഒഴിവാക്കുന്നത് വലിയൊരു തീരുമാനമായിരിക്കുമായിരുന്നു.
ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടക് വ്യാഴാഴ്ച പറഞ്ഞത് ഇങ്ങനെയാണ്: "തീര്‍ച്ചയായും വൈഭവിന് അര്‍ഹിച്ച അംഗീകാരവും അവസരങ്ങളും ലഭിക്കും. അതുകൊണ്ട് അവന് ഒരു അവസരം നല്‍കാന്‍ വേണ്ടി മാത്രം, നിലവില്‍ റണ്‍സ് സ്‌കോര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ ഒഴിവാക്കണമെന്ന് ഞാന്‍ കരുതുന്നില്ല''.