സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു ഉണ്ടാകുമോ? ശുഭസൂചന നല്‍കി പരിശീലകന്‍

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആദ്യ ഓവറില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു
സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു ഉണ്ടാകുമോ? ശുഭസൂചന നല്‍കി പരിശീലകന്‍
Image: BCCI/ X
Published on
Updated on

കഴിഞ്ഞ 24 വര്‍ഷത്തിനിടെ എല്ലാ ഫോര്‍മാറ്റുകളിലുമായി ആദ്യമായും ചരിത്രത്തിലാദ്യമായി ഒരു ടി20 അന്താരാഷ്ട്ര മത്സരത്തിനായും സിംബാബ്‌വെ ഇന്ത്യയില്‍ എത്തിയതാണ്. ഈ മത്സരം ടി20 ലോകകപ്പ് സൂപ്പര്‍ 8 ലെ നിര്‍ണ്ണായക മത്സരമായി മാറുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.

അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത പരാജയത്തിന് ശേഷം ഇനി ഒരൊറ്റ പിഴവ് പോലും വരുത്താനില്ലാത്ത സാഹചര്യത്തിലാണ് ഇന്ത്യ. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ കൂടി ഇന്ത്യ വീണാല്‍ എല്ലാം അവിടെ അവസാനിച്ചേക്കാം. അതുകൊണ്ടു തന്നെ താരങ്ങള്‍ക്കൊപ്പം ടീം മാനേജ്‌മെന്റും കടുത്ത സമ്മര്‍ദത്തിലാണ്.

ഇന്ത്യന്‍ ടീമില്‍ ചില നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചന തന്നെയാണ് ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടകും നല്‍കുന്നത്. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് കോട്ടക് പറയുന്നു. ടീമിലെ രണ്ട് ഓപ്പണര്‍മാരും ഇടംകയ്യന്മാരാണ്. മൂന്നാം നമ്പരില്‍ ഇറങ്ങുന്നതും ഇടംകയ്യന്‍ ബാറ്റ്‌സ്മാനാണ്. മാത്രമല്ല, എതിര്‍ ടീമില്‍ ഒരു ഓഫ് സ്പിന്നര്‍ ഉണ്ടെന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് സിതാന്‍ഷു കോട്ടക് പറഞ്ഞു.

ഇടംകയ്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ ഓഫ് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ ആധിപത്യം ലഭിക്കുമെന്നതിനാല്‍ ഓപ്പണര്‍മാരും മൂന്നാം നമ്പറും ഇടംകയ്യന്മാരായത് ടീം കോമ്പിനേഷനെ ബാധിച്ചേക്കാമെന്നാണ് പരിശീലകന്‍ പറയുന്നത്.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആദ്യ ഓവറില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ ഏത് ടീമായാലും മാറ്റത്തെ കുറിച്ച് ആലോചിക്കും. വളരെ നേരത്തെ തന്നെ ടീമിനെ തീരുമാനിക്കാറില്ല. തന്ത്രങ്ങള്‍ പുറത്തുവിടാനും പറ്റില്ല. പക്ഷെ, എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിശീലകൻ്റെ വിശദീകരണത്തോടെ, സിംബാബ്‌വെക്കെതിരായ ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകുമോ എന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. മാറ്റമുണ്ടാകുകയാണെങ്കില്‍ മൂന്നാം ഓപ്പണറായ സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കേണ്ടതാണ്. സഞ്ജു കളിക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ആലോചനകള്‍ ഉണ്ടാകുമെന്നാണ് കോട്ടക് പറഞ്ഞത്.

അതേസമയം, പിതാവിന്റെ അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യന്‍ താരം റിങ്കു സിങ് ഉടന്‍ മടങ്ങി വരുമെന്നും സിതാന്‍ഷു കോട്ടക് വ്യക്തമാക്കി. ഇന്ത്യ-സിംബാബ്‌വെ മത്സരത്തിനു മുമ്പ് റിങ്കു മടങ്ങിയെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com