നിസ്സാരം.... ഓസീസിനെ തകര്‍ത്ത് ഇന്ത്യയുടെ പെണ്‍പ്പട ലോകകപ്പ് ഫൈനലിലേക്ക്

ജെമീമ റോഡ്രിഗസിന്റെ കരുത്തിലാണ് ഇന്ത്യയുടെ ജയം.
നിസ്സാരം.... ഓസീസിനെ തകര്‍ത്ത് ഇന്ത്യയുടെ പെണ്‍പ്പട ലോകകപ്പ് ഫൈനലിലേക്ക്
Published on

നേടുമെന്ന് ഉറപ്പുണ്ടായിരുന്നില്ല, പക്ഷെ, ഇന്ത്യയുടെ ചുണക്കുട്ടികള്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി. ഐസിസി ലോകകപ്പ് ഫൈനലില്‍ അവര്‍ സ്ഥാനം ഉറപ്പിച്ചു. സെമി ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 എന്ന വിജയലക്ഷ്യം ഒമ്പത് ബോള്‍ ശേഷിക്കേ മറികടന്നു.

ജെമീമ റോഡ്രിഗസിന്റെ കരുത്തിലാണ് ഇന്ത്യയുടെ ജയം. ജമീമയുടെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധ സെഞ്ച്വറിയും അടക്കം വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഇന്ത്യയുടേത്. 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ നേട്ടം. 127 റണ്‍സുമായി ജെമീമ പുറത്താകാതെ നിന്നപ്പോള്‍ അമന്‍ജ്യോത് കൗര്‍ 5 റണ്‍സുമായി വിജയത്തില്‍ ജെമീമക്ക് കൂട്ടായി. ക്യാപ്റ്റന്‍ ഹര്‍മാന്‍പ്രീത് കൗര്‍ 88 പന്തില്‍ 89 റണ്‍സ് നേടി. റിച്ച ഘോഷ് ഇന്ത്യക്കു വേണ്ടി 16 പന്തില്‍ 26 റണ്‍സ് നേടി.

നല്ല നിലയില്‍ തന്നെയായിരുന്നു ഇന്ത്യ ആദ്യം മുതല്‍ ബാറ്റ് ചെയ്തത്. രണ്ടാം ഓവറില്‍ ഷഫാലി വര്‍മ (10) പുറത്തായപ്പോള്‍ ആരാധകര്‍ ഒന്ന് പതറി. പിന്നാലെ ജമീമയും സ്മൃതി മാന്ദനയും ചേര്‍ന്ന് റണ്‍സ് കൂട്ടി. പവര്‍ പ്ലേയില്‍ കിം ഗാരത്തിന്റെ പന്തില്‍ സ്മൃതി മന്ദാന (24) പുറത്തായപ്പോള്‍ വീണ്ടും നിരാശ. പക്ഷെ, അപ്പോഴും ഒരറ്റത്ത് ജെമീമ ഹിമാലയം കണക്കേ നില്‍ക്കുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ പടുകൂറ്റന്‍ സ്‌കോറാണ് ഇന്ത്യക്കു മുന്നില്‍ പടുത്തുയര്‍ത്തിയത്. 338 റണ്‍സ്. ഇന്ത്യന്‍ പടയാളികള്‍ക്ക് അത് നേടാന്‍ കഴിയില്ലെന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങും മുമ്പ് തന്നെ പലരും കരുതിക്കാണും. വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. ആ റെക്കോര്‍ഡാണ് ഒമ്പത് ബോള്‍ അവശേഷിക്കേ ഇന്ത്യ മറികടന്ന് പുതിയ ചരിത്രമെഴുതിയത്.

ഓസ്‌ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഓപ്പണര്‍ ഫീബി ലിച്ച്ഫീല്‍ഡ് (119) നല്‍കിയ തകര്‍പ്പന്‍ തുടക്കമാണ് ഓസീസ് ഇന്നിങ്‌സിന് കുതിപ്പേകിയത്. എന്നാല്‍ അമന്‍ജ്യോത് കൗര്‍ ഫീബിയുടെ കുറ്റി തെറിപ്പിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ട് വന്നു. അര്‍ധ സെഞ്ച്വറി നേടിയ എല്ലിസ് പെറി (67) ക്രീസിലുണ്ട്.

തുടക്കത്തില്‍ രണ്ട് റണ്‍സെടുത്ത് നില്‍ക്കെ ഓസീസ് ക്യാപ്റ്റന്‍ അലിസ ഹീലിയുടെ അനായാസ ക്യാച്ച് ഹര്‍മന്‍പ്രീത് സിങ് നിലത്തിട്ടിരുന്നു. പിന്നാലെ ഓസീസ് ഓപ്പണര്‍മാര്‍ തകര്‍ത്തടിക്കുന്നതാണ് കണ്ടത്. മഴ കളി തടസപ്പെടുത്തുന്നതിന് തൊട്ടു മുന്‍പായി ഓസ്‌ട്രേലിയയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത അലിസ ഹീലിയെ ക്രാന്തി ഗൗഡ ക്ലീന്‍ ബൗള്‍ഡാക്കി.

പിന്നാലെ എല്ലിസ് പെറിയെ രേണുക സിങ് താക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യൂവില്‍ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോകുന്നതെന്ന് വ്യക്തമായി. ഇതോടെ അംപയര്‍ ഔട്ട് വിധിച്ച തീരുമാനം പിന്‍വലിച്ചു. ബെത്ത് മൂണി (24), അനബെല്‍ സതര്‍ലാന്‍ഡ് (3) എന്നിവരെ ശ്രീചരണി പുറത്താക്കി.

മേഘാവൃതമായ ആകാശമാണ് നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇപ്പോഴുള്ളത്. റണ്ണൊഴുകുന്ന പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഓസീസ് ക്യാപ്റ്റന്‍ അലിസ ഹീലി ടോസിന് ശേഷം പറഞ്ഞിരുന്നു.

അതേസമയം, ഇന്ത്യന്‍ നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ട്. പരിക്കേറ്റ പ്രതീക റാവലിന് പകരം ഷെഫാലി വര്‍മ ഓപ്പണറായെത്തി. ഉമയ്ക്കും ഹര്‍ലീന്‍ ഡിയോളിനും പകരം റിച്ച ഘോഷും ക്രാന്തി ഗൗഡയും ആദ്യ ഇലവനില്‍ തിരിച്ചെത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com