വഡോദര: വനിതാ പ്രീമിയർ ലീഗിൽ ഇന്ന് കലാശപോരാട്ടം. ഫൈനലിൽ കന്നി കിരീടം തേടി എത്തുന്ന ഡൽഹി ക്യാപിറ്റൽസും രണ്ടാം കിരീടം തേടിയിറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്ക് വഡോദരയിലാണ് ഡബ്ല്യുപിഎൽ ഫൈനൽ. തുടർച്ചയായ നാല് ഫൈനലുകൾ. മൂന്ന് തവണയും തൊട്ടടുത്ത് എത്തിയിട്ടും കൈവിട്ടുപോയ കിരീടം. ഡൽഹി ക്യാപിറ്റൽസിന് ഇന്ന് വഡോദരയിൽ വെറുമൊരു ഫൈനലല്ല, മറിച്ച് തങ്ങളുടെ വിധി മാറ്റിയെഴുതാനുള്ള സുവർണാവസരം കൂടിയാണ്. കന്നി കിരീടം എന്ന സ്വപ്നത്തിലേക്ക് ആണ് ഡൽഹി ഇന്നിറങ്ങുന്നത്.
എന്നാൽ മറുഭാഗത്ത് നിൽക്കുന്നത് നിസാരക്കാരല്ല. മുൻ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 'ഈ സാല കപ്പ് നമ്‌ദേ' എന്ന ആരാധകരുടെ ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് ആദ്യം അറുതി വരുത്തിയ സ്മൃതിയും സംഘവും, കിരീടം നേടി ഡബ്ല്യുപിഎലെ ആധിപത്യം തുടരാൻ രണ്ടും കൽപ്പിച്ചാണ് എത്തുന്നത്. നാലാം പതിപ്പിൽ എട്ട് മത്സരങ്ങളിൽ ആറിലും ജയിച്ച്, പോയിന്റ് പട്ടികയിൽ ഒന്നാമതായാണ് ആർസിബിയുടെ ഫൈനൽ പ്രവേശനം.
മുൻ ചാംപ്യൻമാരായ ആർസിബിയും കരുത്തരായ ഡൽഹിയും തമ്മിലുള്ള പോരാട്ടം പ്രവചനാതീതമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലർത്തുന്ന താരങ്ങളാണ് ഇരുപക്ഷത്തും. സ്മൃതിയുടെ കൂളായ നായകത്വവും ജെമീമയുടെ ആവേശവും നേർക്കുനേർ വരുമ്പോൾ ഇന്ന് മൈതാനത്ത് തീപാറുമെന്ന് ഉറപ്പ്.
ഫൈനലിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യൻ ടീമിലെ ഉറ്റ സുഹൃത്തുക്കളായ സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും നേർക്കുനേർ എത്തുന്നു എന്നതാണ് പ്രത്യേകത. ഫൈനലിന് ടോസ് വീഴുന്നതോടെ ആ സൗഹൃദം മാറ്റിവച്ച് കിരീടത്തിനായി ഇരുവരും തന്ത്രങ്ങൾ മെനയും. തന്ത്രങ്ങളും കരുത്തും നേർക്കുനേർ എത്തുമ്പോൾ ത്രസിപ്പിക്കുന്ന പോരാട്ടത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. വഡോദരയിൽ കിരീടത്തിൽ ആര് മുത്തമിടും. സ്മൃതിയുടെ ആർസിബിയോ അതോ ജെമിമയുടെ ഡൽഹിയോ. നിമിഷങ്ങൾ എണ്ണി കാത്തിരിക്കാം.