

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിന് ആദ്യ ജയം. ഏഴ് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസിനെ യുപി വാരിയേഴ്‌സ് തകര്‍ത്തത്. മുംബൈയിലെ ഡോ. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടന്നത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനറങ്ങിയ മുംബൈ ഇന്ത്യന്‍സിനായി അമന്‍ജോത് കൗറും ഗുണാളന്‍ കമാലിനിയുമാണ് ആദ്യം കളത്തിലിറങ്ങിയത്. അമന്‍ജോത് 33 ബോളില്‍ 38 റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ 5 റണ്‍സ് എടുത്ത് ഗുണാളനും മടങ്ങി. പിന്നാലെ നാറ് സ്‌കിവര്‍ ഒന്‍പത് ബൗണ്ടറിയും ഒരു സിക്‌സുമടക്കം 43 ബോളില്‍ 65 റണ്‍സ് നേടി. ഹര്‍മന്‍ പ്രീത് കൗറും 11 ബോളില്‍ 16 മാത്രമേ നേടിയുള്ളു. നികോള കാരി 20 ബോളില്‍ 32 പന്തുകള്‍ നേടി. സജീവന്‍ സജന ഒരു റണ്‍ നേടി റണ്‍ ഔട്ടായി.
162 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ യുപി വാരിയേഴ്‌സിനായി മെഗ് ലാനിങ്ങും കിരണ്‍ നാവഗിരെയുമാണ് ആദ്യം ഇറങ്ങിയത്. മെഗ് 26 പന്തില്‍ 25 റണ്‍സും കിരണ്‍ 12 പന്തില്‍ 10 റണ്‍സും മാത്രമാണ് നേടിയത്. ഫീബി ലിച്ച്ഫീല്‍ഡ് 25 റണ്‍സും ഹര്‍ലീന്‍ ഡിയോള്‍ 39 പന്തില്‍ 64 റണ്‍സും നേടി. ഹര്‍ലീന്‍ ആണ് യുപി വാരിയേഴ്‌സിന്റെ ഗതി മാറ്റിയെഴുതിയത്. 14 ബൗണ്ടറികളാണ് ഹര്‍ലീന്‍ നേടിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് തോറ്റുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് വുമണ്‍സ് പ്രീമിയര്‍ ലീഗ് മത്സരം തുടങ്ങിയത്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും ഗുജറാത്ത് ജയന്റ്‌സിനെയുമെതിരെ അടുത്ത രണ്ട് മത്സരങ്ങള്‍ വിജയിക്കുകയും ചെയ്തിരുന്നു.
യുപി വാരിയേഴ്‌സിനും ലീഗില്‍ മോശം തുടക്കമായിരുന്നു. മത്സരിച്ച ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റ് സ്‌കോര്‍ നിലയില്‍ ഏറ്റവും പിന്നിലുള്ള യുപി വാരിയേഴ്‌സിന് ഇത് അഭിമാന പോരാട്ടം കൂടിയായിരുന്നു.