
ലോർഡ്‌സിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ മൂന്നാം ദിനത്തിൽ ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്തിന് പരിക്ക്. ഫസ്റ്റ് സ്ലിപ്പിൽ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. വലതുകൈയിലെ ചെറുവിരലിനാണ് സ്മിത്തിന് പരിക്ക്.
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് സ്മിത്തിന് പരിക്കേറ്റത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ മിച്ചൽ സ്റ്റാർക്കിനെ ഫസ്റ്റ് സ്ലിപ്പിലേക്ക് എഡ്ജ് ചെയ്തപ്പോൾ ലഭിച്ച അവസരം ആണ് സ്മിത്ത് കൈവിട്ടത്. ക്യാച്ച് പാഴാക്കിയതിനു പിന്നാലെ തന്റെ വിരലിന് സാരമായ പരിക്കേറ്റതായി സ്മിത്ത് മനസിലാക്കി.
വേദന അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍ തന്നെ മെഡിക്കൽ സ്റ്റാഫ് എത്തി താരത്തിന് വേണ്ട ശുശ്രൂഷ നല്‍കി. തുടർന്ന് എക്സ്-റേ എടുക്കുന്നതിനും കൂടുതൽ ചികിത്സയ്ക്കുമായി സ്മിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പരിക്ക് ഗുരുതരമാണെങ്കില്‍ വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനം താരത്തിന് നഷ്ടമാകും. സ്മിത്തിന് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മത്സരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഓസ്ട്രേലിയയെ പ്രതിസന്ധിയിലാക്കും. ഉസ്മാൻ ഖവാജ, മാർനസ് ലാബുഷാഗ്നെ, കാമറൂൺ ഗ്രീൻ എന്നിങ്ങനെയുള്ള ഓസീസ് ടോപ് ഓർഡർ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പരാജയപ്പെടുന്നതിനാൽ ഇതിനകം തന്നെ ടീമിനുള്ളില്‍ കാര്യമായ അനിശ്ചിതത്വമുണ്ട്. ജൂൺ 25ന് ബാർബഡോസിലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരം. സ്മിത്തില്ലെങ്കില്‍ ഓസീസിന്റെ ബാറ്റിങ് ഓർഡർ താറുമാറാകും.
എല്ലാക്കാലത്തും ടീമിന് വിശ്വാസമർപ്പിക്കാന്‍ സാധിക്കുന്ന ബാറ്ററാണ് സ്റ്റീവ് സ്മിത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഇന്നിങ്സില്‍ 112 പന്തില്‍ 66 റണ്‍സെടുത്താണ് സ്മിത്ത് പുറത്തായത്. ഇതോടെ ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരങ്ങളില്‍ സ്മിത്ത് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നു. മാത്രമല്ല ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ സമീപകാല ടെസ്റ്റുകളില്‍ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് സെഞ്ചുറികളാണ് താരം നേടിയത്.
അതേസമയം, വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് സ്മിത്തിനെ പൂർണമായോ ഭാഗികമായോ ഒഴിവാക്കിയാൽ, അത് സാം കോൺസ്റ്റാസിന്റെ തിരിച്ചുവരവിന് സാധ്യത ഒരുക്കിയേക്കും. അങ്ങനെയെങ്കില്‍ ലാബുഷാഗ്നെ മൂന്നാം നമ്പരിലേക്ക് മടങ്ങേണ്ടി വരും. കാമറൂൺ ഗ്രീനിന് നാലാം നമ്പറിലേക്കും.