നാലാം തവണയും കണ്ണീരണിഞ്ഞ് ഡല്‍ഹി; കിരീടമുയര്‍ത്തി ആര്‍സിബി

വനിതാ പ്രീമിയർ ലീഗിൽ ഡൽഹിക്ക് തുടർച്ചയായ നാലാം തോൽവി
നാലാം തവണയും കണ്ണീരണിഞ്ഞ് ഡല്‍ഹി; കിരീടമുയര്‍ത്തി ആര്‍സിബി
Published on
Updated on

ആവേശം നീണ്ട ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ പുഞ്ചിരിച്ചത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. വനിതാ പ്രീമിയർ ലീഗ് കിരീടമെന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മോഹം പൂവണിയാന്‍ ഇനിയും കാത്തിരിക്കണം. ആറ് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ പോരാളികള്‍ ഡല്‍ഹിയുടെ മോഹങ്ങള്‍ തല്ലിക്കെടുത്തിയത്.

തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടമാണ് ബെംഗളൂരുവിന്റേത്. ഡല്‍ഹിക്കാണെങ്കില്‍ ഫൈനലിലെ തുടര്‍ച്ചയായ നാലാം തോല്‍വിയും. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കൂറ്റന്‍ സ്‌കോറാണ് ബെംഗളൂരുവിന് മുന്നിലേക്ക് വെച്ചത്.

204 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ആര്‍സിബിക്കു വേണ്ടി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും ജോര്‍ജിയ വൊളിന്റേയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 41 പന്തില്‍ 87 റണ്‍സാണ് സ്മൃതി മന്ദാന അടിച്ചെടുത്തത്. 54 പന്തില്‍ 79 റണ്‍സെടുത്ത് വൊളും കട്ടയ്ക്ക് കൂടെ നിന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 92 പന്തില്‍ 165 റണ്‍സാണ് പടുത്തുയര്‍ത്തത്. വനിതാ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്.

മലയാളി താരം മിന്നുമണിയുടെ പന്തിലാണ് വൊള്‍ പുറത്തായത്. പിന്നാലെ റിച്ച ഘോഷും(2) സ്മൃതി മന്ദാനയും മടങ്ങിയതോടെ അല്‍പം പ്രതീക്ഷ ഡല്‍ഹിക്കു തോന്നിയെങ്കിലും രാധ യാദവ് എത്തി ആ പ്രതീക്ഷ അടിച്ചു തകര്‍ത്തു. രാധയുടെ ക്യാച്ച് മിന്നുമണി കൈവിട്ടതും ഡല്‍ഹിക്ക് തിരിച്ചടിയായി.

അവസാന ഓവറില്‍ പത്ത് റണ്‍സായിരുന്നു ആര്‍സിബിക്ക് വേണ്ടിയിരുന്നത്. രണ്ട് പന്തുകള്‍ ബൗണ്ടറി കടത്തി രാധ ആ കടമ്പ നിഷ്പ്രയാസം മറികടന്നു. 5 പന്തില്‍ 12 റണ്‍സ് നേടിയ രാധയും ഏഴ് റണ്‍സ് നേടിയ നദൈന്‍ ഡി ക്ലാര്‍ക്കുമായിരുന്നു അവസാനം ക്രീസിലുണ്ടായിരുന്നത്.

നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഡല്‍ഹി 203 എന്ന കൂറ്റന്‍ സ്‌കോറില്‍ എത്തിയത്. ക്യാപ്റ്റന്‍ ജെമീമ റോഡ്രിഗസിന്റെ അര്‍ധ സെഞ്ചുറിയും നിര്‍ണായകമായി. വനിതാ പ്രീമിയര്‍ ലീഗ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമായിരുന്നു ഇത്.

37 പന്തില്‍ 57 റണ്‍സെടുത്ത ജെമീമയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com