
ഫുട്ബോളിൽ പുതുചരിത്രം കുറിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 900 ഗോളുകൾ എന്ന മാന്ത്രിക സംഖ്യയിൽ എത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. യുവേഫ നേഷന്‍സ് ലീഗില്‍ വ്യാഴാഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ താരം നാഴികക്കല്ല് പിന്നിട്ടത്. കളിയുടെ 34 മിനിറ്റിൽ നേടിയ ഗോളിലൂടെ ആദ്യമായി 900 ഗോൾ പിന്നിടുന്ന താരം എന്ന റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കി. ക്രൊയേഷ്യക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ ക്രിസ്റ്റ്യാനോയ്ക്ക് 1235 കളിയില്‍ നിന്നും 899 ഗോളുണ്ടായിരുന്നു. ക്രിസ്റ്റ്യാനോയുടെ ഗോളിന്‍റെ പിന്‍ബലത്തില്‍ പോര്‍ച്ചുഗല്‍ ക്രൊയേഷ്യക്കെതിരെ 2-1ന് വിജയം കൈവരിച്ചു.
ക്ലബ് കരിയറിൽ 1025 കളിയിൽ നിന്നും 769 ഗോളാണ് ക്രിസ്റ്റ്യാനോ നേടിയിട്ടുള്ളത്. അന്താരാഷ്ട്ര കരിയറിൽ രാജ്യത്തിനായി 211 കളിയിൽ നിന്നും 131 ഗോളുകളും നേടി. ക്ലബ്ബ് കരിയറില്‍ സ്പോര്‍ട്ടിങ് ലിസ്ബണ്‍ (അഞ്ച് ഗോള്‍), മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് (172), റയല്‍ മഡ്രിഡ് (450), യുവന്റസ് (101),അല്‍ നസര്‍ (68) എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയുടെ ഗോൾ വേട്ടയുടെ കണക്ക്. 2002-ലാണ് ക്രിസ്റ്റ്യാനോ പ്രൊഫഷണല്‍ ഫുട്ബോൾ കളിച്ച് തുടങ്ങുന്നത്. മുപ്പത്തിയൊമ്പതാം വയസിലും അദ്ദേഹം ഗോൾ നേടാനുള്ള തന്റെ ത്വര തുടരുകയാണ്.
ALSO READ : സോക്കറിലെ 'ഒരേയൊരു രാജാവ്'; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ 'യു.ആർ. ക്രിസ്റ്റ്യാനോ' എന്ന പേരിൽ ഒരു യൂട്യൂബ് പേജ് ആരംഭിച്ചത്. നേരത്തെ യൂട്യൂബിലെ റെക്കോർഡുകളെല്ലാം റൊണാൾഡോ നിഷ്പ്രഭമാക്കിയിരുന്നു. 22 മിനിറ്റിൽ സിൽവർ ബട്ടണും, 90 മിനിറ്റിൽ ഗോൾഡൻ ബട്ടണും, 12 മണിക്കൂറിൽ ഡയമണ്ട് ബട്ടണും ഉൾപ്പെടെ നേടിയാണ് യൂട്യൂബിന് 'തീയിട്ട്' പറങ്കിക്കൂറ്റൻ ഞെട്ടിച്ചത്.യൂട്യൂബിൻ്റെ സർവകാല റെക്കോർഡുകളെല്ലാം 24 മണിക്കൂറിൽ തിരുത്തിക്കുറിക്കാൻ റോണോയ്ക്ക് സാധിച്ചിരുന്നു.
അൽ നസറിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിന് പുറമെ പരസ്യ വരുമാനം, കരാറിലുള്ള സ്‌പോൺസർഷിപ്പുകൾ എന്നിവയിലൂടെ റൊണാൾഡോയ്ക്ക് ഇതിനോടകം തന്നെ നൂറുകണക്കിന് ദശലക്ഷം യുഎസ് ഡോളർ വരുമാനമായി ലഭിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ യൂറോ ഗോളുകൾ, ഫ്രീകിക്ക് വെല്ലുവിളികൾ, ഇഷ്ടപ്പെട്ട ഗെയിമുകൾ എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള പല വീഡിയോകളിലായി മകൻ ക്രിസ്റ്റ്യാനോ ജൂനിയറും, പങ്കാളി ജോർജിന റോഡ്രിഗസും കൂടെ പ്രത്യക്ഷപ്പെടാറുണ്ട്.