
കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയെ തോല്‍പ്പിച്ച് അര്‍ജന്‍റീന ചാമ്പ്യന്മാരായതോടെ ലയണൽ മെസി തന്റെ കരിയറിലെ നാൽപ്പത്തിയഞ്ചാം കിരീട നേട്ടം സ്വന്തമാക്കി. ക്ലബിനും രാജ്യത്തിനുമായി മൊത്തത്തിലാണ് താരം 45 കിരീടങ്ങൾ സ്വന്തമാക്കിയത്. ഇത്തവണ കോപ്പയിലേത് അര്‍ജന്റീനയുടെ 16-ാം കിരീട നേട്ടമായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ കോപ്പ അമേരിക്ക കിരീടങ്ങള്‍ നേടുന്ന ടീമായി അര്‍ജന്റീന മാറി. യുറുഗ്വായുടെ റെക്കോഡാണ് മെസിയും സംഘവും മറികടന്നത്.
നേരത്തെ, കിരീട നേട്ടങ്ങളുടെ പേരില്‍ പഴികേട്ടിരുന്ന മെസി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അര്‍ജന്റീനയ്‌ക്കൊപ്പം നേടിയത് നാല് മേജര്‍ കിരീടങ്ങളാണ്. 2021 കോപ്പ അമേരിക്ക, 2022 ഫൈനലിസ്മ, 2022 ലോകകപ്പ്, ഇപ്പോഴിതാ 2024 കോപ കിരീടം. ക്ലബ്ബ് കരിയറില്‍ ബാഴ്‌സലോണയ്‌ക്കൊപ്പം നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും 10 ലാ ലിഗ കിരീടങ്ങളും മെസി നേടിയിട്ടുണ്ട്. ഇക്കാലത്തിനിടെ എട്ട് ബാലണ്‍ ദ്യോറും ആറ് യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കുകയും ചെയ്തു. കരിയറില്‍ 1068 മത്സരങ്ങളില്‍ നിന്നായി 838 ഗോളുകളും 374 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
കരിയറിലാകെ നേടിയ 45 കിരീടങ്ങളില്‍ 39-ഉം മെസി സ്വന്തമാക്കിയത് ക്ലബ്ബ് തലത്തിലാണ്. അതില്‍ മിക്കതും ബാഴ്‌സലോണയ്‌ക്കൊപ്പവും. ബാഴ്‌സയ്‌ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങള്‍, നാല് ചാമ്പ്യന്‍സ് ലീഗ്, 15 പ്രാദേശിക കിരീടങ്ങള്‍, പിഎസ്ജിക്കൊപ്പം രണ്ട് ലീഗ് വണ്‍ കിരീടങ്ങള്‍, പിഎസ്ജിക്കൊപ്പവും ഇന്റന്‍ മയാമിക്കൊപ്പവും ഓരോ പ്രാദേശിക കിരീടങ്ങള്‍. ഇതോടൊപ്പം മൂന്ന് തവണ യുവേഫ സൂപ്പര്‍ കപ്പും മൂന്ന് തവണ ക്ലബ്ബ് ലോകകപ്പും നേടി. അര്‍ജന്റീനയ്‌ക്കൊപ്പം 2005-ലെ അണ്ടര്‍ 20 ലോകകപ്പും 2008-ലെ ഒളിമ്പിക് സ്വര്‍ണ നേട്ടവും മെസിയുടെ അക്കൗണ്ടിലുണ്ട്.