
യൂറോകപ്പിൽ ആവേശം നിറഞ്ഞ പെനാൽറ്റി ഷൂട്ടൗട്ടിന് ഒടുവിൽ സ്വിറ്റ്സർലൻഡിനെ കീഴടക്കി ഇംഗ്ലണ്ട് സെമിയിൽ കടന്നു. സ്വിസ് താരം മാനുവൽ അകാൻജിയുടെ കിക്ക് ഗോളി ജോർദാൻ പിറ്റ്ഫോർഡ് തടഞ്ഞതോടെയാണ് ഇംഗ്ലണ്ട് വിജയം കണ്ടത്. ഇംഗ്ലണ്ട് നിരയിൽ കിക്കെടുത്ത അഞ്ച് പേരും ലക്ഷ്യം കണ്ടതോടെ പെനാൽറ്റി ഷൂട്ടൗട്ടിൽ കാലിടറുന്നവരെന്ന ചീത്തപ്പേരും ഇംഗ്ലണ്ടിന് ഇല്ലാതായി.
ഓരോ ഗോളടിച്ച് ഇരുടീമും നിശ്ചിത സമയത്തും അധിക സമയത്തും സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ഇരുടീമുകളും ആക്രമിച്ച് കളിച്ച ആദ്യ പകുതിയിൽ പക്ഷെ ഗോളുകളൊന്നും പിറന്നില്ല. 75ാം മിനിറ്റിൽ സ്വിസ് ആക്രമണങ്ങൾക്ക് ഫലം കണ്ടു. താഴ്ന്ന് വന്ന ക്രോസിൽ ഇംഗ്ലണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് ഫെതർ ടച്ചിൽ ബ്രീൽ എംബോലോ ഗോൾ നേടി. എന്നാൽ അഞ്ച് മിനിറ്റിൽ ഇംഗ്ലണ്ട് തിരിച്ചടിച്ചു. 80-ാംമിനിറ്റിൽ ബുക്കായോ സാക്ക സ്വിസ് വല കുലുക്കി. എക്സ്ട്രാ സമയത്തിന്റെ അവസാന നിമിഷങ്ങളിൽ വരെ ഇരുടീമുകളും ശക്തമായി പൊരുതിയെങ്കിലും ഗോൾ അകന്നു നിന്നു.
അതേ സമയം തുർക്കി പ്രതിരോധത്തെ പൊളിച്ചടുക്കി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നെതർലെൻ്റ്സ് യൂറോ കപ്പ് സെമിയിലെത്തി.35-ാം മിനിറ്റില്‍ സാമത്ത് അകയ്ഡിനാണ് തുര്‍ക്കിയ്ക്കായി ഗോളടിച്ചത്. എന്നാല്‍ 70-ാം മിനിറ്റില്‍ സ്റ്റീഫന്‍ ഡി വ്രിജിൻ്റെ ഗോളും, 76-ാം മിനിറ്റിലെ തുര്‍ക്കി താരം മെര്‍ട് മുള്‍ഡറുടെ സെല്‍ഫ് ഗോളുമാണ് നെതര്‍ലന്‍ഡ്‌സിനെ വിജയത്തിലെത്തിച്ചത്. സെമിയില്‍ ഇംഗ്ലണ്ടാണ് നെതര്‍ഡലന്‍ഡ്‌സിന്റെ എതിരാളികള്‍.