

2026ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ മെക്‌സികോയിലേക്ക് മാറ്റണമെന്ന് ഫിഫയോട് ആവശ്യപ്പെട്ട് ഇറാന്‍. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ക്കായി യുഎസിലേക്ക് പോകാനാകില്ലെന്ന നിലപാടിലാണ് ഇറാന്‍. ഫിഫയുമായി ഇറാനിയന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് മെഹ്ദി താജ് നിലവില്‍ സംസാരിച്ചുകൊണ്ടിരിക്കുയാണെന്ന് മെക്‌സികോയിലെ ഇറാനിയന്‍ എംബസി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.
ലോകകപ്പിന് യോഗ്യത നേടിയ ഇറാന് ജൂണ്‍ 11 മുതല്‍ യുഎസ്, കാനഡ, മെക്‌സികോ എന്നിവടിങ്ങളിലായാണ് മത്സരം. രണ്ട് മാച്ചുകള്‍ ലോസ് ആഞ്ചലസിലും സിയാറ്റിലിലും വച്ച് നടക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് മത്സരങ്ങള്‍ മെക്‌സികോയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഇറാന്‍ രംഗത്തെത്തിയത്.
'ഇറാനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ സുരക്ഷയില്‍ ഉറപ്പ് നല്‍കാനാവില്ലെന്ന് ട്രംപ് തുറന്നു പറഞ്ഞതുകൊണ്ട് തന്നെ ഞങ്ങള്‍ ഉറപ്പായും അമേരിക്കയിലേക്ക് പോകുന്നില്ല. നിലവില്‍ ഇറാന്റെ മാച്ചുകള്‍ മെക്‌സികോയിലേക്ക് മാറ്റാന്‍ പറ്റുമോ എന്നത് സംബന്ധിച്ച് ഫിഫയുമായി ചര്‍ച്ച നടത്തി വരികയാണ്,' ഇറാനിയന്‍ ഫുട്‌ബോള്‍ തലവന്‍ മെഹ്ദി താജ് പറഞ്ഞു.
ഫെബ്രുവരിയില്‍ യുഎസ്-ഇസ്രയേല്‍ ആക്രമണത്തോടെയാണ് പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുത്തത്. അപ്പോള്‍ മുതല്‍ തന്നെ യുഎസില്‍ വച്ച് നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിലേക്ക് യോഗ്യത നേടിയ ഇറാന്റെ പ്രാതിനിധ്യവും സംശയകരമായിരുന്നു.