ലോക ഫുട്ബോളിലെ മികച്ച താരങ്ങള്‍ പന്തു തട്ടുന്ന ക്ലബ്ബാണ് എഫ് സി ബാഴ്‌സലോണ. അവരുടെ യൂത്ത് അക്കാദമി ആകട്ടെ നാളെയുടെ താരങ്ങളെ വാര്‍ത്തെടുക്കുന്ന കളിയിടമാണ്. മെസി, സാവി, ഇനിയേസ്റ്റ തുടങ്ങി ലാമിന്‍ യമാലിലേക്കും ഗാവിയിലേക്കും പൗ കുബാര്‍സി, അലെജാന്ദ്രോ ബാല്‍ഡെയിലേക്കുമൊക്കെ നീളുന്നു, പ്രതിഭകളുടെ മിന്നലാട്ടം. മെസി എന്ന സൂപ്പര്‍താരത്തിന്റെ പിറവിക്ക് തട്ടൊരുക്കിയ ക്ലബ്. അവിടെ മെസിയുടെ പിന്‍ഗാമിയായി ലോകം യമാലിനെ വാഴ്ത്തുമ്പോള്‍, ബാഴ്സയുടെ യൂത്ത് അക്കാദമി മറ്റൊരു താരപ്പിറവിക്കാണ് സാക്ഷിയാകുന്നത്. പ്രകടനംകൊണ്ട് യമാലിനെയും കടത്തിവെട്ടുന്ന ഒരു 'കുട്ടിത്താരം' ലാ മാസിയയില്‍ ഉദയംകൊണ്ടിരിക്കുന്നു, ഡെസ്റ്റിനി കൊസിസോ എജിയൊഫര്‍ ജോണ്‍. 180ലധികം ഗോളുകളാണ് ഈ പതിനൊന്നുകാരന്‍ ഇതുവരെ അടിച്ചുകൂട്ടിയിരിക്കുന്നത്.
2014ല്‍ ജനിച്ച ഡെസ്റ്റിനി, നൈജീരിയയില്‍നിന്നാണ് ബാഴ്‌സയുടെ യൂത്ത് അക്കാദമിയിലെത്തിയത്. തന്റെ പ്രായത്തില്‍ കളിക്കാനാകുന്ന വിഭാഗങ്ങളിലെല്ലാം കളത്തിലിറങ്ങിയ ഡെസ്റ്റിനി ഇതുവരെ 180ലധികം ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. യൂത്ത് അക്കാദമിയുടെ അണ്ടര്‍ 10 ടീമിനൊപ്പം 22 കളിയില്‍നിന്ന് 87 ഗോളുകള്‍ നേടി. അണ്ടര്‍ 11 ടീമില്‍ 30 കളിയില്‍നിന്ന് 58 ഗോളുകള്‍. അണ്ടര്‍ 12 ടീമില്‍ ഈ സീസണില്‍ 14 കളിയില്‍ നിന്ന് നേടിയത് 31 ഗോളുകള്‍. 2023-24ല്‍ അണ്ടര്‍ 10 വിഭാഗത്തില്‍ 27 മത്സരങ്ങളില്‍ നിന്നാണ് ഡെസ്റ്റിനി 100 ഗോളുകള്‍ സ്വന്തമാക്കിയത്. സെവണ്‍സ് മത്സരങ്ങളില്‍ ഉള്‍പ്പെടെ നേടിയ ഗോളുകളില്‍ ഡെസ്റ്റിനിയുടെ സ്ട്രൈക്ക് റേറ്റ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെയുടേതുമായി താരതമ്യം ചെയ്യാനാകുന്നതാണ്.
ബാഴ്‌സ സൂപ്പര്‍താരം റോബെര്‍ട്ട് ലെവന്‍ഡോവ്സ്കിയെയും മാനേജരായ ഹാന്‍സി ഫ്ളിക്കിനെയും പ്രതിനിധീകരിക്കുന്ന സൂപ്പര്‍ ഏജന്റ് പിനി സഹാവി ഡെസ്റ്റിനിയുടെ ഫുട്ബോള്‍ കരിയറിന്റെ ഉപദേശക നിയന്ത്രണം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ബാഴ്‌സയുടെ മുന്‍ താരം നെയ്‌മര്‍ ഉള്‍പ്പെടെ താരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ പിനി സഹാവിക്ക് വലിയ പങ്കുണ്ട്. അങ്ങനെയൊരാള്‍ ഒപ്പമെത്തുന്നു എന്നത് ഡെസ്റ്റിനിയുടെ കഴിവും ശേഷിയുമൊക്കെയാണ് അടിവരയിടുന്നത്.
ഡെസ്റ്റിനിയുടെ പിതാവ് എജികെ പാസ്കല്‍ സ്പാനിഷ് തേഡ് ഡിവിഷനില്‍ കളിച്ചിട്ടിട്ടുണ്ട്. ചേട്ടന്മാരായ ഡേവിഡ് ഒബിന്ന, ഡിവൈന്‍ ഐകെന്ന എന്നിവരും ബാഴ്‌സ യൂത്ത് അക്കാദമിക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഗോളടിച്ചു കൂട്ടുന്നവരില്‍ ചേട്ടന്മാരും പിന്നിലായിരുന്നില്ല. ഡേവിഡ് യുഇ കൊര്‍ണേലയിലേക്ക് ചേക്കേറിയെങ്കിലും ഡിവൈന്‍ ബാഴ്‌സയ്ക്കൊപ്പം അണ്ടര്‍ 15 ടീമിലുണ്ട്.