THE STORY BEHIND | ലോകകപ്പില്‍ പകരക്കാരനില്ലാത്ത ബാറ്റിഗോള്‍

ഇരു കാലുകൊണ്ടും, ബുള്ളറ്റ് പായുന്ന കണക്കേ ഗോളടിക്കാന്‍ മികവുള്ള അസാമാന്യ പ്രതിഭ. എതിരാളിയുടെ ഏതൊരു പ്രതിരോധത്തെയും നിസാരമാക്കുന്ന ഫിനിഷിങ്.
ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട
ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടNews Malayalam 24X7
Published on
Updated on

ഫുട്ബോൾ ചരിത്രത്തിൽ ചില സ്‌ട്രൈക്കർമാർ ഗോളടിക്കുക മാത്രമല്ല, ഗോള്‍ സ്കോര്‍ ചെയ്യുന്നതിനെ ഒരു കലാരൂപമാക്കി മാറ്റും. അത്തരമൊരു താരമാണ് ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട. ഇരു കാലുകൊണ്ടും, ബുള്ളറ്റ് പായുന്ന കണക്കേ ഗോളടിക്കാന്‍ മികവുള്ള അസാമാന്യ പ്രതിഭ. എതിരാളിയുടെ ഏതൊരു പ്രതിരോധത്തെയും നിസാരമാക്കുന്ന ഫിനിഷിങ്. അലസമായ നീളന്‍ മുടി, ചെറിയ പുഞ്ചിരി... ഗോള്‍ നേടിയശേഷം ഒരു കുരിശ് വരയും. ആരാധകര്‍ സ്നേഹത്തോടെ 'ബാറ്റിഗോള്‍' എന്ന് വിളിച്ച ഇതിഹാസതാരം. അർജന്റീനയുടെ നീല, വെള്ള ജേഴ്സിയിൽ അനവധി ഓർമകൾ സമ്മാനിച്ച ബാറ്റിക്ക് ലോകകപ്പില്‍ അപൂർവ റെക്കോഡുമുണ്ട്.

1991ലും 93ലും അർജന്റീനയുടെ കോപ്പ അമേരിക്ക കിരീടനേട്ടത്തില്‍ നിർണായക പങ്കുവഹിച്ചതിനു പിന്നാലെ ബാറ്റിസ്റ്റ്യൂട്ട 1994ലെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കുന്നത്. ഇതിഹാസതാരം ഡീഗോ മറഡോണയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും, ടീമിന്റെ ഗോളടിയന്ത്രം ബാറ്റിയായിരുന്നു. ബോസ്റ്റണിലെ ഫോക്സ്ബോറോ സ്റ്റേഡിയത്തിലായിരുന്നു ബാറ്റിയുടെ അരങ്ങേറ്റ ലോകകപ്പ്. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ ഗ്രീസായിരുന്നു അര്‍ജന്റീനയുടെ എതിരാളികള്‍. ഗാലറി തിങ്ങിനിറഞ്ഞിരുന്നു. കളി തുടങ്ങി രണ്ടാം മിനുറ്റില്‍ തന്നെ ബാറ്റി വരവറിയിച്ചു. ലോകകപ്പിലെ ബാറ്റിയുടെ ആദ്യ ഗോള്‍. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ വീണ്ടും ഗോള്‍. 60-ാം മിനുറ്റില്‍ മറഡോണയിലൂടെ അര്‍ജന്റീന ആധിപത്യം ഉറപ്പിച്ചു. എന്നാല്‍, അവസാന വാക്ക് ബാറ്റിയുടേതായിരുന്നു. കളിയുടെ അധികസമയത്ത് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ബാറ്റി ഹാട്രിക്ക് തികച്ചു. ലോകകപ്പ് അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹാട്രിക്ക് എന്ന അപൂര്‍വ നേട്ടം. അതൊരു തുടക്കമായിരുന്നു. നോക്കൗട്ടില്‍ റൊമാനിയക്കെതിരെയും ബാറ്റി ഗോള്‍ നേടി. എന്നാല്‍ മത്സരം തോറ്റ അര്‍ജന്റീനയുടെ ലോകകപ്പ് യാത്ര അവിടെ അവസാനിച്ചു. ഹാട്രിക്ക് ഉള്‍പ്പെടെ നാലു ഗോള്‍ നേട്ടവുമായി ബാറ്റി ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി.

ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട
THE STORY BEHIND | ലോകകപ്പിലെ അത്ഭുതഗോള്‍; പിന്നീടാര്‍ക്കും അത് സാധ്യമായിട്ടില്ല !

നാലു വര്‍ഷത്തിനിപ്പുറം 1998 ലോകകപ്പിലും ബാറ്റി ടീമിലിടം പിടിച്ചു. അപ്പോഴേക്കും കൂടുതല്‍ കരുത്തനായ സ്ട്രൈക്കറായി ബാറ്റി മാറിയിരുന്നു. ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തില്‍ ജമൈക്ക ആയിരുന്നു അര്‍ജന്റീനയുടെ എതിരാളികള്‍. 31-ാം മിനുറ്റിലും, 55-ാം മിനുറ്റിലും ഏരിയല്‍ ഒര്‍ട്ടേഗ നേടിയ ഗോളിലൂടെ അര്‍ജന്റീന ലീഡെടുത്തു. പക്ഷേ ഗാലറിക്ക് ആഘോഷിക്കാനുള്ള വക അവസാന 20 മിനുറ്റിലാണ് സംഭവിച്ചത്. കുറഞ്ഞ സമയത്തേക്കെങ്കിലും സ്റ്റേഡിയം ബാറ്റിയുടെ മാത്രം വേദിയായി. 73-ാം മിനുറ്റില്‍ ആദ്യ ഗോള്‍. 78-ാം മിനുറ്റില്‍ അടുത്ത ഗോള്‍. 83-ാം മിനുറ്റില്‍ ഹാട്രിക്ക്. ലോകകപ്പിലെ രണ്ടാം ഹാട്രിക്ക് സ്വന്തമാക്കിയ ബാറ്റി അര്‍ജന്റീനയെ ഏകപക്ഷീയമായ അഞ്ച് ഗോള്‍ വിജയത്തിലെത്തിച്ചു. ലോകകപ്പ് ചരിത്രത്തിൽ രണ്ട് എഡിഷനുകളിലായി രണ്ട് ഹാട്രിക്കുകൾ നേടുന്ന ആദ്യ താരവുമായി ബാറ്റി. പക്ഷേ, ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റ് അര്‍ജന്റീന പുറത്തായി.

ലോകകപ്പില്‍ ഇതുവരെ 54 ഹാട്രിക്ക് പിറന്നിട്ടുണ്ട്. 1930ല്‍ ആദ്യ ലോകകപ്പില്‍ തന്നെ ആദ്യ ഹാട്രിക്കും സംഭവിച്ചിരുന്നു. യുഎസിന്റെ ബെര്‍ട്ട് പടീനോഡാണ് ആദ്യ ഹാട്രിക് നേടിയത്. ഫൈനലില്‍ ആദ്യമായി ഹാട്രിക്ക് നേടിയത് ഇംഗ്ലണ്ടിന്റെ ജെഫ് ഹഴ്സ്റ്റാണ്. അവസാനമായി നേടിയത് 2022ല്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെയും. ഹംഗറിയുടെ സാണ്ടര്‍ കോസിസ്, ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്ന്‍, ജര്‍മനിയുടെ ഗെര്‍ഡ് മുള്ളര്‍ എന്നിവര്‍ ഒരു എഡിഷനില്‍ തന്നെ രണ്ട് ഹാട്രിക്ക് നേടിയിട്ടുണ്ട്. ലോകകപ്പില്‍ ഡബിള്‍ ഹാട്രിക്ക് നേടിയ ഒരേയൊരാള്‍ റഷ്യയുടെ ഒലെഗ് സലെങ്കോയാണ്. 1994 ലോകകപ്പില്‍ കാമറൂണിനെതിരെയാണ് സലെങ്കോ ആറ് ഗോള്‍ നേടിയത്.

ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട
THE STORY BEHIND | ലോറന്റിന്റെ ആദ്യ ഗോള്‍; ലോക ഫുട്ബോളിലെ പുതുചരിത്രം

അപ്പോഴും, രണ്ട് എഡിഷനില്‍ ഹാട്രിക്ക് നേടിയ താരമെന്ന റെക്കോഡ് ബാറ്റിക്ക് മാത്രം സ്വന്തമാണ്. തുടര്‍ച്ചയായ ലോകകപ്പുകളിലായിരുന്നു ബാറ്റിയുടെ നേട്ടം എന്ന പ്രത്യേകതയുമുണ്ട്. മൂന്ന് ലോകകപ്പിലായി 12 മത്സരം മാത്രം കളിച്ച ബാറ്റി 10 ഗോളുകളാണ് നേടിയത്. കഴിഞ്ഞ ലോകകപ്പ് വരെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും ബാറ്റി തന്നെയായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ മെസിയാണ് ബാറ്റിയെ മറികടന്നത്. ലോകകപ്പ് റെക്കോഡുകൾ പലതും കാലക്രമേണ തകരാറുണ്ട്. പക്ഷേ, ബാറ്റിക്ക് ഇന്നും പകരക്കാരന്‍ എത്തിയിട്ടില്ല.

News Malayalam 24x7
newsmalayalam.com