ഹാരി കെയ്നിൻ്റെ ഹാട്രിക് മികവിൽ ബയേൺ മ്യൂണിക്കിന് ജർമൻ സൂപ്പർ കപ്പ് കിരീടം

സൂപ്പർ താരം ഹാരി കെയ്‌നിൻ്റെ തകർപ്പൻ ഹാട്രിക്ക് മികവിലാണ് ബയേൺ എതിരില്ലാതെ മൂന്നു ഗോളുകൾക്ക് ജയം സ്വന്തമാക്കിയത്.
ANI
ANIANI
Published on
Updated on

ബെർലിൻ: ശനിയാഴ്ച ബെർലിനിൽ നടന്ന ജർമൻ കപ്പ് ഫൈനലിൽ നിലവിലെ ചാപ്യന്മാരായ സ്റ്റുട്ട്ഗാർട്ടിനെ തകർത്ത്‌ ബയേൺ മ്യൂണിക്കിന് കിരീടം. സൂപ്പർ തരാം ഹാരി കെയ്‌നിൻ്റെ തകർപ്പൻ ഹാട്രിക്ക് മികവിലാണ് ബയേൺ എതിരില്ലാതെ മൂന്നു ഗോളുകൾക്ക് ജയം സ്വന്തമാക്കിയത്. ഇതോടെ ടൂർണമെൻ്റിലെ ബയേണിൻ്റെ ആറ്‌ വർഷത്തെ കിരീട വരൾച്ചയ്ക്ക് വിരാമമായി.

ഈ സീസണിൽ എല്ലാ ടൂർണമെൻ്റുകളിലുമായി കെയ്‌നിൻ്റെ ഗോൾ നേട്ടം ഇതോടെ 61 ആയി. ഇതോടെ ജർമൻ ഫുട്‍ബോളിലെ പതിനാലാമത് ലീഗ് കപ്പ് ഡബിളും, ക്ലബ്ബിൻ്റെ 21ാമത് കിരീട നേട്ടവും അവർ സ്വന്തമാക്കി. ഒന്നിലധികം തവണ ജർമൻ ഫുട്ബോളിൽ ഡബിൾ അടിക്കുന്ന ഏക ക്ലബ് എന്ന റെക്കോർഡും ബയേൺ ഊട്ടിയുറപ്പിച്ചു.

"ഫൈനലിലേക്ക് കടക്കുമ്പോൾ ടീമിനെ ജയത്തിലേക്ക് എത്തിക്കുക എന്നത് മറ്റാരെയും പോലെ എൻ്റേയും ഉത്തരവാദിത്തമാണെന്ന് എനിക്ക് തോന്നി. എനിക്ക് അവസരങ്ങൾ ലഭിക്കുമെന്ന് അറിയാമായിരുന്നു. ഇന്നും അത് തന്നെ സംഭവിച്ചു. ഒരു ഫൈനലിൽ ഹാട്രിക് നേടുക എന്നത് വളരെ പ്രത്യേകതയുള്ള ഒരു അനുഭവമാണ്. ഇത് ജീവിതകാലം മുഴുവൻ ഞാൻ ഓർമിക്കുന്ന നിമിഷങ്ങളാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ANI
The Final Whistle | കപ്പടിച്ചു, ക്രിസ്റ്റ്യാനോയെ ഇനി ഭയക്കണം

മത്സരത്തിന് മുന്നോടിയായി ഈ സീസണിൽ മൂന്ന് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം ബയേണിനൊപ്പം ആയിരുന്നു. 11-3 എന്നതായിരുന്നു മൊത്തം ഗോൾ നില. സീസൺ ആരംഭത്തിലെ സൂപ്പർ കപ്പിലും, ഏപ്രിലിലെ ബുണ്ടസ്‌ലിഗ കിരീടം ഉറപ്പിച്ച മത്സരത്തിലും ബയേൺ സ്റ്റുട്ട്ഗാർട്ടിനെ പരാജയപ്പെടുത്തിയിരുന്നു.

എന്നാൽ ഫൈനലിൻ്റെ ആദ്യ പകുതിയിൽ സ്റ്റുട്ട്ഗാർട്ട് മികച്ച പ്രകടനം കാഴ്ചവച്ചു. ജർമനിയുടെ ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കപ്പെട്ട മാക്സിമിലിൻ മിറ്റൽസ്റ്റാഡും ക്രിസ് ഫ്യൂറിച്ചും നിരന്തരം ബയേൺ പ്രതിരോധത്തെ പരീക്ഷിച്ചു. 21ാം മിനിറ്റിൽ ലഭിച്ച ഒരു അവസരം കെയ്ൻ ബാറിന് മുകളിലൂടെ ഹെഡ് ചെയ്തു കളഞ്ഞത് മാത്രമായിരുന്നു ആദ്യ പകുതിയിൽ ബയേണിന് ലഭിച്ച ഏക അവസരം. എന്നാൽ രണ്ടാം പകുതിയിൽ കളി മാറിമറിഞ്ഞു. ആദ്യ പകുതിയിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാതിരുന്നതിന് സ്റ്റുട്ട്ഗാർട്ടിന് വലിയ വില നൽകേണ്ടി വന്നു.

വലതുവിങ്ങിലൂടെ മുന്നേറിയ ഫ്രഞ്ച് താരം മൈക്കൽ ഒലീസേ നൽകിയ മികച്ചൊരു ക്രോസ്സ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് കെയ്ൻ ബയേണിന് ആദ്യ ലീഡ് നൽകി. ഈ സീസണിൽ ഒലീസെയുടെ 30-ാം അസിസ്റ്റായിരുന്നു ഇത്. ഈ ഗോളിലൂടെ ജർമൻ കപ്പിൽ ബയേൺ കളിച്ച ആറ്‌ മത്സരങ്ങളിലും ഗോൾ നേടാൻ കെയ്‌നിന് കഴിഞ്ഞു. തൊട്ടുപിന്നാലെ ബയേണിന് ലീഡ് ഉയർത്താൻ ഒരു സുവർണാവസരം ലഭിച്ചെങ്കിലും, സ്റ്റുട്ട്ഗാർട്ട് ഗോളി അലക്സാണ്ടർ ന്യൂബൽ നിലത്തുവീണ സമയത്ത് പന്ത് ലഭിച്ച കോൺറാഡ് ലെയ്മർ അത് ബാറിന് മുകളിലൂടെ അടിച്ചു കളഞ്ഞു.

മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കി നിൽക്കെ ലൂയിസ് ഡയസിൻ്റെ പാസിൽ നിന്ന് തകർപ്പനൊരു ഷോട്ടിലൂടെ കെയ്ൻ തൻ്റെ രണ്ടാം ഗോൾ നേടി. പിന്നീട് ഇഞ്ചുറി ടൈമിൽ സ്റ്റുട്ട്ഗാർട്ട് താരം ആഞ്ചലോ സ്റ്റില്ലർ ബോക്സിൽ വെച്ച് പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കെയ്ൻ തന്റെ ഹാട്രിക്കും, ബയേണിന്റെ വിജയവും പൂർത്തിയാക്കി.

​ജർമൻ ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന്റെ ആധിപത്യം വീണ്ടും തെളിയിക്കുന്നതായി ഈ വിജയം മാറി. ചരിത്രപരമായ ഒരു സീസണാണ് ഹാരി കെയ്നും ബയേണും ഈ മത്സരത്തോടെ പൂർത്തിയാക്കിയിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com