
കോൺമെബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ പരാഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി ബ്രസീൽ. ഇതോടെ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടാനും ബ്രസീലിന് കഴിഞ്ഞു. 1930 മുതൽ 2026 വരെയുള്ള എല്ലാ ലോകകപ്പിലും തുടർച്ചയായി യോഗ്യത ഏക ടീമെന്ന റെക്കോർഡും ബ്രസീലിന് സ്വന്തമായി.
കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ അണിനിരത്തിയ മഞ്ഞപ്പട രണ്ടാം മത്സരം അനായാസം ജയിച്ചുകയറുന്നതിനും ലോകം സാക്ഷ്യം വഹിച്ചു. ആദ്യ മത്സരം സമനിലയായിരുന്നു. തുടർച്ചയായ രണ്ടു മത്സരങ്ങളിലും ക്ലീൻ ഷീറ്റോടെ ജയിക്കാനായെന്നതും ബ്രസീലിന് ഇത് പുതുയുഗ പിറവി തന്നെയായി മാറുമെന്നതിൻ്റെ സൂചനയാകുകയാണ്.
44ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞ്യയുടെ മനോഹരമായൊരു അസിസ്റ്റിൽ നിന്നാണ് റയൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ വിജയഗോൾ നേടിയത്. രണ്ടാം പകുതി ഗോൾരഹിതമായിരുന്നു. ഇതോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ബ്രസീലിന് 25 പോയിൻ്റായി. തെക്കേ അമേരിക്കൻ യോഗ്യതാ പട്ടികയിൽ ബ്രസീൽ മൂന്നാം സ്ഥാനത്താണ്.
അതേസമയം, മറ്റൊരു മത്സരത്തിൽ ലോക ചാംപ്യന്മാരായ അർജൻ്റീനയെ കൊളംബിയ സമനിലയിൽ തളച്ചു. വാശിയേറിയ പോരാട്ടത്തിൽ 24ാം മിനിറ്റിൽ ലൂയിസ് ഡയസാണ് കൊളംബിയക്കായി ആദ്യം ഗോൾ നേടിയത്. 70ാം മിനിറ്റിൽ അർജൻ്റീനയുടെ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോയെ നീലപ്പട 10 പേരായി ചുരുങ്ങിയിരുന്നു. 81ാം മിനിറ്റിൽ തിയാഗോ അൽമാഡയാണ് ലോക ചാംപ്യന്മാർക്ക് ആശ്വാസമായി സമനില സമ്മാനിച്ചത്.