
അഞ്ച് ബാലൺ ഡിയോർ... അഞ്ച് ചാംപ്യൻസ് ലീഗ് കിരീടങ്ങൾ... പ്രായം നാൽപ്പതിനോട് അടുത്തിരിക്കെ... ഇതിഹാസ തുല്യമായ കരിയറിനെ മോശം ഫോം പലപ്പോഴായി പരീക്ഷിച്ചപ്പോഴൊക്കെ... ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും കൊത്തിക്കീറാൻ കാത്തുനിന്നവരോട് ഒന്ന് പറയാനുണ്ട്... യൂറോ കപ്പിൻ്റെ പ്രൗഢിയുമായെത്തിയ സ്പാനിഷ് പടയെ ചുട്ടുചാമ്പലാക്കി പറങ്കി കൂട്ടത്തിൻ്റെ ഒറ്റയാൻ കാടുകേറിയിട്ടുണ്ട്. അയാളിവിടെ ഇനിയും തുടരും...
ഗർഭസ്ഥ ശിശുവായിരിക്കെ സ്വന്തം അമ്മയാൽ കൊല്ലപ്പെടേണ്ടിയിരുന്നയാൾ... എന്നാൽ, ആദ്യ വെല്ലുവിളികളെ അതിജീവിച്ച് CR7 എന്ന അത്ഭുത ബാലൻ ഈ ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങിയപ്പോൾ കൂട്ടായെത്തിയത് കൊടിയ ദാരിദ്യ്രമായിരുന്നു... പിതാവിൻ്റെ അമിതമായ മദ്യപാന ശീലവും.. പലയിടത്തായി വീട്ടുജോലികൾ ചെയ്തു കുടുംബം പോറ്റിയിരുന്ന അമ്മയുടെ കഷ്ടപ്പാടുകളും കണ്ടു വളർന്നയാളാണ്... അതുകൊണ്ടു തന്നെ ക്രിസ്റ്റ്യാനോയ്ക്ക് ചിട്ടയായൊരു ജീവിതശൈലി ഉണ്ടായിരുന്നു. ഏറെ കഠിനാധ്വാനിയായിരുന്നു. ഒരു ടാറ്റൂ പോലും ദേഹത്ത് പതിപ്പിക്കാതെ അയാൾ രക്തദാനത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ഗ്രൗണ്ടിലും പുറത്തും അയാളുടെ പരിശീലന രീതികൾ വരുംതലമുറയ്ക്ക് പാഠപുസ്തകം പോലെയായിരുന്നു.
പറങ്കിപ്പടയുടെ മുൻ പരിശീലകനും സഹതാരങ്ങളും ചേർന്ന് CR7നെ ഒറ്റപ്പെടുത്തി കണ്ണീരണിയിച്ച് ടീമിൽ നിന്ന് പുകച്ച് പുറത്തുചാടിക്കാൻ ശ്രമിച്ചപ്പോഴും അയാൾ പതറിയിരുന്നില്ല. അയാളിലെ ചാംപ്യൻ പ്ലേയർ അപ്പോഴും തോറ്റുമടങ്ങാനും, ഭീരുവിനെ പോലെ കളി മതിയാക്കാനും തയ്യാറായിരുന്നില്ല. ഫിഫ അംഗീകൃത പുരസ്കാര ചടങ്ങുകളിൽ നിന്ന് ഉൾപ്പെടെ അയാളെ ആസൂത്രിതമായി അകറ്റി നിർത്തുന്ന പല സാഹചര്യങ്ങളുമുണ്ടായിരുന്നു.
എന്നാൽ 2025ലെ യുവേഫ നേഷൻസ് കിരീടം പോർച്ചുഗൽ നേടുമ്പോൾ എണ്ണം പറഞ്ഞ 8 ഗോളുകളും ഏതാനും അസിസ്റ്റുകളുമായി ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ അയാൾ വേണ്ടിവന്നു. സ്പെയിനിനെതിരായ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ടീം വിജയത്തോടടുക്കുമ്പോൾ മുഖം പൊത്തി പ്രാർഥനയോടെ കാത്തിരിപ്പായിരുന്നു അയാൾ. 40ാം വയസ്സിലും അയാൾ സ്വന്തം ടീമിൻ്റെ വിജയത്തിൽ കണ്ണീരണിയുന്നു... ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം എതിരാളികളുടെ വലകുലുക്കുന്നു... പരിക്കേറ്റ് പുറത്തായാലും സഹതാരങ്ങൾക്ക് പ്രചോദനം നൽകുന്നു...
ലോക ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ മാത്രം കാണാനാകുന്നൊരു യൂണീക്ക്‌നെസ് ഉണ്ട്. യൂറോപ്പുകാരനായ അയാൾക്ക് ജീവിതത്തെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകളുണ്ട്... കൂടെയുള്ള മനുഷ്യൻ്റെ വേദന തിരിച്ചറിയാനുള്ള നല്ലൊരു മനസുണ്ട്. നല്ലൊരു വിഭാഗം യൂറോപ്പുകാരെയും പോലെ അയാളുടെ മനസ്സിൽ മതവെറിയോ.. വർണ്ണവെറിയോ തരിമ്പും കാണാനാകില്ല. പലസ്തീനിൽ അലമുറയിട്ട് കരയുന്ന കുഞ്ഞുങ്ങളെ സാന്ത്വനിപ്പിക്കാനായി പലപ്പോഴായി അയാൾ കൊടുത്തയക്കുന്ന സഹായങ്ങൾക്ക് കയ്യും കണക്കുമില്ല. ഇങ്ങനെയൊരു മനുഷ്യനെ സെൽഫിഷെന്നും, കാലം കഴിഞ്ഞെന്നും പഴിചാരി മുറിവേൽപ്പിക്കാൻ പലപ്പോഴായി ശ്രമം നടന്നിട്ടുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗും സ്പാനിഷ് ലീഗും ബുണ്ടസ്‌ലിഗയും സീരി എയും.... ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരായ ടെലിവിഷൻ പ്രേക്ഷകരെ പങ്കിട്ടെടുത്ത് കാശുവാരുമ്പോൾ ഓർക്കാപ്പുറത്ത് കിട്ടിയൊരു അടിയായിരുന്നു യൂറോപ്പിൽ നിന്നുള്ള CR7ൻ്റെ മടക്കം. അർജൻ്റീനൻ ഗോട്ട് മെസ്സിയെ പടിഞ്ഞാറൻ രാജ്യമായ യുഎസ് റാഞ്ചിയപ്പോൾ... റൊണാൾഡോ പോയത് നേരെ യൂറോപ്പിന് കിഴക്കുള്ള സൗദി അറേബ്യയിലേക്കാണ്. ക്രിസ്റ്റ്യാനിറ്റിയെ ലോകമതമായി കണ്ട് പ്രചരിപ്പിക്കുന്ന നാട്ടിലേക്കാണ് മെസി പോയത്. എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ പോയത് ലോകത്ത് ന്യൂനപക്ഷ മതമായ ഇസ്ലാമിൻ്റെ പ്രചാരകരായ ഒരു അറബ് രാജ്യത്തേക്കാണ്.
ഇത് ഇവിടെ പ്രത്യേകം പറയേണ്ട കാര്യമെന്താണ് എന്നല്ലേ സംശയം? കാര്യമുണ്ട്... ഒപ്പം റൊണാൾഡോ ഹേറ്റേഴ്സിൻ്റെ എണ്ണം പതിന്മടങ്ങ് വർധിക്കുന്നതും, അയാൾ പതിവിലേറെ ടാർഗറ്റ് ചെയ്യപ്പെടുന്നതും കാണാനായി. ഇവിടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന 'സെക്കുലർ' മനുഷ്യൻ്റെ പ്രസക്തി. അയാൾ കാൽതൊടുന്ന മണ്ണിൻ്റെ ചരിത്രത്തേയും സംസ്കാരങ്ങളേയും മാനിക്കുന്നവനാണ്. അവിടുത്തെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നവനാണ്. അയാളെ സോഷ്യൽ മീഡിയയിലൂടെ മരുഭൂമിയിലെ ഒട്ടകമെന്ന് പരിഹസിക്കുന്നവർക്ക് പിന്നിൽ, ഒളിഞ്ഞും തെളിഞ്ഞും അജണ്ടകൾ പലതും കാണും. വിമർശനങ്ങളും പരിഹാസങ്ങളും തളർത്തിയിരുന്നുവെങ്കിൽ CR7 ഇന്ന് ലോക ഫുട്ബോളിലെ എണ്ണം പറഞ്ഞ താരങ്ങളിലൊരാളായി മാറില്ലായിരുന്നു.
ലോകത്തേറ്റവും പ്രശസ്തനായ ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2022 ലോകകപ്പിന് മുന്നോടിയായുള്ള CR7ൻ്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവും കോച്ച് എറിക് ടെൻഹാഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും ആരും മറന്നുകാണില്ല. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോളറെ, വേണ്ട രീതിയിൽ ടീമിനായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല എന്നിടത്താണ് ചെമ്പടയുടെ പരാജയം. പിന്നാലെ കോച്ച് ഫെർണാണ്ടോ സാൻ്റോസിന് കീഴിൽ ലോകകപ്പിൽ ആശയറ്റ ആൾക്കൂട്ടമായി പറങ്കിപ്പട മാറി. പിന്നാലെ മൊറോക്കോയോട് തോറ്റ് ടീം മടങ്ങുമ്പോൾ കരഞ്ഞുമടങ്ങുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം ആ കരിയറിൻ്റെ തന്നെ അവസാന ഏടായി പലരും വിധിയെഴുതി. അയാളുടെ വിരമിക്കൽ പ്രഖ്യാപനം കാത്തുനിന്നവർക്ക് മുന്നിലെത്തിയ തീരുമാനം ചരിത്രത്തിലെ ഏറ്റവുമയുർന്ന പ്രതിഫലത്തിന് അയാൾ സൗദി പ്രോ ലീഗിലേക്ക് കളിക്കാൻ പോകുന്നുവെന്ന വാർത്തയാണ്.
നേഷൻസ് ലീഗ് കിരീട നേട്ടത്തിനിപ്പുറവും സൗദി അറേബ്യയിൽ തന്നെ കളി തുടരാനാണ് ക്രിസ്റ്റ്യാനോ തീരുമാനിച്ചിരിക്കുന്നത്. ലോക ക്ലബ് ഫുട്ബോൾ കളിക്കാനായി ക്രിസ്റ്റ്യാനോ അൽ നസർ വിടുമെന്ന് പലരും മുൻകൂട്ടി പ്രവചിച്ചെങ്കിലും, അയാൾ ഏതാനും സീസണുകളിലായി കപ്പില്ലാത്ത ടീമിനൊപ്പം തന്നെ തുടരുകയാണ്. വളരെ കോംപറ്റേറ്റീവായ ഒരു ലീഗിൽ ടീമിനായി ഗോളടിച്ചു കൂട്ടുന്നതിൽ അയാൾ ഇപ്പോഴും പിശുക്കു കാട്ടാറില്ല. തുടർച്ചയായ സീസണുകളിൽ ഗോൾഡൻ ബൂട്ടുകൾ നേടുന്ന ക്രിസ്റ്റ്യാനോ ഫിനിഷറുടെ ചുമതലയും ഒപ്പം ക്യാപ്റ്റൻസി റോളും ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് സ്ഥിരമായി കളി കാണുന്നവർക്ക് അറിയാം.
അയാൾ ഇത് തുടരുക തന്നെ ചെയ്യും... തൻ്റെ കരിയറിൽ ഇനി അധിക കാലമില്ലെന്നും, കാലുകൾക്ക് വഴങ്ങുന്നത് വരെ പന്തു തട്ടി നടക്കുമെന്നും ക്രിസ്റ്റ്യാനോ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അയാൾക്ക് മുന്നിൽ 1000 ഗോളുകൾ എന്ന ചരിത്രനേട്ടം കാത്തിരിക്കുന്നുണ്ട്. എന്നാൽ, അതൊന്നും തൻ്റെ ലക്ഷ്യമല്ലെന്നും ഇന്ന് വിരമിച്ചാലും എനിക്കതിൽ നിരാശയില്ലെന്നും ഈ ചാംപ്യൻ പ്ലേയർ പറഞ്ഞുവെക്കുന്നുണ്ട്. ഗോൾവേട്ടയുടെ കണക്കുകൾ നോക്കിയാൽ താൻ ലോകത്തിലെ മികച്ച താരമാണെന്ന് മനസിലാക്കാമെന്നും റൊണാൾഡോ കൂട്ടിച്ചേർക്കുന്നു.
സൗദി ക്ലബ്ബിലേക്ക് വരാനുള്ള CR7ൻ്റെ തീരുമാനം പല കാരണങ്ങളാലും വ്യക്തമായിരുന്നു. കരിയറിൻ്റെ അവസാന കാലത്ത് കൂടുതൽ സന്തോഷം നൽകുന്ന തരം വെല്ലുവിളികൾ ഏറ്റെടുക്കുക എന്നതോടൊപ്പം, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാകുക എന്നതും അയാളുടെ ലക്ഷ്യമായിരുന്നു. തനിക്ക് ബാല്യത്തിൽ ലഭിക്കാതെ പോയ വിദ്യാഭ്യാസവും സുഖസൗകര്യങ്ങളും മക്കൾക്ക് ലഭ്യമാക്കി കൊടുക്കണമായിരുന്നു... ഭാര്യ ജോർജീന ജിയോയുടെ മോഡലിങ് സ്വപ്നങ്ങൾ കൂടുതൽ കരുപ്പിടിപ്പിക്കണമായിരുന്നു.
2016ൽ സ്പെയിനിലെ മാഡ്രിഡിലുള്ള ഒരു ഗുച്ചി സ്റ്റോറിൽ സെയിൽസ് അസിസ്റ്റൻ്റായി ജോലി ചെയ്യുന്നതിനിടെയാണ് ജോർജിനയും ക്രിസ്റ്റ്യാനോയും കണ്ടുമുട്ടിയത്. അതിന് ശേഷം ദമ്പതികൾക്ക് എട്ട് വയസ്സുള്ള അലാന മാർട്ടിനയും രണ്ട് വയസ്സുള്ള ബെല്ലയും ജനിച്ചു. ക്രിസ്റ്റ്യാനോയ്ക്ക് ഈ ബന്ധത്തിന് മുൻപേ തന്നെ 14 വയസ്സുള്ള ക്രിസ്റ്റ്യാനോ ജൂനിയർ, ഏഴ് വയസ്സുകാരായ ട്വിൻസ് ഇവാ മരിയ, മാറ്റിയോ എന്നീ മക്കൾ കൂടിയുണ്ട്. ഇവായും മാറ്റിയോയും വാടക ഗർഭപാത്രത്തിലൂടെ ക്രിസ്റ്റ്യാനോയ്ക്ക് പിറന്ന മക്കളാണ്.
മൂത്ത മകൻ ക്രിസ്റ്റ്യാനോ ജൂനിയറിൻ്റെ അമ്മ ആരാണെന്നത് ക്രിസ്റ്റ്യാനോ പുറംലോകത്തോട് ഒരിക്കലും വെളിപ്പെടുത്തിയിട്ടുമില്ല. 2022 ഏപ്രിലിൽ ക്രിസ്റ്റ്യാനോയുടെ ഒരു മകൻ മരിച്ചിരുന്നു. ഏറെ സങ്കീർണമായൊരു പ്രസവത്തിനിടെ ജിയോയുടെ ഉദരത്തിലുണ്ടായിരുന്ന ബെല്ലയുടെ ട്വിൻ ബ്രദർ 'എഞ്ചൽ' മരിച്ചിരുന്നു. റോണോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ടാം വരവ് നടത്തിയ കാലത്തായിരുന്നു ഈ ദുരന്തം. ഈ സംഭവം അയാളെ മാനസികമായി തളർത്തിയിരുന്നു. അതിന് പിന്നാലെയായിരുന്നു ഇടക്കാലത്ത് അയാളുടെ ബൂട്ടിൽ നിന്നും ഗോളുകൾ പിറക്കാതെയായതും പിന്നാലെ ടീമിന് പുറത്തുപോയതും.
പോർച്ചുഗൽ എന്ന ടീമിനെ സംബന്ധിച്ചിടത്തോളം 2019ന് ശേഷം ലഭിക്കുന്ന പ്രധാനപ്പെട്ടൊരു യൂറോപ്യൻ കിരീടമാണ് യുവേഫ നേഷൻസ് ലീഗിലേത്. ലോക ഫുട്ബോളിലെ വമ്പന്മാരായ ക്രൊയേഷ്യ, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ എന്നീ യൂറോപ്യൻ ടീമുകളെയെല്ലാം തകർത്ത് മുന്നേറി പോർച്ചുഗൽ കപ്പടിക്കുന്നു എന്നത് ഭാവിയിലേക്കുള്ള വലിയൊരു സൂചനയാണ് നൽകുന്നത്.
പോർച്ചുഗീസ് പരിശീലകൻ റോബർട്ടോ മാർട്ടിനസ് ചില്ലറക്കാരനല്ല. 2016 ഓഗസ്റ്റിൽ ബെൽജിയത്തിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ മാർട്ടിനെസ് 2018ൽ ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനത്തേക്ക് നയിച്ചിരുന്നു. കൂടാതെ 2018 മുതൽ 2022ൽ രാജിവെക്കും വരെ ഫിഫ റാങ്കിംഗിൽ ബെൽജിയം ഒന്നാം സ്ഥാനത്തായിരുന്നു. അയാൾക്ക് കീഴിൽ പുതുക്കിപ്പണിഞ്ഞ പോർച്ചുഗൽ ടീമിൽ നിറയെ മാച്ച് വിന്നർമാരാണുള്ളത്. പിഎസ്‌ജിയുടെ ചാംപ്യൻസ് ലീഗ് നേട്ടത്തിന് പിന്നിലും പറങ്കിപ്പടയുടെ ഈ സ്വാധീനം പ്രകടമായി തന്നെ കാണാം. നൂനോ മെൻഡിസും വിറ്റിഞ്ഞയും റാഫേൽ ലിയോയും ഫ്രാൻസിസ്കോ കോൺസിക്കാവോയും റൂബെൻ നെവസും റൂബെൻ ഡയസും ഉൾപ്പെടുന്ന യുവനിരയുടെ മികവുറ്റ പ്രകടനമാണ് ഇവിടെ കൂടുതൽ ശ്രദ്ധേയം.
ക്രിസ്റ്റ്യാനോയും ബ്രൂണോ ഫെർണാണ്ടസും ബെർണാഡോ സിൽവയും പോലുള്ള സീനിയേഴ്സ് മുന്നിൽ നിന്ന് നയിക്കുക കൂടി ചെയ്യുമ്പോൾ ലോക ഫുട്ബോളിൽ അവർക്കൊത്ത എതിരാളികൾ ഇല്ലാതാവുന്നു എന്നത് പോർച്ചുഗൽ ആരാധകർക്ക് വലിയ ആവേശം നൽകുന്നുണ്ട്. ക്രിസ്റ്റ്യാനോ എന്ന ഇതിഹാസത്തിൻ്റെ കരിയറിന് പൂർണതയേകി, ഒരു ലോകകപ്പ് കൂടി സമ്മാനിക്കാൻ കഴിഞ്ഞാൽ ഈ പറങ്കിപ്പടയെ വരും തലമുറ വാഴ്ത്തിപ്പാടുമെന്നുറപ്പാണ്. CR7 എന്ന ലെജൻഡറി സ്ട്രൈക്കറെ സംബന്ധിച്ചിടത്തോളം അതൊരു ഉചിതമായ വിടപറച്ചിൽ കൂടിയായി മാറും.