

കോൺകകാഫ് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ജമൈക്കയെ ഗോൾരഹിത സമനിലയിൽ തളച്ച് ചരിത്രനിയോഗത്തിലേക്ക് ചുവട് വച്ചിരിക്കുകയാണ് കുഞ്ഞൻ ദ്വീപ് രാഷ്ട്രമായ ക്യുറസാവോ. 1,56,000 മാത്രം വരുന്ന ജനസംഖ്യ ഉള്ള ഒരു രാജ്യം 2026 ലോകകപ്പിന് ബൂട്ട് കെട്ടാനൊരുങ്ങുമ്പോൾ, അത് ഇന്ത്യയെ പോലെ ജനബാഹുല്യം കൊണ്ട് അനുഗ്രഹീതമായ രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകളുടെ കരണത്തേറ്റ കനത്ത പ്രഹരമായി കൂടി മാറുകയാണ്.
ലോകകപ്പ് ടൂർണമെൻ്റിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമാണ് ക്യുറസാവോ. 2018ൽ ഐസ്‌ലൻഡ് സ്വന്തമാക്കിയ റെക്കോർഡ് നേട്ടത്തെ തിരുത്തിയെഴുതുകയാണ് ക്യുറസാവോയിൽ കാൽപന്തു കളിക്കാർ. അന്ന് 3,50,000 മാത്രമായിരുന്നു ഐസ്‌ലൻഡിലെ ജനസംഖ്യ.
ഗ്രൂപ്പ് ബിയിൽ ഒന്നാമതായ ക്യൂറസാവോയ്ക്ക് ആറ് മത്സരങ്ങളിൽനിന്ന് 12 പോയിൻ്റാണുള്ളത്. നെതർലൻഡ്‌സിന് കീഴിലുള്ള ദ്വീപ് രാഷ്ട്രമായ ക്യുറസാവോയിലെ എല്ലാ താരങ്ങളും നെതർലൻഡ്സിൽ ജനിച്ചവരാണ്. പ്രശസ്തനായ ഡച്ചുകാരൻ ഡിക്ക് അഡ്വക്കറ്റാണ് ടീമിൻ്റെ കോച്ച്.
അതേസമയം, കോൺകകാഫ് മേഖലയിൽ നിന്ന് പനാമ, ഹെയ്തി എന്നീ രാജ്യങ്ങളും 2026ലെ ലോകകപ്പിന് യോഗ്യത നേടി. 1974ന് ശേഷം ആദ്യമായാണ് ഹെയ്തി ലോകകപ്പിനെത്തുന്നത്. അതേസമയം, ജമൈക്ക, സുരിനാം എന്നീ രാജ്യങ്ങൾക്ക് ഇനി യോഗ്യത നേടണമെങ്കിൽ പ്ലേ ഓഫ് കളിക്കേണ്ടി വരും. ആകെ എട്ട് രാജ്യങ്ങളാണ് കോൺകകാഫ് മേഖലയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടുക.