മെസ്സിയുടെ മയാമിയെ നാണംകെടുത്തി പിഎസ്‌ജി; ക്വാർട്ടറിലേക്ക് മുന്നേറി ചെൽസിയും ബയേൺ മ്യൂണിക്കും

ഡബിളുമായി മിന്നി ഹാരി കെയ്ൻ. ക്വാർട്ടർ ഉറപ്പിച്ച് ബയേൺ മ്യൂണിക്ക്
FIFA Club World Cup
Source: X/ FIFA Club World Cup
Published on

ഫിഫ ക്ലബ് ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പിഎസ്‌ജിയോട് ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങി ലയണൽ മെസ്സിയുടെ ഇൻ്റർ മയാമി പുറത്ത്. മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് പ്രീക്വാർട്ടറിൽ മയാമിയെ പിഎസ്‌ജി തകർത്തത്. ജാവോ നെവസ് പിഎസ്‌ജിക്കായി ഇരട്ട ഗോളുകൾ നേടി.

സ്വന്തം ഗ്രൗണ്ടില്‍ ദയനീയ പരാജയമാണ് മയാമി ഏറ്റുവാങ്ങിയത്. ഇതോടെ ക്ലബ് ലോകകപ്പില്‍ നിന്നും മെസ്സിയും സംഘവും പുറത്തായി. ആദ്യ പകുതിയിലായിരുന്നു നാല് ഗോളുകളും പിറന്നത്. രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾ വഴങ്ങാതിരുന്നത് മാത്രമാണ് മയാമിയുടെ ഏക ആശ്വാസം.

മത്സരം ആരംഭിച്ച് ആറാം മിനിറ്റില്‍ തന്നെ പിഎസ്‌ജിയുടെ ജാവോ നെവസ് തകര്‍പ്പന്‍ ഹെഡറിലൂടെ വലകുലുക്കി. 39ാം മിനിറ്റില്‍ നെവസ് രണ്ടാം ഗോളും നേടി. ആദ്യ പകുതിയില്‍ മത്സരത്തിലുടനീളം പിഎസ്‌ജി ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് കണ്ടത്. 44ാം മിനിറ്റില്‍ തോമസ് അവൈല്‍സിൻ്റ സെല്‍ഫ് ഗോളും വന്നതോടെ മയാമിക്ക് കനത്ത പ്രഹരമേറ്റു. ഇഞ്ചുറി ടൈമില്‍ അഷ്‌റഫ് ഹക്കിമിയും വല കുലുക്കിയതോടെ ആദ്യ പകുതിയില്‍ നാലുഗോളുകള്‍ക്ക് പിഎസ്‌ജി മുന്നിലെത്തി.

രണ്ടാം പകുതിയില്‍ മയാമിയുടെ തിരിച്ചുവരവാണ് കണ്ടത്. നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെന്നും ഗോള്‍ മാത്രം അകന്നുനിന്നു. ഫിനിഷിങ്ങിലെ അപാകതകള്‍ മെസിക്കും സംഘത്തിനും തിരിച്ചടിയായി.

ത്രില്ലറില്‍ ചെല്‍സിക്ക് മിന്നും ജയം

മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെൻഫിക്കയെ ഇംഗ്ലീഷ് ക്ലബായ ചെല്‍സി 4-1ന് വീഴ്‌ത്തി. ത്രില്ലര്‍ പോരാട്ടത്തില്‍ എക്സ്‌ട്രാ ടൈമിലായിരുന്നു ചെല്‍സി ജയം സ്വന്തമാക്കിയത്. മത്സരത്തിൻ്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു.

64ാം മിനിറ്റില്‍ റീസ് ജെയിംസാണ് ചെല്‍സിക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍, മത്സരം അവസാനിക്കാൻ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ലഭിച്ച പെനാല്‍റ്റിയിലൂടെ എയ്‌ഞ്ചല്‍ ഡി മരിയ ബെൻഫിക്കയ്‌ക്ക് സമനില നല്‍കി. ഇതോടെ മത്സരം എക്സ്‌ട്രാ ടൈമിലേക്ക് നീണ്ടു. എൻകുങ്കു, പെഡ്രോ നാറ്റോ, ഡ്യൂസ്‌ബെറി-ഹാള്‍ എന്നിവര്‍ അധിക സമയത്ത് വലകുലുക്കിയതോടെ മിന്നും ജയമാണ് ചെല്‍സി സ്വന്തമാക്കിയത്. ജയത്തോടെ ചെൽസി ക്വാര്‍ട്ടറിലെത്തി.

ഡബിളുമായി മിന്നി ഹാരി കെയ്ൻ; ക്വാർട്ടർ ഉറപ്പിച്ച് ബയേൺ

കരുത്തരായ ബയേൺ മ്യൂണിക്കാണ് ക്വാർട്ടറിൽ പിഎസ്‌ജിയുടെ എതിരാളികൾ. കരുത്തരായ ഫ്ലമെംഗോയെ 4-2ന് വീഴ്ത്തിയാണ് ബയേൺ ക്വാർട്ടർ ഉറപ്പിച്ചത്. ബയേണിനായി ഹാരി കെയ്ൻ (9, 73) ഇരട്ട ഗോളുകളുമായി തിളങ്ങി. ലിയോൺ ഗൊരെറ്റ്സ്ക 41ാം മിനിറ്റിൽ ജർമൻ ക്ലബ്ബിനായി വലകുലുക്കി. ആറാം മിനിറ്റിൽ എറിക് പുൾഗാറിൻ്റെ സെൽഫ് ഗോളിലൂടെയാണ് ബയേണിൻ്റെ സ്കോർ ബോർഡ് തുറന്നത്. ഫ്ലമെംഗോയ്ക്കായി ഗെർസൺ (33), ജോർജീഞ്ഞോ (55) എന്നിവർ ആശ്വാസ ഗോളുകൾ നേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com