FIFA World Cup 2026 | വല കാക്കാൻ വിശ്വസ്തരായ മൂവർസംഘം; ഗോൾകീപ്പിങ് കരുത്തിൽ ലോകകപ്പിനൊരുങ്ങി സ്പാനിഷ് പട

അപൂർവമായി മാത്രം കാണാറുള്ള ഗോൾകീപ്പർ സ്ഥാനത്തേക്കുള്ള ഈ മത്സരം സ്പാനിഷ് ടീമിൻ്റെ അസാമാന്യ സ്ക്വാഡ് ഡെപ്ത് വ്യക്തമാക്കുന്നതാണ്.
സ്പാനിഷ് ഗോൾകീപ്പർമാരായ ഡേവിഡ് രായ (ഇടത്), ഉനായി സൈമൺ (നടുക്ക്), ജോവാൻ ഗാർഷ്യ (വലത്)
സ്പാനിഷ് ഗോൾകീപ്പർമാരായ ഡേവിഡ് രായ (ഇടത്), ഉനായി സൈമൺ (നടുക്ക്), ജോവാൻ ഗാർഷ്യ (വലത്)INSTAGRAM
Published on
Updated on

മാഡ്രിഡ്: അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനായുള്ള സ്പാനിഷ് ദേശീയ ഫുട്ബോൾ ടീമിനെ ഏതാനം ദിവസങ്ങൾക്ക് മുൻപ് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെ പ്രഖ്യാപിച്ചപ്പോൾ ഫുട്ബോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ചാ വിഷയം അവരുടെ ഗോൾപോസ്റ്റിന് മുന്നിലെ കടുത്ത മത്സരമാണ്. ഏത് വമ്പൻ ക്ലബ്ബും കൊതിക്കുന്ന ലോകോത്തര ഗോൾകീപ്പിങ് നിരയുമായാണ് സ്പെയിൻ ഇത്തവണ ലോകകപ്പിനെത്തുന്നത്. മൈതാനത്തിൻ്റെ എല്ലാ മേഖലകളിലും പ്രതിഭകളുടെ നീണ്ട നിരയുണ്ടെങ്കിലും, അപൂർവമായി മാത്രം കാണാറുള്ള ഗോൾകീപ്പർ സ്ഥാനത്തേക്കുള്ള ഈ മത്സരം സ്പാനിഷ് ടീമിൻ്റെ അസാമാന്യ സ്ക്വാഡ് ഡെപ്ത് വ്യക്തമാക്കുന്നതാണ്.

സ്പാനിഷ് ഗോൾകീപ്പർമാരായ ഡേവിഡ് രായ (ഇടത്), ഉനായി സൈമൺ (നടുക്ക്), ജോവാൻ ഗാർഷ്യ (വലത്)
FIFA World Cup 2026 | മെസ്സി തന്നെ നയിക്കും; 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് അര്‍ജന്റീന

ചാമ്പ്യന്മാരായിട്ടും ബെഞ്ചിലിരിക്കാൻ ഗാർഷ്യയും രായയും

INSTAGRAM

ഈ സീസണിൽ ലോകത്തെ ഏറ്റവും കടുപ്പമേറിയ രണ്ട് ലീഗുകളിൽ തങ്ങളുടെ ക്ലബ്ബുകളെ ചാമ്പ്യന്മാരാക്കിയവരാണ് സ്പാനിഷ് സ്ക്വാഡിലെ ഡേവിഡ് രായയും ജോവാൻ ഗാർഷ്യയും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അസാമാന്യ ഫോമിൽ കളിച്ച് ആഴ്സനലിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ ഡേവിഡ് രായ നിർണായക പങ്കുവഹിച്ചു. മറുവശത്ത് ലാലിഗയിൽ എഫ്സി ബാഴ്സലോണ കിരീടം നേടിയപ്പോൾ ജോവാൻ ഗാർഷ്യ മികച്ച പെർഫോമൻസോടെയാണ് ടീമിന്റെ ഗോൾവല കാത്തത്. 15 ക്ലീൻ ഷീറ്റുകളുമായി സ്പാനിഷ് ലീഗിലെ മികച്ച ഗോൾകീപ്പർക്കുള്ള സമോറ ട്രോഫി സ്വന്തമാക്കിയത് ഗാർഷ്യയായിരുന്നു.

ക്ലബ്ബ് തലത്തിൽ ഇത്രയും വലിയ നേട്ടങ്ങൾ കൊയ്തിട്ടും ഈ രണ്ട് താരങ്ങൾക്കും സ്പാനിഷ് ടീമിൽ പകരക്കാരുടെ ബെഞ്ചിലായിരിക്കും സ്ഥാനം എന്നത്, സ്പെയിനിൻ്റെ ഒന്നാം നമ്പർ ഗോൾകീപ്പറുടെ മേലുള്ള പരിശീലകൻ്റെ വിശ്വാസം എത്രത്തോളമുണ്ടെന്ന് അടിവരയിടുന്നു.

വിശ്വസ്തനായി വീണ്ടും ഉനായി സൈമൺ

INSTAGRAM

ലാലിഗയിൽ ഈ സീസണിൽ 12ാം സ്ഥാനത്ത് മാത്രം ഫിനിഷ് ചെയ്ത അത്‌ലറ്റിക് ക്ലബ്ബിന്റെ ഗോൾകീപ്പറായ ഉനായി സൈമൺ തന്നെയാണ് ഇത്തവണയും സ്പെയിനിൻ്റെ ഒന്നാം നമ്പർ ഗോൾകീപ്പർ. ക്ലബ്ബ് തലത്തിൽ ടീം പിന്നാക്കം പോയെങ്കിലും, സൈമണിന്റെ വ്യക്തിഗത മികവിനെ അതൊരിക്കലും ബാധിച്ചിട്ടില്ല. ഈ സീസണിൽ അത്‌ലറ്റിക് ക്ലബ്ബിനായി 37 ലീഗ് മത്സരങ്ങളിൽ ഗ്ലൗസണിഞ്ഞ താരം രണ്ട് പെനാൽറ്റികൾ ഉൾപ്പെടെ നിരവധി നിർണായക സേവുകൾ നടത്തിയിട്ടുണ്ട്. പ്രതിരോധ നിരയിൽ നിന്ന് അപകടകരമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്നതിലെ മികവും അദ്ദേഹത്തെ മികച്ച ഒരു സ്വീപ്പർ കീപ്പറാക്കി മാറ്റുന്നു.

ദേശീയ ടീമിലെ അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങളാണ് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂവൻ്റെയ്ക്ക് അദ്ദേഹത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നത്. സ്പെയിൻ കിരീടം ചൂടിയ 2024ലെ യൂറോ കപ്പിലും, 2023ലെ യുവേഫ നേഷൻസ് ലീഗിലും സ്പാനിഷ് കോട്ട കാത്തത് സൈമൺ ആയിരുന്നു. 2024 യൂറോ കപ്പിൽ ഫൈനലിൽ ഉൾപ്പെടെ സ്പെയിനിൻ്റെ നിർണായക മത്സരങ്ങളിലെല്ലാം വല കാത്ത അദ്ദേഹം ടൂർണമെൻ്റിലാകെ വെറും 4 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. കൃത്യമായ പൊസിഷനിംഗ്, പെനാൽറ്റി ഷൂട്ടൗട്ടുകളിലെ വലിയ പരിചയസമ്പത്ത്, പ്രതിരോധ നിരയുമായുള്ള മികച്ച ആശയവിനിമയം എന്നിവ സൈമണിനെ ടീമിൻ്റെ അവിഭാജ്യ ഘടകമാക്കുന്നു.

സർവ്വസജ്ജമായ സ്പാനിഷ് സ്ക്വാഡ്

യുഎസ് ലോകകപ്പിനുള്ള സ്പാനിഷ് ടീം
യുഎസ് ലോകകപ്പിനുള്ള സ്പാനിഷ് ടീംINSTAGRAM

ഗോൾകീപ്പിങ്ങിലെ ഈ കരുത്ത് സ്പാനിഷ് ടീമിൻ്റെ ഒരു ഭാഗം മാത്രമാണ്. മൈതാനത്തിൻ്റെ എല്ലാ മേഖലകളിലും ലോകോത്തര താരങ്ങളുടെ ഒരു നീണ്ട നിര തന്നെ അവർക്കുണ്ട്. മധ്യനിരയിലാണ് സ്പെയിനിൻ്റെ യഥാർത്ഥ മാന്ത്രികത ഒളിഞ്ഞിരിക്കുന്നത്. റോഡ്രി, പെഡ്രി, ഗാവി, ഫാബിയൻ റൂയിസ്, മാർട്ടിൻ സുബിമെൻഡി എന്നിവരടങ്ങുന്ന മിഡ്ഫീൽഡ് ഏത് വമ്പൻ ടീമിനും ഭീഷണി ഉയർത്തുന്നതാണ്.

സ്പാനിഷ് ഗോൾകീപ്പർമാരായ ഡേവിഡ് രായ (ഇടത്), ഉനായി സൈമൺ (നടുക്ക്), ജോവാൻ ഗാർഷ്യ (വലത്)
FIFA World Cup 2026 | പരിക്ക് വലയ്ക്കുന്ന ലോകകപ്പ്! ആരൊക്കെ പുറത്തിരിക്കും?

പ്രതിരോധത്തിൽ പൗ കുബാർസിയെപ്പോലുള്ള യുവ പ്രതിഭകൾ ടീമിന് പുതിയ ഊർജ്ജം നൽകുമ്പോൾ, വിങ്ങുകളിൽ എതിരാളികൾക്ക് വെല്ലുവിളിയാകാൻ നിക്കോ വില്യംസും എത്തുന്നു. ഇതിനെല്ലാം പുറമെ മുന്നേറ്റത്തിൽ ലോക ഫുട്ബോളിലെ തന്നെ പുതിയ സെൻസേഷനായ ലാമിൻ യമാലിന്റെ സാന്നിധ്യം കൂടിയാകുമ്പോൾ സ്പാനിഷ് സ്ക്വാഡിന്റെ സന്തുലിതാവസ്ഥ പൂർണമാകുന്നു.

ചുരുക്കത്തിൽ, ലോകകപ്പ് പോലൊരു വലിയ വേദിയിലേക്ക് ഒരുങ്ങുമ്പോൾ വിജയസാധ്യതകൾ നിർണയിക്കുന്ന സ്ക്വാഡ് ഡെപ്ത് സ്പെയിനിന് വേണ്ടുവോളമുണ്ട്. സൈമണിൻ്റെ വിശ്വസ്ത കരങ്ങളും, മധ്യനിരയുടെ ബുദ്ധിയും, യുവത്വത്തിൻ്റെ വേഗതയും സമന്വയിക്കുന്ന ഈ സ്പാനിഷ് സംഘം അമേരിക്കൻ മണ്ണിൽ ലോകകപ്പ് കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വയ്ക്കുന്നില്ല.

News Malayalam 24x7
newsmalayalam.com