ഇന്ത്യൻ ഫുട്ബോളിന്റെ മക്കയില്‍ ചരിത്രപ്പോരാട്ടം; ഒരുക്കം പൂര്‍ത്തിയാക്കി ഇന്ത്യയും ബ്രസീലും

ഇന്ത്യയിൽ ആദ്യമെങ്കിലും ഇന്ത്യയെ പഠിച്ചാണ് ബ്രസീലിന്റെ വരവ്. നാളെ രാത്രി ഏഴരയ്ക്കാണ് സ്വപ്ന പോരാട്ടം...
ഇന്ത്യൻ ഫുട്ബോളിന്റെ മക്കയില്‍ ചരിത്രപ്പോരാട്ടം; ഒരുക്കം പൂര്‍ത്തിയാക്കി ഇന്ത്യയും ബ്രസീലും
Published on: 
Updated on: 

ഇന്ത്യ, ബ്രസീൽ ചരിത്ര പോരാട്ടത്തിന് ഒരുങ്ങി കൊൽക്കത്ത. ഇരു ടീമുകളുടെയും അവസാനവട്ട പരിശീലനം സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പൂർത്തിയായി. ഇന്ത്യയെ വിലകുറച്ച് കാണുന്നില്ലെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി പറഞ്ഞു. 100 ശതമാനം മികവും കളത്തിൽ ഉണ്ടാകുമെന്നാണ് ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം...

നാളെ രാത്രി ഏഴരയ്ക്കാണ് സ്വപ്ന പോരാട്ടം. ക്രിക്കറ്റ് മതമായ ഇന്ത്യയിലേക്ക് ഫുട്ബോളിന്റെ ഈറ്റില്ലമായ ബ്രസീലിൻ്റെ ചരിത്രവരവ്. വെറും കൂട്ടമല്ല, വിനീഷ്യസ് ജൂനിയർ, മാർക്വീഞ്ഞോസ്, മതിയാസ് കൂന്യ, ഡാനിലോ, എൻട്രിക്ക്, മഗാലസ്, മാർട്ടിനെല്ലി... ഡോൺ കാർലോയുടെ തീപ്പൊരി സംഘം. ഇന്ത്യയിൽ ആദ്യമെങ്കിലും ഇന്ത്യയെ പഠിച്ചാണ് വരവ്. എതിരാളിയെ വിലകുറച്ച് കാണുന്നില്ലെന്ന് ബ്രസീൽ തന്ത്രജ്ഞൻ്റെ വാക്കുകൾ.

ഇന്ത്യയും ഒരുങ്ങിയിറങ്ങുകയാണ്. ആസിയാൻ കപ്പ് ഒഴിവാക്കി മുൻ ലോകചാംപ്യൻമാരെ നേരിടാൻ തീരുമാനിച്ചത് തന്നെ പുതിയ ഇന്ത്യയെ ലോകത്തിന് കാണിച്ചുകൊടുക്കാൻ ഉറപ്പിച്ചുള്ള നീക്കം. റയാൻ വില്യംസിന്റെ വരവോടെ മുന്നേറ്റത്തിൽ പ്രതീക്ഷ കൈവന്നു. ഒപ്പം മലയാളിപ്പടയുടെ കരുത്തും. സഹൽ , ആഷിഖ്, ബിജോയ്,സനാൻ... മഞ്ഞപ്പടയ്ക്ക് എതിരെ ആരൊക്കെ ഇറങ്ങും എന്നതാണ് ഇനി അറിയേണ്ടത്. 100 ശതമാനം മികവും കളത്തിൽ കാണാമെന്ന് ഇന്ത്യയുടെ ആത്മവിശ്വാസം.

സാൾട്ട് ലേക്കിലെ വിഖ്യാത മൈതാനത്ത് ഇരുടീമുകളും പരിശീലനം പൂർത്തിയാക്കി. ഇനി കണ്ണിമ ചിമ്മാതെയുള്ള കാത്തിരിപ്പ്. ആരാധകരും ഒഴുകുകയാണ്. ഇന്ത്യൻ ഫുട്ബോളിൻ്റെ മക്കയിലേക്ക്.

News Malayalam 24x7
newsmalayalam.com