

കീവ്: ലോകകപ്പ് ജേതാവായ മുൻ ജർമൻ ഫുട്‌ബോൾ താരം മെസ്യൂട്ട് ഓസിലിനെ യുക്രൈനിലെ വിവാദ വെബ്‌സൈറ്റായ മൈറോത്വോറെറ്റ്‌സ് തങ്ങളുടെ ഡാറ്റാബേസിൽ ഉൾപ്പെടുത്തി. റഷ്യയെയും ഇസ്രയേലിനെയും കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷൻ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന ഓസിലിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് യുക്രൈൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തിന്റെ നീക്കം. യുക്രൈന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, സാംസ്‌കാരിക നായകർ എന്നിവരുടെ വ്യക്തിഗത വിവരങ്ങൾ പരസ്യപ്പെടുത്തുന്ന പ്ലാറ്റ്ഫോമാണ് മൈറോത്വോറെറ്റ്‌സ്. അന്താരാഷ്ട്ര തലത്തിൽ 'കിൽ ലിസ്റ്റ്' എന്ന് വരെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ഈ പട്ടികയിലാണ് മുൻ റയൽ മാഡ്രിഡ്, ആഴ്‌സണൽ മിഡ്ഫീൽഡറുടെ പേരും ചേർത്തിരിക്കുന്നത്.
യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ ഫുട്‌ബോൾ ടീമുകളെ ഫിഫയും യുവേഫയും അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിലക്കിയിരുന്നു. എന്നാൽ, ഗാസയിലും പലസ്തീനിലും തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലിനെതിരെ സമാനമായ യാതൊരു നടപടിയും സ്വീകരിക്കാൻ ഫിഫ തയ്യാറാകുന്നില്ലെന്ന് ഓസിൽ നേരത്തെ വിമർശിച്ചിരുന്നു. കായികരംഗത്തെ ഈ ഇരട്ടത്താപ്പ് നീതീകരിക്കാനാവില്ലെന്നും ഇസ്രയേൽ ക്ലബ്ബുകൾക്കും ദേശീയ ടീമിനും മത്സരങ്ങളിൽ തുടരാൻ അനുമതി നൽകുന്നത് അനീതിയാണെന്നുമായിരുന്നു താരത്തിന്റെ നിലപാട്. പലസ്തീൻ ജനതയ്‌ക്കൊപ്പം പരസ്യമായി നിലകൊണ്ട ഓസിലിന്റെ നിലപാടുകൾ റഷ്യൻ അനുകൂല പ്രചാരണമായി ചിത്രീകരിച്ചാണ് യുക്രൈൻ പ്ലാറ്റ്ഫോം അദ്ദേഹത്തിന്റെ വിവരങ്ങൾ വെബ്‌സൈറ്റിൽ ചേർത്തത്.
റഷ്യൻ സൈനിക നടപടിയെ പിന്തുണയ്ക്കുന്നുവെന്ന ആരോപണമാണ് ഇദ്ദേഹത്തിനെതിരെ സൈറ്റ് ഉന്നയിക്കുന്നത്. അതേസമയം, ഈ വെബ്‌സൈറ്റിൽ പേര് ഉൾപ്പെടുത്തിയതുകൊണ്ട് ഓസിലിനെതിരെ നിലവിൽ ഔദ്യോഗിക നിയമനടപടികളോ യാത്രാവിലക്കുകളോ ഏർപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എങ്കിലും വ്യക്തിഗത വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ഭീഷണിയുയർത്തുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
2014ൽ റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ തുടക്കത്തിലാണ് കീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാരിതര സംവിധാനമായി മൈറോത്വോറെറ്റ്‌സ് രൂപംകൊള്ളുന്നത്. യുക്രൈൻ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തികളുടെ വിലാസം, ഫോട്ടോകൾ, ഫോൺ നമ്പറുകൾ എന്നിവ അടക്കമുള്ള വിവരങ്ങൾ ഈ വെബ്‌സൈറ്റ് പരസ്യപ്പെടുത്താറുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ട ചില മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും പിന്നീട് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുള്ളതിനാൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ഇതിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭയും യൂറോപ്യൻ സുരക്ഷാ കൗൺസിലും പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്വകാര്യ സംരംഭമെന്ന നിലയിൽ യുക്രൈൻ സർക്കാർ സൈറ്റിന്റെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ തയ്യാറായിട്ടില്ല.
അതേസമയം, ഓസിലിനെതിരായ നീക്കത്തിൽ യുക്രെയ്ൻ വൃത്തങ്ങൾ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തന്റെ തലമുറയിലെ ഏറ്റവും മികച്ച പ്ലേമേക്കർമാരിൽ ഒരാളായി വാഴ്ത്തപ്പെടുന്ന മെസ്യൂട്ട് ഓസിൽ, 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പ് നേടിയ ജർമൻ ടീമിലെ പ്രധാന താരമായിരുന്നു. ജർമനിക്കായി 92 മത്സരങ്ങളിൽ കളിച്ച താരം 23 ഗോളും സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ്ബ് ഫുട്‌ബോളിൽ ഷാൽക്കെ, വെർഡർ ബ്രെമെൻ, റയൽ മാഡ്രിഡ്, ആഴ്‌സണൽ, ഫെനർബാഷെ, ഇസ്താംബൂൾ ബസക്‌സെഹിർ എന്നീ മുൻനിര ക്ലബ്ബുകൾക്കായി 650തിലധികം മത്സരങ്ങളിൽ താരം കളത്തിലിറങ്ങി. 2023ലാണ് താരം പ്രൊഫഷണൽ ഫുട്‌ബോളിൽനിന്ന് വിരമിക്കുന്നത്.