
രണ്ട് പതിറ്റാണ്ടോളം കാലം ലോക ഫുട്ബോളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രണ്ട് പേരുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും ലയണൽ മെസ്സിയുടേയും. ഇരുവരും തമ്മിലുള്ള പോരാട്ടങ്ങൾ സമാനതകളില്ലാത്തയാണ്. ലോകത്തെ മികച്ച ഫുട്ബോളർക്കുള്ള ബാലൻഡിയോർ എട്ട് തവണ നേടിയ മെസ്സിയാണോ 'GOAT', അതോ അഞ്ച് തവണ മാത്രം നേടിയ റൊണാൾഡോയാണോ എന്ന ചർച്ചകൾക്കും അന്ത്യമില്ലാത്തതാണ്.
എന്നാൽ ഈ 'GOAT' ചർച്ചയ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ഇരുവരുടേയും ആരാധകർ. ഇറ്റാലിയൻ ലീഗ് ഫുട്ബോളായ സീരീ എ സീസണിനൊടുവിൽ നാപ്പോളിയുടെ മിഡ് ഫീൽഡറായ സ്കോട്ട് മക്ടോമിനെ നടത്തിയ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്.
സീസണിൽ 12 ഗോളുകളുമായി നാപ്പോളിക്ക് നാലാമത്തെ ലീഗ് കിരീടം സമ്മാനിച്ച ശേഷമായിരുന്നു സ്കോട്ടിഷ് സൂപ്പർതാരം മാധ്യമങ്ങളോട് തൻ്റെ മനസ് തുറന്നത്.
ലോകത്തെ ഏറ്റവും മികച്ച താരമാരാണെന്ന സ്പോർട്സ് ബൈബിൾ ചാനലിൻ്റെ ചോദ്യത്തിന് വീഡിയോയിലൂടെ മറുപടി നൽകുകയായിരുന്നു മക്ടോമിനെ. "ഒരു സംശയവും വേണ്ട, ലയണൽ മെസ്സിയാണ് ലോകത്തെ മികച്ച ഫുട്ബോളർ. നിങ്ങൾ ചെയ്യേണ്ടത് അദ്ദേഹത്തിൻ്റെ മാച്ച് കാണുക മാത്രമാണ്. ജീവിതത്തിൽ ഇതുപോലൊരു ഫുട്ബോൾ താരത്തെ ഞാൻ കണ്ടിട്ടില്ല. ഞാൻ അദ്ദേഹത്തിനെതിരെ കളിച്ചിട്ടുണ്ട്. മെസ്സിക്കെതിരെ കളിക്കുന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്," മക്ടോമിനെ പറഞ്ഞു.
നിലവിൽ സൌദി പ്രോ ലീഗിൽ അൽ നസറിനായി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും, അമേരിക്കയിലെ എംഎൽഎസിൽ ഇൻ്റർ മയാമിക്കായി കളിക്കുന്ന ലയണൽ മെസ്സിയും സ്വന്തം ടീമുകളുടെ പ്രകടനത്തിൽ അതൃപ്തരാണെന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിനൊടുവിൽ ക്രിസ്റ്റ്യാനോ ബ്രസീലിയൻ ക്ലബ്ബിലേക്ക് ചേക്കേറുമെന്നും ക്ലബ്ബ് ലോകകപ്പിൽ കളിക്കുമെന്നുമുള്ള ഊഹാപോഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫിഫ പ്രസിഡൻ്റ് ഇൻഫാൻ്റീനോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.