യൂൾസ് റിമെറ്റ്.. ഇരട്ട മോഷണം... പിക്കിൾ... സംഭവബഹുലമാണ് ലോകകപ്പ് ട്രോഫിയുടെ കഥ!

ഫുട്ബോൾ ലോകകപ്പ് ട്രോഫിയുടെ ചരിത്രം ഒന്ന് വേഗത്തിൽ നോക്കാം...
Brasilian Legend pele with three World cups
Source: Facebook/ FIFA Museum
Published on
Updated on

ഒളിപിംക്സ് കഴിഞ്ഞാൽ പിന്നെ ലോകത്തേറ്റവും കൂടുതൽ കാഴ്ചക്കാരുള്ള സ്പോർട്സ് മാമാങ്കം ഏതാണ്? സംശയമെന്താ ഫുട്ബോൾ തന്നെ... സത്യം പറഞ്ഞാൽ.. ഫുട്ബോൾ ലോകകപ്പിനോളം പ്രചാരം ഒളിംപിക്സിന് പോലുമില്ലെന്നതാണ് വാസ്തവം! അതിനാൽ തന്നെ അത്തരമൊരു ഗ്ലോബൽ ഇവൻ്റിൻ്റെ പ്രതാപത്തിനൊത്തൊരു ട്രോഫി കൂടി വേണ്ടേ... ? തീർച്ചയായും വേണം... ഫുട്ബോൾ ലോകകപ്പ് ട്രോഫിയുടെ ചരിത്രം ഒന്ന് വേഗത്തിൽ നോക്കാം...

FIFA WORLD CUP TROPHIES
പഴയതും പുതിയതുമായ ലോകകപ്പ് ട്രോഫികൾSource: Facebook/ FIFA Museum

യൂൾസ് റിമെറ്റ് ട്രോഫി

1930 മുതൽ 1970 വരെ ലോകജേതാക്കൾക്ക് ഫിഫ നൽകിയിരുന്നത് ഫ്രഞ്ച് ശിൽപ്പിയായ ആബേൽ ലാഫ്ല്വർ രൂപകൽപ്പന ചെയ്ത കപ്പായിരുന്നു.. 'വിജയം സമ്മാനിക്കുന്ന ഗ്രീക്ക് ദേവത'യായ നൈക്കിൻ്റെ രൂപമായിരുന്നു ട്രോഫിയിൽ ആലേഖനം ചെയ്തിരുന്നത്. 3.8 കിലോ ഭാരമുള്ള സ്വർണം പൂശിയ സ്റ്റെർലിങ് സിൽവർ കൊണ്ടുള്ള പ്രതിമയ്ക്ക് 35 സെൻ്റീ മീറ്റർ ഉയരമുണ്ടായിരുന്നു... ലാപിസ് ലാസുളി എന്ന നീലക്കല്ല് ഉപയോഗിച്ചാണ് ട്രോഫിയുടെ താഴ്ഭാഗത്തുള്ള ബേസ് നിർമിച്ചത്. അതിന് ചുറ്റുമുള്ള നാല് ഭാഗാത്തായുള്ള ഗോൾഡൻ പ്ലേറ്റുകളിൽ ജേതാക്കളുടെ പേരും രേഖപ്പെടുത്തിയിരുന്നു.

ഫിഫയുടെ മൂന്നാമത്തെ പ്രസിഡൻ്റായിരുന്ന ഫ്രാൻസുകാരനായ യൂൾസ് റിമെറ്റിൻ്റെ പേരിലാണ് ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് ട്രോഫി അറിയപ്പെട്ടിരുന്നത്... 1929ൽ ആഗോളതലത്തിലൊരു ടൂർണമെൻ്റ് നടത്താനായി ഫിഫയിൽ വോട്ടിങ് നടത്തിയത് അദ്ദേഹമായിരുന്നു.. തൊട്ടടുത്ത വർഷമാണ് ആദ്യത്തെ ലോകകപ്പ് നടന്നത്. 1946ൽ റിമെറ്റിനോടുള്ള ബഹുമാനാർഥമാണ് ലോകകപ്പ് ട്രോഫിക്ക് അദ്ദേഹത്തിൻ്റെ പേര് നൽകിയത്.

ഫ്രാൻസുകാരനായ യൂൾസ് റിമെറ്റിൻ്റെ പേരിലാണ് ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് ട്രോഫി അറിയപ്പെട്ടിരുന്നത്
ഫ്രാൻസുകാരനായ യൂൾസ് റിമെറ്റിൻ്റെ പേരിലാണ് ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് ട്രോഫി അറിയപ്പെട്ടിരുന്നത്Source: Facebook/ FIFA Museum

രണ്ടാം ലോക മഹായുദ്ധവും നാസി ഭീഷണിയും!

രണ്ടാം ലോക മഹായുദ്ധ കാലത്ത് ലോകകപ്പ് ട്രോഫിയുടെ സംരക്ഷണത്തെ ചൊല്ലിയും കടുത്ത ആശങ്ക ഉയർന്നിരുന്നു! 1938ലെ ലോക ജേതാക്കൾ ഇറ്റലിയായിരുന്നു... ഇറ്റലി വേൾഡ് വാറിൽ സജീവമായിരുന്നതിനാൽ തന്നെ നാസികൾ ഈ കപ്പ് തട്ടിയെടുക്കുമോ എന്ന് പലരും ഭയന്നു. ഇറ്റലിക്കാരനായിരുന്ന അന്നത്തെ ഫിഫ വൈസ് പ്രസിഡൻ്റ് ഒട്ടോറിനോ ബരാസി ട്രോഫി ബാങ്ക് നിലവറയിൽ നിന്ന് രഹസ്യമായി പുറത്തെടുത്ത് തൻ്റെ കട്ടിലിനടിയിൽ ഒളിപ്പിച്ച് വച്ചു...

pele won the FIFA World Cup three times
യൂൾസ് റിമെറ്റ് ലോകകപ്പ് ട്രോഫിയുമായി പെലെSource: Facebook/ FIFA Museum

ലോകകപ്പ് ട്രോഫി മോഷ്ടിക്കപ്പെടുന്നു... !!

1966ൽ ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കെ ഇംഗ്ലണ്ടിലെ വെസ്റ്റ് മിൻസ്റ്റർ സെൻട്രൽ ഹാളിൽ നിന്ന് ഈ ട്രോഫി മോഷ്ടിക്കപ്പെട്ടു... അജ്ഞാതരായ മോഷ്ടാക്കൾ 15,000 പൗണ്ട് മോചനദ്രവ്യമാണ് പകരം ആവശ്യപ്പെട്ടത്... അതോടെ ഇംഗ്ലണ്ട് ഭരണകൂടം കപ്പ് കണ്ടെത്താനായി മുഴുവൻ പൊലീസ് സേനയേയും ചുമതലപ്പെടുത്തി...

കപ്പ് കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫിഫ അധികൃതർ തിരക്കിട്ട് ഒരു പകർപ്പ് നിർമിക്കുകയുണ്ടായി... എന്നാൽ സംഭവബഹുലമായ 7 ദിവസത്തിനിപ്പുറം പിക്കിൾസ് എന്ന നായ കളവ് പോയ ട്രോഫി കണ്ടെടുത്തു... സൗത്ത് ലണ്ടനിലെ സബേർബൻ ഗാർഡൻ ഹെഡ്ജിൽ നിന്നും ഒരു ഇംഗ്ലീഷ് പത്രത്തിൽ പൊതിഞ്ഞ നിലയിലാണ് ട്രോഫി കണ്ടെത്തിയത്... വളർത്തു നായയുടെ ഉടമയായ ഡേവ് കോർബറ്റിന് 6000 പൗണ്ട് സമ്മാനമായി നൽകി... സന്തോഷസൂചകമായി 'ക്യൂട്ട് പിക്കിൾസി'ന് മരണം വരെയും കുശാലായ ഭക്ഷണവും ലഭിക്കുമെന്ന് ഫിഫ ഉറപ്പാക്കിയിരുന്നു...

'Pickles' dog who found missing world cup in 1966
1966ൽ കളവു പോയ യൂൾസ് റിമെറ്റ് ട്രോഫി കണ്ടെടുത്ത വളർത്തു നായ പിക്കിൾസ്Source: Facebook/ FIFA Museum

'ഭൂമിയെ കയ്യിലേന്തി രണ്ട് മനുഷ്യർ'

1970 മുതൽ ബ്രസീലിലായിരുന്നു ലോകകപ്പ് ട്രോഫി സൂക്ഷിച്ചിരുന്നത്. 1983ൽ റിയോയിലുള്ള ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ്റെ ഓഫീസിൽ നിന്നും സ്വർണക്കപ്പ് വീണ്ടും മോഷണം പോയി... !! പിന്നീടൊരിക്കലും അത് കണ്ടെടുക്കാനായില്ല എന്നതാണ് ദുഃഖകരം... !!

1974 മുതലാണ് ഇന്ന് കാണുന്ന രൂപകൽപ്പനയിലുള്ള ലോകകപ്പ് ട്രോഫി വിജയികൾക്ക് നൽകിത്തുടങ്ങിയത്. 36.8 സെൻ്റീമീറ്റർ ഉയരമുള്ള ഗോൾഡൻ ട്രോഫിക്ക് 6.175 കിലോ ഭാരമുണ്ട്. 'ഭൂമിയെ കയ്യിലേന്തിയ രണ്ട് മനുഷ്യർ' എന്നതാണ് ഈ ട്രോഫിയുടെ രൂപകൽപ്പനയ്ക്ക് ആധാരമായ വിഷയം...

1970 world cup designer, Italian sculptor Silvio Gazzaniga
ഇറ്റാലിയൻ ശിൽപിയായ സിൽവിയോ ഗസാനിഗ ലോകകപ്പ് ട്രോഫിയുടെ പേപ്പർ ഡിസൈനിങ് ഘട്ടത്തിൽSource: Facebook/ FIFA Museum

ഇറ്റാലിയൻ ശിൽപിയായ സിൽവിയോ ഗസാനിഗ സൃഷ്ടിച്ച, നമ്മൾ ഇപ്പോൾ കണ്ടു പരിചയിച്ച ഫിഫ ലോകകപ്പ് ട്രോഫിയുടെ അരങ്ങേറ്റം 1974ലെ ഫുട്ബോൾ ലോകകപ്പിലായിരുന്നു. പശ്ചിമ ജർമ്മൻ ക്യാപ്റ്റനായ ഫ്രാൻസ് ബെക്കൻബോവറാണ് ഈ പുതിയ ട്രോഫി ആദ്യമായി ഉയർത്തിയത്.

50,000ത്തിൽ നിന്ന് 20 മില്ല്യണിലേക്ക്!!

18 കാരറ്റ് സ്വർണത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. എന്നാൽ കപ്പിൻ്റെ അടിഭാഗത്ത് കാണുന്ന പച്ചനിറം, അത് മാലക്കൈറ്റ് എന്ന സ്റ്റോൺ കൊണ്ട് നിർമിച്ചതിനാലാണ്. തുടക്ക കാലത്ത് സ്വർണം പൂശിയ ലോകകപ്പിന് 50,000 ഡോളർ മാത്രമായിരുന്നു വില. പിന്നീട് വർഷങ്ങൾക്കിപ്പുറം നമ്മൾ ഇന്ന് കണ്ട് പരിചയിച്ച ലോകകപ്പിന് 20 മില്ല്യൺ ഡോളറോളം വിലമതിക്കുന്നുണ്ട്...

ജേതാക്കൾക്ക് കിട്ടുക 'വ്യാജൻ'

2006 മുതൽ ഫുട്ബോൾ ലോകകപ്പ് ജേതാക്കളാകുന്ന ടീമിന് യഥാർഥ ട്രോഫിയുടെ സ്വർണം പൂശിയ വെങ്കല പകർപ്പ് മാത്രമാണ് സംഘാടകരായ ഫിഫ കൈമാറിവരുന്നത്... ഫൈനലിന് ശേഷം നടക്കുന്ന സമ്മാനദാന ചടങ്ങിൽ കുറച്ച് നേരം മാത്രമാണ് ഒറിജിനൽ ട്രോഫി ചാംപ്യൻമാർക്ക് കൈവശം വെക്കാനാകുക.

messi with world cup 2022
ഒറിജിനൽ ലോകകപ്പുമായി മെസിയുടെ ആഹ്ളാദ പ്രകടനംSource: Facebook/ FIFA Museum
News Malayalam 24x7
newsmalayalam.com