

കൊൽക്കത്ത: ശനിയാഴ്ച കൊൽക്കത്തയിൽ നടന്ന ആവേശപ്പോരിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി ഐഎഫ്എ ഷീൽഡ് 2025 കിരീടം ചൂടി മോഹൻ ബഗാൻ. എക്സ്ട്രാ ടൈമിന് ശേഷവും മത്സരം 1-1ന് സമനിലയിൽ തുടർന്നതോടെയാണ് മാച്ച് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാൽറ്റി ഷൂട്ടൗട്ടിൽ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെ 5-4നാണ് പരാജയപ്പെടുത്തിയത്.
37ാം മിനിറ്റിൽ മൊറോക്കൻ ഫോർവേഡ് ഹമീദ് അഹദാദിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ മോഹൻ ബഗാൻ മിഡ് ഫീൽഡർ അപുയ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അതിശയിപ്പിക്കുന്ന ഗോൾ നേടി ബഗാന് സമനില സമ്മാനിച്ചു.
നിശ്ചിത സമയത്ത് മോഹൻ ബഗാൻ സ്‌ട്രൈക്കർ ജേസൺ കമ്മിംഗ്‌സിന് ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ ഷൂട്ടൗട്ടിനായി ഈസ്റ്റ് ബംഗാൾ ഗോൾകീപ്പറെ മാറ്റിയിട്ടും ബഗാൻ ശാന്തത പാലിച്ചു. അതോടെ 22 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മോഹൻ ബഗാൻ ഐഎഫ്എ ഷീൽഡ് കപ്പിൽ മുത്തമിട്ടു. 2003ന് ശേഷം ഇപ്പോഴാണ് അവർ ഐഎഫ്എ ഷീൽഡ് കിരീടം ജയിക്കുന്നത്.