കൗലൂണിലെ കൈ തക് സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പിനായുള്ള യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ലോക റാങ്കിങില്‍ 157-ാം സ്ഥാനത്തുള്ള ഹോങ് കോങ്ങിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. കളിയുടെ 94 ആം മിനുട്ടിൽ സ്റ്റെഫാൻ പെരെയ്‌രയാണ് ഹോങ്കോങ്ങിൻ്റെ വിജയഗോൾ നേടിയത്.
തായ്‌ലൻഡിനെതിരായ മുൻ സൗഹൃദ മത്സരത്തിൽ നിന്ന് ഇന്ത്യയുടെ മുഖ്യ പരിശീലക മനോളോ മാർക്വേസ് സ്റ്റാർട്ടിംഗ് ലൈനപ്പിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയിരുന്നു. സെൻട്രൽ മിഡ്‌ഫീൽഡിൽ ആയുഷ് ദേവ് ഛേത്രിക്ക് പകരം സുരേഷ് സിംഗ് വാങ്‌ജാം കളത്തിലിറങ്ങിയപ്പോൾ, സുനിൽ ഛേത്രിക്കും മൻവീർ സിങ്ങിനും പകരം ബ്രാൻഡൻ ഫെർണാണ്ടസും ലാലിയൻസുവാല ചാങ്‌ടെയും ടീമിലെത്തി. ആഷിഖ് കുരുണിയനെയാണ് മുൻ നിരയിൽ വിന്യസിച്ചത്.
ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച അവസരം 35-ാം മിനിറ്റിൽ ബ്രാൻഡൻ ഫെർണാണ്ടസ് ഹാഫ്‌വേ ലൈനിനടുത്ത് പന്ത് കൈവശപ്പെടുത്തി. ആഷിക്കിന് നേരെ അദ്ദേഹം പന്ത് ത്രൂ ബോൾ ചെയ്തു. എന്നിരുന്നാലും, ഫോർവേഡ് താരത്തിന് തന്റെ ഷോട്ട് അടുത്തുനിന്ന് ലക്ഷ്യത്തിലേക്ക് നയിക്കാനായില്ല.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 0-0 എന്ന സമനില വഴങ്ങിയതിന് ശേഷം ഇന്ത്യക്ക് ഒരു വിജയവും നേടാൻ ആയില്ല. ഗ്രൂപ്പ് സിയില്‍ ഏറ്റവും പിന്നിലായി നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം.
നാല് ടീമുകളുടേയും രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഹോങ് കോങ് നാല് പോയിൻ്റുമായി ഒന്നാംസ്ഥാനത്താണ്. രണ്ട് പോയിൻ്റുമായി ബംഗ്ലാദേശ് രണ്ടം സ്ഥാനത്തും, രണ്ട് പോയിൻ്റുള്ള സിംഗപ്പൂർ മൂന്നാംസ്ഥാനത്തുമാണ് ഉള്ളത്. ലോകറാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം 127ാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിലും തോറ്റതോടെ ഏഷ്യൻ കപ്പിന് യോഗ്യത നേടാനുള്ള പ്രതീക്ഷകൾക്ക് മേൽ കനത്ത തിരിച്ചടിയാണ് ഏറ്റത്.