കൊച്ചി: ഇന്ത്യന്‍ സൂപ്പർ ലീഗ് 2025-26 സീസണ്‍ നടക്കുമോയെന്നതിലെ ആശങ്കകള്‍ നീങ്ങുന്നതായി സൂചന. വേദികളുടെ ലഭ്യത നോക്കാന്‍ എഐഎഫ്എഫ് ക്ലബുകള്‍ക്ക് നിർദേശം നല്‍കിയതായാണ് പുറത്തുവരുന്ന വിവരം.
മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റിന്റെ കാര്യത്തിൽ ഈ സീസൺ അവസാനം വരെ തൽസ്ഥിതി തുടരാൻ ഫുട്ബോള്‍ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ധാരണയിൽ എത്തിയിരുന്നു. ഇരുക്ഷികളും തമ്മില്‍ തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു. ചർച്ചകളെ ഇരുകൂട്ടരും ക്രിയാത്മകമായി സമീപിച്ചുവെന്നും പരസ്പരം യോജിച്ച് ഒരു നിർദേശത്തിൽ എത്തുമെന്നുമാണ് എഐഎഫ്എഫ് പുറത്തിറക്കിയ പ്രസ്താവന. സംയുക്ത നിർദേശം സുപ്രീം കോടതിക്ക് മുമ്പാകെ ഓഗസ്റ്റ് 28ന് സമർപ്പിക്കുമെന്നും വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ അഭിപ്രായങ്ങളിലേക്ക് കടക്കുന്നില്ലെന്നുമാണ് എഐഎഫ്എഫ് അറിയിച്ചത്.
അതേസമയം, കോടതിയിൽ അവതരിപ്പിക്കുന്ന നിർദേശത്തിന് അന്തിമരൂപം നൽകുന്നതിനായി ഇരു കക്ഷികളും വരും ദിവസങ്ങളിൽ വീണ്ടും യോഗം ചേരുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. സീസൺ ആരംഭിക്കാനും ഒരു വർഷത്തേക്ക് കൂടി നടത്താനും എഫ്‌എസ്ഡിഎല്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്നാണ് സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ നീട്ടിവെച്ചത്. സംപ്രേഷണാവകാശ കരാറിനെ ചൊല്ലിയായിരുന്നു തര്‍ക്കം. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിക്കുകയായിരുന്നു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറിലാണ് ആവസാനിക്കുക.
മാസ്റ്റർ കരാർ പ്രകാരം ഈ വർഷം ഡിസംബർ വരെ എഫ്എസ്ഡിഎല്‍ 25 കോടി രൂപ എഐഎഫ്എഫിന് നൽകണം. എന്നാൽ, 10-15 കോടി രൂപയിൽ കുറഞ്ഞ പേയ്‌മെന്റിനായി എഫ്എസ്ഡിഎല്‍ വിലപേശുകയാണെന്നാണ് റിപ്പോർട്ടുകള്‍. ഇപ്പോള്‍ നടക്കുന്ന ചർച്ചകള്‍ ഫലം കണ്ടാല്‍ ഒക്ടോബർ-നവംബർ മാസത്തില്‍ ഐഎസ്എല്‍ പുതിയ സീസണ്‍ ആരംഭിക്കും. ഐ-ലീഗ് ജേതാക്കളായ ഇന്റർ കാശി ഉള്‍പ്പെടെ 14 ടീമുകളാകും ഇത്തവണ സൂപ്പർ ലീഗില്‍ മാറ്റുരയ്ക്കുക.
കഴിഞ്ഞ വർഷം ജിയോ-ഹോട്ട്‌സ്റ്റാറായിരുന്നു ഐഎസ്എല്‍ സംപ്രേക്ഷണം നടത്തിയിരുന്നത്. പക്ഷേ വരുന്ന സീസണിൽ ഐഎസ്‌എൽ സംപ്രേഷണം ചെയ്യുന്നതിന് പുതിയ പങ്കാളികളെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, ഹ്രസ്വകാല ഓഫറിന് വാങ്ങുന്നവർ ഉണ്ടാകുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.