മുംബൈ സിറ്റിയോട് പൊരുതിത്തോറ്റ് ബ്ലാസ്റ്റേഴ്‌സ്; ആദ്യ ഹോം മത്സരത്തിലും നിരാശ

കളിക്കളത്തിൽ മികച്ച പോരാട്ടവീര്യം പുറത്തെടുത്തിട്ടും നിർണായക നിമിഷങ്ങളിലെ ചെറിയ വ്യത്യാസങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.
KBFC
മുംബൈ സിറ്റി എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള പോരാട്ടത്തിൽ നിമിഷങ്ങൾ
Published on
Updated on

കൊച്ചി: ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ മഞ്ഞപ്പടയെ സാക്ഷിയാക്കി നടന്ന ആവേശകരമായ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. കളിക്കളത്തിൽ മികച്ച പോരാട്ടവീര്യം പുറത്തെടുത്തിട്ടും നിർണായക നിമിഷങ്ങളിലെ ചെറിയ വ്യത്യാസങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.

ആരാധകരുടെ വലിയ പിന്തുണയോടെ ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് കാഴ്ചവച്ചത്. വിക്ടർ ബെർട്ടോമിയുവും തിംഗുജം കോറൗ സിംഗും മുംബൈ പ്രതിരോധത്തിന് നിരന്തരം ഭീഷണി ഉയർത്തി. വിങ്ങുകളിലൂടെ പന്തുമായി കുതിച്ചും കൃത്യമായ പാസുകളിലൂടെ മുന്നേറ്റങ്ങൾ മെനഞ്ഞും ബ്ലാസ്റ്റേഴ്‌സ് കളം നിറഞ്ഞു.

KBFC
KBFC
ബ്ലാസ്‌റ്റേഴ്‌സിന് കൊമ്പൊടിഞ്ഞ് തുടക്കം; സ്വന്തം തട്ടകത്തില്‍ മോഹന്‍ ബഗാന് വിജയം|ISL 2026

മത്സരത്തിന്റെ 24-ാം മിനിറ്റിൽ മുംബൈ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി തടഞ്ഞിട്ട ഗോൾകീപ്പർ അർഷ് ഷെയ്ഖ് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. പെരേര ഡയസിന്റെ കിക്ക് കൃത്യമായി വലതുവശത്തേക്ക് ഡൈവ് ചെയ്ത് അർഷ് രക്ഷപ്പെടുത്തിയതോടെ ടീമിലും ആരാധകരിലും ആത്മവിശ്വാസം ഇരട്ടിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലാലിയൻസുവാല ചാങ്‌തേയിലൂടെ മുംബൈ സിറ്റി ലീഡ് നേടി. ഗോൾ വഴങ്ങിയതോടെ കൂടുതൽ കരുത്തോടെ തിരിച്ചടിച്ച ബ്ലാസ്റ്റേഴ്‌സ് സമനിലയ്ക്കായി കിണഞ്ഞു പരിശ്രമിച്ചു. കൂടുതൽ വേഗതയ്ക്കും ക്രിയാത്മകതയ്ക്കുമായി എബിദാസ്, മാറ്റിയാസ്, അജ്സൽ എന്നിവരെ ഹെഡ് കോച്ച് ഡേവിഡ് കറ്റാല കളത്തിലിറക്കി.

KBFC
KBFC
2025-26 ഐഎസ്എൽ സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്ക്വാഡായി; ലൂണയ്ക്ക് പകരം പുതിയ ക്യാപ്റ്റനായി ഇന്ത്യയുടെ അണ്ടർ 23 യുവതാരം

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈ ബോക്സിലേക്ക് ആക്രമണങ്ങൾ അഴിച്ചുവിട്ടു. ലോങ്ങ് ഷോട്ടുകളിലൂടെയും തുടർച്ചയായ ക്രോസുകളിലൂടെയും സമനില ഗോളിനായി ടീം പരമാവധി ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ ലക്ഷ്യം അകന്നുനിന്നു. തോൽവി വഴങ്ങിയെങ്കിലും അവസാന വിസിൽ വരെ ടീം പുറത്തെടുത്ത ആത്മവിശ്വാസവും പോരാട്ടവീര്യവും ശ്രദ്ധേയമായിരുന്നു.

ഈ മത്സരത്തിലെ പോസിറ്റീവ് വശങ്ങൾ ഉൾക്കൊണ്ട് വരാനിരിക്കുന്ന പോരാട്ടങ്ങളിൽ ശക്തമായി തിരിച്ചുവരാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 28ന് ഇന്റർ കാശിക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com