ഇനി ആവേശപ്പൂരം; ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ മോഹന്‍ ബഗാന്‍

ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നിലവിലെ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍
ഇനി ആവേശപ്പൂരം; ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ മോഹന്‍ ബഗാന്‍
Published on
Updated on

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്ന് കൊടിയേറ്റം. ഐഎസ്എല്‍ പന്ത്രണ്ടാം പതിപ്പിന് ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ പന്തുരുളും. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നിലവിലെ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

അഡ്രിയന്‍ ലൂണ, നോഹ സദോയ് അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ മഞ്ഞപ്പട വിട്ടെങ്കിലും അവര്‍ക്കൊപ്പം കിടപിടിക്കുന്ന വമ്പന്‍മാരുമായാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. കന്നികിരീടം തേടിയിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിനെ ഇത്തവണ ലൂണയുടെ അഭാവത്തില്‍ ഇന്ത്യയുടെ അണ്ടര്‍ 23 നായകന്‍ ബികാഷ് യുംനാമാണ് നയിക്കുക. പരിചയസമ്പന്നര്‍ക്കൊപ്പം യുവതാരങ്ങളെയും ടീമിലെത്തിച്ച് കരുത്ത് കൂട്ടിയിട്ടുണ്ട് മഞ്ഞപ്പട.

പരിശീലകന്‍ ഡേവിഡ് കറ്റാലയുടെ കീഴില്‍ കടുത്ത പരിശീലനം പൂര്‍ത്തിയാക്കി കൊല്‍ക്കത്തയിലേക്ക് വണ്ടി കയറിയ ബ്ലാസ്റ്റേഴ്‌സ്, ആദ്യ ജയം സ്വന്തമാക്കി പന്ത്രണ്ടാം സീസണ് വരവ് അറിയിക്കാന്‍ ലക്ഷ്യമിടുന്നത്. സച്ചിന്‍ സുരേഷും അര്‍ഷ് ഷെയ്ഖും നയിക്കുന്ന ഗോള്‍കീപ്പിങ്ങ് ടീമിന് കരുത്താകുമ്പോള്‍, ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വിദേശ താരം ഉമര്‍ ബാഹും കരുത്തുറ്റ പ്രതിരോധം തീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ട്. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ മര്‍ലോണ്‍ റൂസിനും, വിബിന്‍ മോഹനനുമാണ് ചുമതല. മുന്നേറ്റ നിരയില്‍ വിക്ടര്‍ ബെര്‍ത്തോമ്യൂവിനും കെവിന്‍ യോക്കിലുമാണ് കറ്റാല വിശ്വാസമര്‍പ്പിക്കുന്നത്.

ദിമിത്രി പെട്രറ്റോസില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചാണ് മോഹന്‍ ബഗാനെ കിരീടം നിലനിര്‍ത്താന്‍ സെര്‍ജിയോ ലൊബെര അണിനിര്‍ത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ബഗാന്‍ കൂടാരത്തിലെത്തിച്ച അമേയ് റണവാഡയും ഇന്ന് സാള്‍ട്ട്‌ലേക്കില്‍ ഇറങ്ങിയേക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com