

കൊച്ചി: ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലാണ് മലയാളികളുടെ പ്രിയ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ്. തുടരൻ പരാജയങ്ങളിലൂടെ മുന്നേറുന്ന ക്ലബ്ബിനെ ആരാധകരും കൈവിട്ട മട്ടാണ്. അതേസമയം, പുതിയ കോച്ചിന് കീഴിൽ ഗോൾ വരൾച്ച മാറ്റാൻ ലക്ഷ്യമിട്ട് ഞെട്ടിക്കുന്ന പുതിയൊരു സൈനിങ് നടത്തിയിരിക്കുകയാണ് ക്ലബ്ബ്.
ഐഎസ്എൽ സീസണിൽ ടീമിൻ്റെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തു പകരുന്നതിൻ്റെ ഭാഗമായി അർജൻ്റൈൻ വിങ്ങർ ഫ്രാൻസിസ്കോ ഫ്യൂലാസിയർ അബാലോയെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. 'ഫ്രാഞ്ചു' എന്നറിയപ്പെടുന്ന 27കാരൻ അർജൻ്റീനക്കാരൻ വിവിധ യൂറോപ്യൻ ലീഗുകളിൽ കളിച്ച മികച്ച പരിചയസമ്പത്തുമായാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.
സ്പെയിനിലെ കരുത്തരായ റയൽ മാഡ്രിഡിൻ്റെ യൂത്ത് സിസ്റ്റത്തിലൂടെയാണ് ഫ്രാഞ്ചു വളർന്നുവന്നത്. റയൽ മാഡ്രിഡ് കാസ്റ്റിയക്ക് വേണ്ടി കളിച്ച അദ്ദേഹം സ്പാനിഷ് സെഗുണ്ട ഡിവിഷൻ ബിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. തുടർന്ന് റായോ വല്ലക്കാനോ, എഫ്.സി ഫുവൻലാബ്രഡ, എസ്.ഡി ഐബർ, എഫ്.സി കാർട്ടജീന എന്നീ ക്ലബ്ബുകൾക്കായി സ്പാനിഷ് ലീഗിലെ വിവിധ ഡിവിഷനുകളിൽ അദ്ദേഹം പന്തുതട്ടി. സൈപ്രസിലെ കാർമിയോട്ടിസ്സ എഫ്‌സിയിലായിരുന്നു താരം അവസാനമായി കളിച്ചത്.
പ്രധാനമായും വിങ്ങർ സ്ഥാനത്ത് കളിക്കുന്ന ഫ്രാഞ്ചുവിന് രണ്ട് വിങ്ങുകളിലും ഒരുപോലെ തിളങ്ങാൻ കെൽപ്പുണ്ട്. പന്തിനു മേലുള്ള മികച്ച നിയന്ത്രണവും വേഗത്തിലുള്ള മുന്നേറ്റങ്ങളും ടീമിൻ്റെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്ത് പകരും.