മജീഷ്യൻ ലൂണ തിരിച്ചെത്തും; വിജയത്തുടർച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി കൊമ്പുകോർക്കും

ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി 7.30നാണ് കിക്ക് ഓഫ്.
മജീഷ്യൻ ലൂണ തിരിച്ചെത്തും; വിജയത്തുടർച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി കൊമ്പുകോർക്കും
Published on: 
Updated on: 

ഗുവാഹത്തി: പുതിയ മാനേജ്മെൻ്റിന് കീഴിൽ പുതിയ ഐഎസ്എൽ സീസണിനെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ രണ്ടാം മത്സരത്തിൽ നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി 7.30നാണ് കിക്ക് ഓഫ്.

സീസൺ ഓപ്പണറിൽ ഇൻ്റർ കാശിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ആധികാരിക ജയം നേടിയാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പോരാട്ടത്തിനെത്തുന്നത്. ക്യാപ്റ്റൻ വിബിൻ മോഹനനും അരങ്ങേറ്റ താരം ആന്ദ്രെ ഗ്രീനും ലക്ഷ്യം കണ്ട മത്സരത്തിൽ ജയത്തോടെ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്താനും ബ്ലാസ്റ്റേഴ്സിനായി. ആന്ദ്രെ ഗ്രീൻ, ജെയിംസ് ബോൾട്ടൺ, നെബോജ്ഷ കൊസോവിച്ച്, മുഹമ്മദ് സനാൻ, മോമോ യാൻസാനെ, പോൾ റാംഫാങ്സൗവ, സുമിത് ശർമ എന്നിവരുടെ അരങ്ങേറ്റത്തിനും ആദ്യ മത്സരം സാക്ഷ്യം വഹിച്ചിരുന്നു. കൊൽക്കത്തയിലെ മൂന്ന് ദിവസത്തെ തീവ്ര പരിശീലനത്തിന് ശേഷമാണ് ടീം ഗുവാഹത്തിയിൽ എത്തിയത്.

മറുവശത്ത് കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ 1-0ന് തോൽപ്പിച്ചതിൻ്റെ കരുത്തിലാണ് ജുവാൻ പെഡ്രോ ബെനാലിയുടെ കീഴിലിറങ്ങുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എത്തുന്നത്. ജിതിൻ എം.എസ്, അലാദ്ദീൻ അജറൈ എന്നിവരുടെ മുന്നേറ്റങ്ങളും പ്രതിരോധത്തിൽ അഷീർ അക്തറും ഗോൾവലയ്ക്ക് മുന്നിൽ ഗുർമീത് സിംഗും അടങ്ങുന്നതാണ് അവരുടെ കരുത്ത്.

KBFC training

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഹോം ടീം ആയതുകൊണ്ട് തന്നെ സ്വന്തം തട്ടകത്തിൽ ആക്രമിച്ച് കളിക്കാനാവും ശ്രമിക്കുകയെന്ന് ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ് പറഞ്ഞു. "കഴിഞ്ഞ കളിയിൽ മികച്ച വിജയം നേടിയതിനാൽ അവർക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. കളത്തിൽ പൂർണ അച്ചടക്കത്തോടെയും ഒത്തിണക്കത്തോടെയും പൊരുതി മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാവും ഞങ്ങളുടെ ദൗത്യം. ആദ്യ കളിയിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടാനുണ്ട്. ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും, ഗോളുകൾ നേടാനും സാധിച്ചതും, താരങ്ങൾ പൂർണ ഫിറ്റ്നസോടെ 90 മിനിറ്റും കളത്തിലിറങ്ങിയതും തീർച്ചയായും വലിയ പോസിറ്റീവുകളാണ്," ആഷ്‌ലി വെസ്റ്റ്‌വുഡ് പ്രതീക്ഷകൾ പങ്കുവച്ചു.

ആദ്യ മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടാനായത് മികച്ചൊരു തുടക്കമാണെന്ന് പ്രതിരോധ താരം ഐബൻ ഡോഹ്ലിംഗ് മാധ്യമങ്ങളോട് പറഞ്ഞു. "പുതിയ താരങ്ങൾ എത്തിയതോടെ പരസ്പരം സഹായിച്ച് പ്രതിരോധം കൂടുതൽ ശക്തമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. പരിചയസമ്പന്നനായ ജെയിംസ് ബോൾട്ടനെ പോലെയൊരു കളിക്കാരൻ്റെ സാന്നിധ്യം, കളത്തിനകത്തും പുറത്തും ഞങ്ങൾക്ക് വലിയൊരു കരുത്ത് തന്നെയാണ്. ഒത്തിണക്കത്തോടെ വീണ്ടും ക്ലീൻ ഷീറ്റ് നിലനിർത്തുക തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം," ഐബൻ ഗെയിംപ്ലാൻ വ്യക്തമാക്കി.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 25 തവണയാണ് ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ ഒൻപത് വിജയങ്ങളുമായി മുൻതൂക്കം കേരള ബ്ലാസ്റ്റേഴ്‌സിനാണ്. ആറ് മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചപ്പോൾ, പത്ത് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. കൊച്ചിയിൽ കഴിഞ്ഞ തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 1-1ന് സമനിലയിലാണ് മത്സരം അവസാനിച്ചത്. ഗുവാഹത്തിയിൽ വീണ്ടും ഇരു ടീമുകളും നേർക്കുനേർ എത്തുമ്പോൾ മത്സരം കൂടുതൽ വാശിയേറിയതാകും എന്നുറപ്പാണ്.

News Malayalam 24x7
newsmalayalam.com