യമാലിന് സ്പാനിഷ്-ചെക്ക് പോരാട്ടത്തിന് ഇറങ്ങാനാകില്ല; കാരണം ഇതാണ്

ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി ഇറങ്ങിയ 20 മത്സരങ്ങളിലും ആദ്യ ഇലവനിൽ തന്നെ കളിച്ച താരമാണ് യമാൽ. ഇതിനകം 17 ഗോളുകളും 13 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ച യമാലിന് വിശ്രമം അനുവദിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു
Lamine Yamal to Miss Spain Vs Czech Match
Published on: 
Updated on: 

മാഡ്രിഡ്: യുവ സൂപ്പർ താരം ലമീൻ യമാലിന് പരിക്കേറ്റത് സ്പാനിഷ് ദേശീയ ടീമിനും ബാഴ്‌സലോണയ്ക്കും തിരിച്ചടിയാകുന്നു. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് നേഷൻസ് ലീഗിൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ താരം കളിക്കില്ലെന്ന് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വരുന്ന വ്യാഴാഴ്ചയാണ് ചെക്ക് റിപ്പബ്ലിക്കിനെതിരായ സ്‌പെയിനിന്റെ പോരാട്ടം നടക്കുന്നത്.

പരിക്കേറ്റത് അത്‌ലറ്റികോ മാഡ്രിഡിനെതിരായ പോരാട്ടത്തിൽ

കഴിഞ്ഞ ഞായറാഴ്ച ലാ ലിഗയിൽ അത്‌ലറ്റികോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിനിടെയാണ് 19കാരനായ യമാലിന്റെ വലത് കാൽമുട്ടിന് പരിക്കേറ്റത്. കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ ബാഴ്‌സലോണ രണ്ടിനെതിരെ ഒരു ഗോളിന് വിജയിച്ചിരുന്നു. മത്സരത്തിൽ 90 മിനിറ്റും കളത്തിലിറങ്ങിയ യമാൽ, ഫെർമിൻ ലോപസ് നേടിയ വിജയഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബാഴ്‌സലോണ തങ്ങളുടെ ലീഡ് മൂന്ന് പോയിന്റാക്കി ഉയർത്തിയിരുന്നു.

മത്സരശേഷമാണ് താരത്തിന്റെ കാൽമുട്ടിന് പരിക്കേറ്റ വിവരം വ്യക്തമായത്. തുടർന്ന് ബാഴ്‌സലോണയിൽ തന്നെ വിദഗ്ധ ചികിത്സയ്ക്കായി താരം തുടരുമെന്നും, ഞായറാഴ്ച മാഡ്രിഡിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം മത്സരത്തിന് മുന്നോടിയായി ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫെഡറേഷൻ വ്യക്തമാക്കി. യമാലിന് പുറമെ പനി ബാധിച്ച റയൽ സോസിഡാഡ് സ്‌ട്രൈക്കർ മൈക്കൽ ഒയർസബാലും ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ കളിക്കില്ല. ഒയർസബാലും ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

തുടർച്ചയായ മത്സരങ്ങളും വർധിക്കുന്ന ജോലിഭാരവും

ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി ഇറങ്ങിയ 20 മത്സരങ്ങളിലും ആദ്യ ഇലവനിൽ തന്നെ കളിച്ച താരമാണ് യമാൽ. ഇതിനകം 17 ഗോളുകളും 13 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ച യമാലിന് വിശ്രമം അനുവദിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. കളിസമയം ശരിയായി നിയന്ത്രിച്ചില്ലെങ്കിൽ താരത്തിന്റെ കരിയറിനെ ബാധിക്കുമെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് പുതിയ പരിക്കിന്റെ വാർത്ത പുറത്തുവരുന്നത്.

കഴിഞ്ഞ സീസണിലും താരത്തിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് ബാഴ്‌സലോണയും സ്പാനിഷ് ഫെഡറേഷനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ സ്പാനിഷ് പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെ യമാലിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്ന് ബാഴ്‌സലോണ പരിശീലകൻ ഹാൻസി ഫ്‌ലിക്ക് പരസ്യമായി വിമർശിച്ചിരുന്നു. നവംബറിലെ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് താരം പിന്മാറിയപ്പോൾ ബാഴ്‌സലോണയിൽ നിന്നുള്ള ആശയവിനിമയത്തിലെ പോരായ്മകളിൽ ഫെഡറേഷൻ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 15-ാം വയസ്സിൽ ബാഴ്‌സലോണയിൽ അരങ്ങേറിയ ഈ കൗമാര താരം ഇതിനകം സീനിയർ ടീമിനായി 167 മത്സരങ്ങളും സ്പാനിഷ് ജേഴ്‌സിയിൽ 37 മത്സരങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു.

നേഷൻസ് ലീഗിൽ മുന്നേറാൻ സ്‌പെയിൻ

നേഷൻസ് ലീഗ് ഗ്രൂപ്പ് എ3യിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോക ചാമ്പ്യന്മാരായ സ്‌പെയിൻ. കളിച്ച നാലു മത്സരങ്ങളും വിജയിച്ച് 12 പോയിന്റുമായി സ്‌പെയിനാണ് ഗ്രൂപ്പിൽ ഒന്നാമത്. ചെക്ക് റിപബ്ലിക്കിനെതിരായ മത്സരത്തിൽ ജയിക്കുകയും, ഒമ്പത് പോയിന്റുമായി രണ്ടാമതുള്ള ഇംഗ്ലണ്ടിനെതിരെ സമനില നേടുകയും ചെയ്താൽ സ്‌പെയിനിന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത വർഷം മാർച്ച് മാസത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും. 2018-19 സീസൺ മുതൽ ആരംഭിച്ച നേഷൻസ് ലീഗിൽ 2022-23 വർഷത്തിൽ കിരീടം നേടിയ സ്‌പെയിൻ, കഴിഞ്ഞ തവണ പോർച്ചുഗലിന് പിന്നിൽ റണ്ണേഴ്‌സ് അപ്പായിരുന്നു.