
മേജർ ലീഗ് സോക്കർ ഫുട്ബോൾ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോളുകളുമായി ലയണൽ മെസ്സി തകർത്താടിയപ്പോൾ ഇൻ്റർ മയാമിക്ക് തുടർച്ചയായ രണ്ടാം ജയം. ന്യൂ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇൻ്റർ മയാമി വീഴ്ത്തിയത്. രണ്ട് ഗോളുകളും നേടിയത് നായകൻ ലയണൽ മെസ്സി തന്നെയായിരുന്നു.
ആവേശകരമായ മത്സരത്തിൻ്റെ 27ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ന്യൂ ഇംഗ്ലണ്ട് താരങ്ങളുടെ പ്രതിരോധ പിഴവ് മുതലെടുത്ത മെസ്സി അനായാസം പന്ത് വലയിലാക്കി. പിന്നാലെ 38ാം മിനിറ്റിൽ മെസ്സിയുടെ രണ്ടാം ഗോളും പിറന്നു. ഇത്തവണ സെർജിയോ ബുസ്കെറ്റ്സ് നൽകിയ ലോങ് പാസ് മെസ്സി വലയിലാക്കുകയായിരുന്നു.
80-ാം മിനിറ്റിൽ കാൾസ് ഗിൽ ന്യൂ ഇംണ്ടിനായി ആശ്വാസ ഗോൾ നേടി. അവസാന വിസിൽ വരെ സമനില ഗോളിനായി ന്യൂ ഇംഗ്ലണ്ട് താരങ്ങൾ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
എംഎൽഎസിൽ ഇതുവരെ 18 മത്സരങ്ങളിൽ നിന്ന് 10 വിജയങ്ങൾ നേടിയ ഇൻ്റർ മയാമി, 35 പോയിൻ്റുകളുമായി ടേബിളിൽ ആറാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞപ്പോൾ മൂന്ന് മത്സരങ്ങളിൽ മെസ്സിപ്പട പരാജയപ്പെട്ടു.
മെസ്സിയും കൂട്ടരും ശനിയാഴ്ച ഫോർട്ട് ലോഡർഡെയ്‌ലിലെ ചേസ് സ്റ്റേഡിയത്തിൽ നാഷ്‌വില്ലെ എസ്‌സിയെ നേരിടും.
മെസ്സിയെ സംബന്ധിച്ചിടത്തോളം ഈ പ്രകടനം മറ്റൊരു ചരിത്ര നാഴികക്കല്ലാണ്. എംഎൽഎസ് ലീഗ് ചരിത്രത്തിലാദ്യമായി തുടർച്ചയായ നാല് മത്സരങ്ങളിൽ ഒന്നിലേറെ ഗോളുകൾ നേടുന്ന ആദ്യ താരമായും മെസ്സി മാറി.
ഈ സീസണിൽ ക്ലബ്ബിനായി മെസ്സി 20 ഗോളുകൾ നേടിക്കഴിഞ്ഞു. ജൂൺ 29ന് മയാമി ക്ലബ് വേൾഡ് കപ്പിൽ നിന്ന് പുറത്തായതിന് ശേഷം എംഎൽഎസ് മത്സരങ്ങളിലേക്ക് ക്ലബ്ബ് തിരിച്ചെത്തിയിട്ടുണ്ട്.
മെസ്സി ടൂർണമെൻ്റിലും തൻ്റെ മികച്ച പ്രകടനം തുടരുകയാണ്. ന്യൂ ഇംഗ്ലണ്ടിനെതിരെ ഇപ്പോൾ അദ്ദേഹം ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.
2023ലെ വേനൽക്കാലത്ത് മയാമിയിൽ അരങ്ങേറ്റം കുറിച്ച ശേഷം ഏതെങ്കിലുമൊരു എംഎൽഎസ് ടീമിനെതിരെ അദ്ദേഹം സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന ഗോളാണിത്.